Jump to content

പി.എം. കുഞ്ഞിരാമൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞിരാമൻ നമ്പ്യാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിരാമൻ നമ്പ്യാർ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിരാമൻ നമ്പ്യാർ (വിവക്ഷകൾ)
പി.എം.കുഞ്ഞിരാമൻ നമ്പ്യാർ
പി.എമ്മും ഭാര്യ പാർവതിയമ്മ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി. കുഞ്ഞിരാമൻ കിടാവ്
മണ്ഡലംകൊയിലാണ്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1905-07-30)ജൂലൈ 30, 1905
ചെറുകുന്ന്, കണ്ണൂർ ജില്ല
മരണംനവംബർ 25, 1998(1998-11-25) (പ്രായം 93)
ചെറുകുന്ന്, കണ്ണൂർ ജില്ല
രാഷ്ട്രീയ കക്ഷിപി.എസ്.പി.
പങ്കാളിപാർവതിയമ്മ
കുട്ടികൾSatya Nambiar, Brigadier. Theeyarath Jayaraman, Gopinathan Nambiar, Rajan nambiar, Sudha Nambiar and Sathi Nambiar
As of ഒക്ടോബർ 19, 2011
ഉറവിടം: നിയമസഭ

കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം 1939-ൽ കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചതിനുശേഷം തകർ‍ച്ചയിലാണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെ പുനഃസംഘടിപ്പിയ്ക്കുന്നതിനു് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു പി.എം.കുഞ്ഞിരാമൻ നമ്പ്യാര്[1]. പട്ടം താണുപിള്ള മുഖ്യമന്ത്രിയായപ്പോൾ ഭരണകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലേയ്ക്കു് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].

ജനനവും ബാല്യവും

[തിരുത്തുക]

1905 ജൂലായ് 30-ആം തിയ്യതിയാണ് കുഞ്ഞിരാമൻ നമ്പ്യാർ ഭൂജാതനായത്. കണ്ണൂർ ജില്ലയിലുള്ള അഴീക്കോട് അംശത്തിലുള്ള പുതിയ മുണ്ടയാട്ട് എന്ന നമ്പ്യാർ തറവാട്ടിലായിരുന്നു ജനനം. കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്. കുണ്ടൻ എഴുത്തച്ഛൻ എന്ന പേരിലറിയപ്പെടുന്ന പി. കെ. കണ്ണൻ നമ്പ്യാരുടേയും പുതിയ മുണ്ടയാട്ട് മാണിക്കം എന്നവരുടെയും മകനാണ് കുഞ്ഞിരാമൻ നമ്പ്യാർ. ഒരു വയസ്സ് പ്രായമാകുന്നതിനു മുൻപു തന്നെ കുഞ്ഞിരാമൻ നമ്പ്യാരുടെ അമ്മ മരിച്ചുപോയിരുന്നു. പിന്നെ അദ്ദേഹത്തെ വളർത്തിയത് വലിയമ്മയും അവരുടെ മകൾ ശ്രീദേവി അമ്മയും ആയിരുന്നു. ജ്യേഷ്ഠത്തി അമ്മയോടു തനിക്കുണ്ടായിരുന്നു സ്നേഹ ബഹുമാനങ്ങൾ, പിൽകാലത്ത് പി.എം. പല പ്രാവശ്യം അനുസ്മരിച്ചിട്ടുണ്ട്.

ആദ്യകാല വിദ്യാഭ്യാസം

[തിരുത്തുക]

