Jump to content

രുക്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണൻ രുക്മിണിയെ അപഹരിക്കുന്നു

രുക്മീ(രുഗ്മി)ചരിതം

[തിരുത്തുക]

മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു ദുരന്തകഥാപാത്രമാണ് രുക്മി(രുഗ്മി ) . ഇദ്ദേഹം കൃഷ്ണന്റെ അളിയനും , രുക്മിണിയുടെ സഹോദരനുമായിരുന്നു. സകലരാലുമപമാനിക്കപ്പെട്ട് തിരസ്കൃതനായി ജീവിച്ചയിദ്ദേഹത്തെ, അവസാനം കൃഷ്ണസോദരനായ ബലരാമൻ വധിക്കുന്നു . ഭഗവാൻ കൃഷ്ണനും ഇദ്ദേഹത്തെ വളരെയധികമപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരനെന്ന പരിഗണന ഒരിടത്തുമിദ്ദേഹത്തിനു ലഭിക്കുന്നില്ല .

രുക്മി; കൌണ്ടിനപുരിയുടെ രാജാവായ ഭീഷ്മകന്റെ മൂത്തപുത്രനാണ് .ഇദ്ദേഹത്തിന്റെ മാതാവ് ഭീഷ്മകന്റെ പത്നിയായ സുഭദ്രയായിരുന്നു [ ശ്രീകൃഷ്ണന്റെ സോദരിയായ സുഭദ്രയല്ല ഈ സുഭദ്ര ]. ഇദ്ദേഹത്തിന്റെ അനുജത്തിയായി രുക്മിണി ജനിച്ചു . രുക്മിണി സാക്ഷാൽ മഹാലക്ഷ്മി തന്നെയാണ് . അപ്പോൾ ലക്ഷ്മിയുടെ ജ്യേഷ്ഠനെന്ന പദവിയാണ്‌ രുക്മിക്ക് .

രുക്മിയുടെ അഭിമാനവും ക്രോധവും പ്രശസ്തമാണ്.ജനനം മുതൽക്കുതന്നെ ഇദ്ദേഹം വലിയ അഭിമാനിയും സത്യവാനും കോപിഷ്ഠനും പരാക്രമിയുമായിരുന്നു. ഇദ്ദേഹത്തിനു അനുജത്തിയായ രുക്മിണിയോടു വളരെ വാത്സല്യമുണ്ടായിരുന്നു . ഭീഷ്മകന് സ്വന്തം മകന്റെ ധൈര്യത്തിലും , പരാക്രമത്തിലും , സത്യത്തിലും വലിയ മതിപ്പായിരുന്നു . ഇത്തരത്തിൽ രുക്മി നാടെങ്ങും പ്രശസ്തിയാര്ജിച്ചു.

വിദ്യാഭ്യാസം

[തിരുത്തുക]

ഭീഷ്മകന്റെ മകൻ എന്നുള്ള പരിഗണനയിൽ രുക്മിക്ക് പരശുരാമന്റെ ശിഷ്യത്വം ലഭിക്കുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് ബ്രഹ്മാസ്ത്രവും ഭർഗവാസ്ത്രവും ലഭിക്കുകയും ചെയ്തു. മറ്റൊരിക്കൽ രുക്മി ആയുധവിദ്യ പഠിക്കാനായി , രുക്മി ദ്രുമാഃ എന്ന ഒരു കിംപുരുഷപ്രവരന്റെ ശിഷ്യത്വം സ്വീകരിക്കുകയും , ധനുര്വേദം പഠിക്കുകയും ചെയ്തു .ദ്രുമാ, രുക്മിയുടെ വീര്യത്തിലും പ്രത്യേകിച്ച് ഗുരുത്വത്തിലും പ്രസന്നനായി . ഭാരതീയര്ക്ക് അജ്ഞാതമായ പലതരം രഹസ്യവിദ്യകളും രുക്മി അഭ്യസിച്ചു . അത്തരത്തിൽ , കർണനേക്കാളും മികച്ച യോധാവായി മാറി . ഈ രുക്മി കൃഷ്ണാർജ്ജുനന്മാരോട് എന്നും മനസ്സ് കൊണ്ട് മത്സരിച്ചിരുന്നു. ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് വിജയം എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു . ദേവകളുടെ പ്രശസ്തമായ 3 വില്ലികളിൽ ഒന്നായ ഈ ചാപം കൃഷ്ണന്റെ വൈഷ്ണ വില്ലിനും അർജ്ജുനന്റെ വില്ലിനും ഒപ്പം തേജസ് ഉള്ളതും കർണന്റെ വിജയം എന്നു പേരുള്ള ചാപത്തേക്കാളും ശ്രേഷ്ഠവും ആയിരുന്നു. ജരാസന്ധ സഹായി ആയി എന്നും നില കൊണ്ട് രുക്മി 17 വട്ടം യാദവരെ ആക്രമിക്കാൻ എത്തിയ ജരാസന്ധ സേനയിൽ പ്രധാനി ആയിരുന്നു.

