Jump to content

അനിരുദ്ധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
അനിരുദ്ധൻ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഒരു പുരാണ കഥാപാത്രമാണ് അനിരുദ്ധൻ. ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രൻ. അർജുനനിൽനിന്ന് ശസ്ത്രവിദ്യ അഭ്യസിച്ചു. ബാണാസുരന്റെ മകൾ ഉഷ, അനിരുദ്ധനിൽ അനുരക്തയായി. ഉഷയുടെ തോഴിയായ ചിത്രലേഖ യോഗശക്തി ഉപയോഗിച്ച് അനിരുദ്ധനെ ബാണന്റെ രാജധാനിയായ ശോണിതപുരത്തിലെത്തിച്ചു. ബാണനിയോഗപ്രകാരം ഏറ്റുമുട്ടിയ ഭടൻമാരെ അനിരുദ്ധൻ ഇരുമ്പുഗദകൊണ്ട് അടിച്ചുകൊന്നു. ബാണന്റെ മായാപ്രയോഗത്താൽ ബന്ധനസ്ഥനായി. ഇതറിഞ്ഞ് കൃഷ്ണനും ബലരാമനും പ്രദ്യുമ്നനും ശോണിതപുരത്തിലെത്തി ബാണനോടു യുദ്ധം ചെയ്തു. യുദ്ധദേവനായ സ്കന്ദനും ബാണന്റെ ദ്വാരപാലകനായ ശിവനും അസുരപക്ഷത്തെ സഹായിച്ചു. ഗരുഡനും പ്രദ്യുമ്നനും സ്കന്ദനെ തോല്പിച്ചു; കൃഷ്ണൻ ശിവനെയും. അങ്ങനെ ബാണൻ പരാജിതനായപ്പോൾ അനിരുദ്ധൻ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി.

ഈ ഇതിവൃത്തത്തെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ് വള്ളത്തോൾ നാരായണമേനോന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധൻ. വജ്രൻ എന്നൊരു പുത്രനുണ്ടായശേഷം അനിരുദ്ധൻ വിദർഭരാജാവായ രുക്മിയുടെ പൌത്രി രോചനയേയും പരിഗ്രഹിച്ചു.

യദുവംശത്തിൽത്തന്നെയുള്ള മറ്റൊരു അനിരുദ്ധനെക്കൂടി മഹാഭാരതത്തിൽ (ആദിപർവം) പരാമർശിക്കുന്നുണ്ട്. രണ്ടുപേരും പാഞ്ചാലീസ്വയംവരവേളയിൽ സന്നിഹിതരായിരുന്നു.

ഭാരതീയ തത്ത്വചിന്തയിൽ വളരെയേറെ പ്രാധാന്യമുള്ള ഒരു സങ്കല്പമാണ് അനിരുദ്ധൻ എന്നത്. അനിരുദ്ധന്റെ നാഭിയിൽ നിന്ന് ബ്രഹ്മനുണ്ടായി; രൌദ്രഭാവത്തിൽനിന്ന് ശിവനും. നരനും നാരായണനും ചേരുന്നതാണ് അഗോചരമായ അണു. ആ അണുവിൽനിന്ന് പ്രദ്യുമ്നൻ എന്ന മനസ്സ് ഉദ്ഭവിക്കുന്നു. അവിടെനിന്നും അനിരുദ്ധൻ അഥവാ അനിയന്ത്രിതനായ പ്രധാനൻ ജൻമമെടുക്കുന്നു. ബ്രഹ്മൻ എന്ന അഹംകാരത്തിന്റെ മൂലം ഈ പ്രധാനനാണ്. ബ്രഹ്മനിൽനിന്നുണ്ടാകുന്ന പുരുഷൻ വീണ്ടും അനിരുദ്ധനിൽ എത്തുന്നു. പരമമായ പ്രപഞ്ചശക്തി അനിരുദ്ധതനുസ്ഥിതമാണ്, അഥവാ ബന്ധിച്ചുനിർത്താനാവാത്ത രൂപത്തിലാണ് എന്നു സാരം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനിരുദ്ധൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനിരുദ്ധൻ&oldid=1689426" എന്ന താളിൽനിന്ന് ശേഖരിച്ചത്