കൃഷ്ണനും രുക്മിയും

[തിരുത്തുക]

ആ സമയത്താണ് , രുക്മിണിയെ കൃഷ്ണൻ അപഹരിക്കുന്നത് .രുക്മി ഇത് നല്ലൊരു അവസരമായി കരുതി . തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു കൃഷ്ണനെ തോല്പ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു .അതുകൊണ്ട് , തന്റെ ചാപം കയ്യിലെടുത്തു അദ്ദേഹം ഇങ്ങനെ പ്രതിജ്ഞ ചെയ്തു ." കൃഷ്ണനെ വധിച്ചു , രുക്മിണിയെയും കൊണ്ടല്ലാതെ ഞാൻ ഇനി കൌണ്ടിനത്തിൽ കാലു കുത്തുകയില്ല ." ഇത്രയും പറഞ്ഞു , രുക്മി കൃഷ്ണനോട് യുദ്ധത്തിനു പുറപ്പെട്ടു .കൃഷ്ണന്റെ പുറകെയെത്തിയ രുക്മി , അദേഹത്തെ കപടനെന്നും , പെണ്ണ്പിടിയനെന്നും അന്തസ്സ് ഇല്ലാത്തവനെന്നും പറഞ്ഞ് അപമാനിച്ചു .എന്നിട്ട് യുദ്ധം തുടങ്ങി .

യുദ്ധം

[തിരുത്തുക]

യുദ്ധത്തിൽ രുക്മിയുടെ തന്ത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു .ദ്രുമായോട് പഠിച്ച വിദ്യകളൊന്നും വിലപ്പോയില്ല .അവസാനം രുക്മി തോറ്റു . കൃഷ്ണൻ രുക്മിയെ മര്മ്മങ്ങള് തോറും എയ്തു വൃണപ്പെടുത്തി അപമാനിച്ചു .അവസാനം രുക്മിയെ കൊല്ലാനായി , അസ്ത്രം കയ്യിലെടുത്തപ്പോൾ , രുക്മിണി കരഞ്ഞുകൊണ്ട് ഭഗവാന്റെ കാലുപിടിച്ചു , "തന്റെ ജ്യേഷ്ഠ്ടനെ കൊല്ലരുതേ" എന്ന് നിലവിളിച്ചു .കൃഷ്ണൻ രുക്മിയെ വെറുതെ വിട്ടു .

അപമാനം

[തിരുത്തുക]

രുക്മിയെ കൊന്നില്ലെങ്കിലും , കൃഷ്ണൻ അദ്ദേഹത്തെ ഒരു വസ്ത്രം കൊണ്ട് പിടിച്ചു കെട്ടി .എന്നിട്ട് , അദ്ദേഹത്തിൻറെ തലമുടിയെ അവിടവിടെയായി വടിച്ച്‌ 5 കുടുമകള് ഉണ്ടാക്കി .മീശയെ ചിന്നഭിന്നമാകി വികൃതമാക്കി. ശേഷം പെണ്ണിൻറെ ദയവുകൊണ്ട് രക്ഷപ്പെടുന്നവനെന്നും , ആണത്തമില്ലാത്തവനെന്നും പറഞ്ഞു കളിയാക്കി .രുക്മി തീര്ത്തും അപമാനിതനായി . ഒടുവിൽ ബലരാമൻ വന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത് .

രുക്മിയും ശിവനും

[തിരുത്തുക]

കൃഷ്ണനാൽ അപമാനിതനായ രുക്മി , തിരികെ കൌണ്ടിനത്തില് പോയില്ല .അദ്ദേഹം അവിടെത്തന്നെ , ഒരു രാജ്യമുണ്ടാക്കി വസിച്ചു .അതാണ്‌ ഭോജകടം. പിന്നീട് രുക്മി ശിവനെ തപസ്സു ചെയ്തു .ശിവൻ പ്രത്യക്ഷനായി , ഒരു ചാപം നല്കി .എന്നാൽ ഈ ചാപം വിഷ്ണുവിനോട് വിലപ്പോവില്ലെന്നും , എന്നാലും രുക്മിക്ക് വിഷ്ണുവിൽ നിന്നല്ലാതെ മരണമുണ്ടാകില്ലെന്നും വരം നല്കി .

രുക്മീ തിരസ്കരണം

[തിരുത്തുക]

കൃഷ്ണനോട് തോറ്റ രുക്മിക്ക് , വീണ്ടും കൃഷ്ണനോട് സ്നേഹബന്ധം സ്ഥാപിച്ചു അഭിമാനം രക്ഷിക്കണം എന്ന് തോന്നി .ഇതറിഞ്ഞ കൃഷ്ണൻ രുക്മിയെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു . എന്നാലും ഇതറിഞ്ഞ പാണ്ഡവർ രുക്മിയെ ക്ഷണിച്ചു വരുത്തി ഉപച്ചരിച്ചു . ഈ സമയത്ത് അഭിമാനിയായ രുക്മി , അർജുനന് യുദ്ധത്തിൽ എപ്പോഴെങ്കിലും ഭയമുണ്ടായാൽ താൻ സഹായിക്കാം എന്ന് പറഞ്ഞു. അതുകേട്ടു അര്ജുനൻ കൃഷ്ണനെ നോക്കിയിട്ട് , രുക്മിക്ക് ചുട്ട മറുപടി നല്കി ." എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല .ഞാൻ ഒറ്റയ്ക്ക് അസുരന്മാരെ വധിച്ചു .ഗന്ധര്വ്വന്മാരെ തോല്പ്പിച്ചു , ദേവന്മാരെ തോല്പ്പിച്ചു .ആ എനിക്ക് എന്തിനാണ് നിന്റെ സഹായം ? " ഇത് ജനങ്ങളെല്ലാം അറിഞ്ഞു .രുക്മി വീണ്ടും അപമാനിതനായി . പിന്നീട് രുക്മി പോയത് , ദുര്യോധനന്റെ അടുത്താണ് .അവിടെച്ചെന്നു , അദ്ദേഹം ദുര്യോധനനെ സഹായിക്കാം എന്ന് പറഞ്ഞു .എന്നാൽ "അര്ജുനന്റെ ഉചിഷ്ട്ടം താൻ സ്വീകരിക്കില്ല " എന്ന് പറഞ്ഞു ദുര്യോധനനും രുക്മിയെ അപമാനിച്ചു . നാണംകെട്ട രുക്മി , ഭോജകടത്തിൽ പോയി വസിച്ചു .

സകലരോടും അമര്ഷംകൊണ്ട രുക്മി , ഭോജകടത്തില് ഒതുങ്ങിക്കഴിഞ്ഞു.സ്വന്തം രാജ്യത്തിലെ പ്രജകള് പോലും അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് സംസാരിച്ചു .ഇതും രുക്മിക്ക് അരോചകമായി .

രുക്മിയുടെ മരണം

[തിരുത്തുക]

രുക്മി കൃഷ്ണനാലും പാണ്ഡവരാലും തീർത്തും അപമാനിതനായെങ്കിലും അദ്ദേഹം തന്റെ മകളെ കൃഷ്ണന്റെ പുത്രനായ പ്രദ്യുമ്നനാണ് വിവാഹം കഴിച്ചു നൽകിയത് . സ്വയംവരത്തിൽ വച്ച് പ്രദ്യുമ്നൻ രുക്മിയുടെ പുത്രിയാൽ സ്വയംവരിക്കപ്പെടുകയായിരുന്നു . രുക്മിപുത്രി രഹസ്യമായി പ്രദ്യുമ്നനെ സ്നേഹിച്ചിരുന്നതാണ് കാരണം . രുക്മി ഇതറിഞ്ഞെങ്കിലും എതിരഭിപ്രായമൊന്നും പറഞ്ഞില്ല . രുക്മിയുടെ പുത്രിയിൽ പ്രദ്യുമ്നന് അനിരുദ്ധൻ എന്ന പുത്രനുണ്ടായി . അനുരുദ്ധനാകട്ടെ , രുക്മിയുടെ പൗത്രിയായ ( മകന്റെ പുത്രി ) രുക്മാവതിയാൽ സ്വയംവരത്തിൽ വച്ച് വരിക്കപ്പെട്ടു .ഇത്തരത്തിൽ സർവ്വ തരത്തിലും കൃഷ്ണന്റെ കുലബന്ധുവായി മാറിയ രുക്മി , അനിരുദ്ധന്റെ വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി , കൃഷ്ണനിൽ നിന്നും തനിക്കേറ്റ അപമാനം മറയ്ക്കുവാൻ പരിശ്രമിച്ചു . രുക്മി കൃഷ്ണനോടുള്ള വൈരം വിസ്മരിച്ചു . എങ്കിലും തനിക്കേറ്റ അപമാനഭാരം അദ്ദേഹത്തിൻറെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു . ഈ വിവരം അദ്ദേഹത്തിൻറെ സുഹൃത്തായ കലിംഗരാജാവിനു അറിയാമായിരുന്നു .

അനിരുദ്ധന്റെ വിവാഹവേദിയിൽ വച്ച് രുക്മിയുടെ ദുരവസ്ഥ കണ്ടു മനസ്സലിഞ്ഞ കലിംഗ രാജാവ് ,രുക്മിയെ സമീപിച്ചു , ബലരാമനെ ചൂതിനു വിളിക്കാൻ ഉപദേശിച്ചു . ബലരാമന് ചൂത് വലിയ നിശ്ചയമില്ലെന്നും , അതിനാൽ , ചൂതില് തോല്പ്പിച്ചു അപമാനിക്കാമെന്നും അറിയിച്ചു . ഇതനുസരിച്ച് ,ബലരാമൻ ചൂതിനു വന്നു . ഓരോ കളിയിലും ബലരാമൻ തോറ്റു. അവസാനം ഒരു കോടി നിഷ്ക്കം പണയം വച്ച് ഒരു കളി നടത്തി . അതില് ബലരാമൻ ജയിക്കുന്നു . എന്നാൽ രുക്മി സമ്മതിച്ചില്ല . ഞാൻ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞു രുക്മി അട്ടഹസിച്ചു .കലിംഗ രാജാവും ഇതിനെ അനുകൂലിച്ചു. ആ സമയം ഒരു അശരീരി കേട്ടു." മഹാനായ ബലരാമാനാണ് ജയിച്ചത്‌ ." എന്നിട്ടും രുക്മി അംഗീകരിച്ചില്ല . ഇതിൽ കോപം പൂണ്ട ബലരാമൻ , ഒരു ഇരുംപുലക്കയെടുത്തു , രുക്മിയെ തല്ലിക്കൊന്നു .

രുക്മിയുടെ മരണത്തിൽ , ദുഖിതയായ രുക്മിണിയെ, കൃഷ്ണൻ സാന്ത്വനിപ്പിച്ചു .

കൃഷ്ണസഹോദരനായ ബലരാമൻ ചൂതാട്ടത്തിനിടയിൽ രുക്മിയെ വധിക്കുന്നു

രുക്മിയുടെ പൂര്വ്വജന്മം

[തിരുത്തുക]

രുക്മി പൂവ്വജന്മത്തിൽ , ക്രോധവശൻ എന്ന അസുരനായിരുന്നു . അതുകൊണ്ടാകാം , കൃഷ്ണൻ പോലും രുക്മിയുടെ വധം ആഗ്രഹിച്ചത്‌ . ഭഗവാന്റെ ഉദ്ദേശം തന്നെ അസുരനിഗ്രഹം ആയിരുന്നല്ലോ.കൂടാതെ തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു ജനങ്ങളുടെ കയ്യടി വാങ്ങണമെന്ന ആഗ്രഹമാണ് രുക്മിയില് മുന്നിട്ടു നിന്നത് . അഭിമാനിയായ രുക്മി , തികഞ്ഞൊരു " ദുരഭിമാനിയും " കൂടയായിരുന്നു എന്ന് വേണം കരുതാൻ . അതുകൊണ്ടാണല്ലോ ഇത്രയധികം മര്ക്കടമുഷ്ട്ടിയും മറ്റും കാണിക്കുന്നത് .അതുകൊണ്ടാകാം , ശ്രീകൃഷ്ണൻ രുക്മിയെ വെറുത്തത് .കൂടാതെ ബലരാമനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചപ്പോഴാണ് രുക്മിക്ക് മരണമുണ്ടായത് എന്നതും ഓർക്കേണ്ടതാണ്.

രുക്മിയുടെ പൂർവ്വജന്മം മറ്റൊരു കഥ

[തിരുത്തുക]

മുൻപ് ഒരു കലിയുഗത്തിൽ ഭഗവാൻ മഹാവിഷ്ണു ജിതൻ എന്ന ഒരു സന്യാസിയായി അവതാരമെടുത്തു . ആരോടും ഒന്നും ഉരിയാടാതെ സദാ വേദചിന്തനവുമായി കഴിഞ്ഞിരുന്ന ജിതനെ ആൾക്കാർ മന്ദബുദ്ധിയെന്നാണ് ധരിച്ചിരുന്നത് . ജിതന്റെ പിതാവ് അവിടത്തെ ഒരു നാടുവാഴിയും , അമ്മാവൻ ധനാഢ്യനായ വ്യാപാരിയുമായിരുന്നു . നാടുവാഴിയായ പിതാവിനോടുള്ള ബഹുമാനവും ഭക്തിയും കാരണം അമ്മാവനായ വജ്രബാഹു ജിതനെ ആദ്യമൊക്കെ വളരെയേറെ സ്നേഹിച്ചിരുന്നു . തന്റെ മകളെ അദ്ദേഹം ജിതനു വിവാഹം കഴിച്ചു നൽകുമെന്ന് ജിതന്റെ പിതാവിന് വാക്ക് കൊടുത്തിരുന്നു . എന്നാൽ വജ്രബാഹുവിന്റെ പുത്രനായ സ്തോമയഷ്ടി , തന്റെ സുഹൃത്തായ ഒരു രാജകുമാരന് തന്റെ സഹോദരിയെ നൽകാനാണ് ആഗ്രഹിച്ചത് . ഇതിനിടെ ജിതന്റെ സ്വഭാവം പുറത്താവുകയും നാടുവാഴിയുടെ മകൻ മന്ദബുദ്ധി ആണെന്ന് നാട്ടിൽ പാട്ടാവുകയും ചെയ്തു . അതോടെ ജിതന്റെ വിവാഹം മുടങ്ങി . ഈ വ്യസനത്താൽ നാടുവാഴി രോഗം പിടിപെട്ടു കിടപ്പിലായി . മരണക്കിടക്കയിൽ വച്ച് ആ നാടുവാഴി ജിതന്റെ അമ്മാവനായ വജ്രബാഹുവിനോട് തന്റെ രാജ്യം ഏറ്റെടുക്കാനും ഒരേയൊരു മകനായ ജിതനെ നോക്കിക്കൊള്ളണമെന്നും പറഞ്ഞേൽപ്പിച്ചു . പിതാവിന്റെ മരണശേഷം ജിതന്റെ രാജ്യവും സമ്പത്തും മുഴുവൻ അമ്മാവനായ വജ്രബാഹുവും അളിയനായ സ്തോമയഷ്ടിയും കൈക്കലാക്കി .

തുടർന്ന് ജിതൻ തനിക്കു വിവാഹം ചെയ്തു തരാമെന്നു പിതാവിന് വാക്കു കൊടുത്തിരുന്ന കന്യകയെ ചോദിക്കുകയും അവളുമായി താൻ എവിടേക്കെങ്കിലും പൊയ്ക്കൊള്ളാമെന്നു പറയുകയും ചെയ്തു .

വജ്രബാഹു ജിതനെ സംരക്ഷിക്കാൻ തയ്യാറായി . അദ്ദേഹം പറഞ്ഞു . കുഞ്ഞേ നീ മന്ദബുദ്ധി ആണ് . ബുദ്ധിമതിയായ എന്റെ മകൾ നിനക്ക് ചേരില്ല . കൊട്ടാരത്തിൽ നിന്നോളൂ . ചിരകാലം ഭക്ഷണം തരാം .

എന്നാൽ ഇതുകേട്ട് സ്തോമയഷ്ടി ജിതനെ ഇങ്ങനെ പരിഹസിച്ചു .

" എടോ മന്ദബുദ്ധീ ... നിനക്ക് എന്റെ സഹോദരിയെ തരാനോ ... നിന്റെ രാജ്യം ഇപ്പോൾ എന്റേതാണ് . വേണമെങ്കിൽ എന്നെ യുദ്ധം ചെയ്തു ജയിച്ചിട്ടു എന്റെ പൊന്നു പെങ്ങളെ കൊണ്ടുപോകൂ വിഡ്ഡീ . അപ്പൻ കൈവിട്ട സ്വത്തു പിടിയ്ക്കാൻ കണ്ട ഉപായം കൊള്ളാം ... കടന്നു പോ പുറത്തു . ഇവനെ ആരും സഹായിച്ചു പോകരുത് . സഹായിക്കുന്നവന്റെ കൈവെട്ടും ..."

ഇത് കേട്ട് ജനങ്ങൾ മൂക്കത്തു വിരൽ വച്ചു . സ്തോമയഷ്ടി ഉത്തമ സഹോദരനാണെന്നും , സഹോദരിയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവനെന്നും ആൾക്കാർ പുകഴ്ത്തി . ജിതൻ വളരെയേറെ അപമാനിക്കപ്പെട്ടു .ലീലയാ കരഞ്ഞുകൊണ്ട് ആ പാവം വേദചിന്തനവുമായി അലഞ്ഞുതിരിഞ്ഞു . ഒടുവിൽ ഹിമാലയത്തിൽ എത്തി ശിവനെ തപസ്സു ചെയ്തു സിദ്ധി നേടി , മുനിയായി മാറി .

ഈ മുനി അടുത്ത ജന്മത്തിൽ ധർമ്മദേവന്റെ കുലത്തിൽ പിറന്നു . അപ്പോൾ ഇദ്ദേഹത്തെ നാരായണമുനി എന്ന് അറിയപ്പെട്ടു . ഈ മുനിയാണ് കൃഷ്ണനായി ജനിച്ചത് .പഴയ സ്തോമയഷ്ടിയാണ് രുക്മി . വജ്രബാഹു ആണ് രുക്മിയുടെ പിതാവായ ഭീഷ്മകൻ . [ മഹത്പുരണം , ജ്ഞാനവല്ലി , ഖണ്ഡം 6 ]

അവലംബം

[തിരുത്തുക]

[1] [2] [3]

  1. [http://www.sacred-texts.com/hin/m05/m05159.htm ] Ganguly's translation of mahabharatha.
  2. [http://www.kasarabada.org/bhagavatam%2062.html ] bhagavatham dashamaskandam chapter61.
  3. [ബ്രഹ്മവൈവർത്ത പുരാണം dc books , 18 puranas series] ബ്രഹ്മവൈവർത്ത പുരാണം ശ്രീകൃഷ്ണ ജന്മഖണ്ഡം , അദ്ധ്യായങ്ങൾ 105 മുതൽ 109 വരെ.
"https://ml.wikipedia.org/w/index.php?title=രുക്മി&oldid=4116242" എന്ന താളിൽനിന്ന് ശേഖരിച്ചത്