അഞ്ചാം വയസ്സിൽ പി.എമ്മിനെ കുലപരദേവതയുടെ മുന്നിൽ വച്ച് അരിയിലെഴുതിച്ച് വിദ്യാരംഭം കുറിച്ചത് അഴീക്കോട് രാമനെഴുത്തച്ഛനായിരുന്നു. ആ കൊല്ലം തന്നെ മാണിക്കോത്ത് അപ്പു നമ്പ്യാരെഴുത്തച്ഛന്റെ വകയായുള്ള അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ (ഇന്നത്തെ യു.പി. സ്കൂൾ) കുഞ്ഞിരാമൻ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചാം ക്ലാസ്സ് ജയിച്ചശേഷം കച്ചേരിപ്പറയെന്ന സംസ്കൃത പാഠശാലയിലാണ് പിന്നെ പഠനം തുടർന്നത്. ഇന്ന് അപ്രതിമ സാഹിത്യ നിരൂപകനായ ശ്രീ. സുകുമാർ അഴീക്കോടിന്റെ പിതാവ് വിദ്വാൻ ദാമോദരൻ മാസ്റ്റർ അടക്കം പല സംസ്കൃത പണ്ഡിതരും ആ സ്കൂളിന്റെ ഭാഗമായിരുന്നു. രണ്ട് വർഷത്തെ സംസ്കൃത പഠനത്തിനു ശേഷം ചിറക്കൽ രാജാവിന്റെ മാനേജ്മെന്റിലുള്ള രാജാസ് ഹൈസ്കൂളിലാണ് അദ്ദേഹം പിന്നെ പഠനം തുടർന്നത്. കുഞ്ഞിരാമൻ എട്ടാംതരം പൂർത്തിയാക്കിയശേഷം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ (ഇന്നത്തെ ഗവർമെന്റ് ഹൈസ്കൂൾ) വിദ്യാർത്ഥിയായി. സതീർത്ഥ്യരായ ബാലകൃഷ്ണൻ, കേശവൻ മുതലായ സിദ്ധസമാജവിദ്യാർത്തികളോടൊപ്പം ഒരു ദിവസം വിദ്യാഭ്യാസത്തിനു വിരാമമിട്ടുകൊണ്ട് നാടും വീടും വിട്ടു ആരോരുമറിയാതെ തെക്കൻ കർണ്ണാടകത്തിലെ ഉഡുപ്പി പട്ടണത്തിലെത്തി. ഇത് വീട്ടിൽ വലിയ കോളിളക്കമുണ്ടാക്കി. തന്നെ വളരെയധികം സ്നേഹിച്ചിരുന്ന കാരണവർ ഗോവിന്ദൻ നമ്പ്യാർ മരുമകനെ അന്വേഷിച്ച് ഉഡുപ്പിയിലെത്തി മരുമകനേയും കൂട്ടി നാട്ടിലേയ്ക്ക് മടങ്ങി. പി.എം വീണ്ടും കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ ചേർന്ന് പഠനം തുടർന്ന് സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായതിനുശേഷം ഉപരിപഠനാർത്ഥം മംഗലാപുരം സെന്റ് അലൂഷ്യസ്സ് കോളേജിൽ ഇനർമീഡിയറ്റ് വിദ്യാർത്ഥിയായി ചേർന്നു.

കോളേജ് വിദ്യാഭ്യാസം

[തിരുത്തുക]

കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് പി.എം. രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. സൈമൺ കമ്മീഷനെതിരേ രാജ്യമൊട്ടാകെ അലയടിച്ച പ്രക്ഷോഭത്തിൽ പി.എം.കുറേ കോളേജ് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൈമൺ കമ്മീഷൻ ബഹിഷ്കരണരംഗത്തേക്കിറങ്ങി. ഇത് അദ്ദേഹത്തിനെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്യാൻ ഇടയാക്കി. സസ്പെൻഷൻ പിൻവലിച്ചതിനുശേഷം അദ്ദേഹം വിദ്യാഭ്യാസം തുടർന്നുവെങ്കിലും രണ്ടാംവർഷം ജിംനാസ്റ്റിക്ക് പരിശീലനത്തിനിടയിൽ ബാറിൽ നിന്നു വീണതുകാരണം കഠിനമായ ദേഹാസ്വാസ്ഥ്യത്തോടെ നാട്ടിലേയ്ക്ക് മടങ്ങി ചികിത്സയിലായി. അതോടെ അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസം അവസാനിച്ചു.

എങ്കിലും പി.എം. രാഷ്ട്രീയപ്രവർത്തനം തുടർന്നു. പഴയ കുടുംബങ്ങളിൽ വ്യക്തികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അന്ന് അചിന്ത്യമായിരുന്നു. മരുമകൻ കുഞ്ഞിരാമൻ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ടെന്നും പ്രസംഗങ്ങളെല്ലാം ബ്രിട്ടീഷ് ഗവർമെന്റിനെതിരായും കോൺഗ്രസ്സിനു വേണ്ടിയും ആണെന്നും മനസ്സിലായപ്പോൾ അമ്മാവന് ഏറെ മനക്ലേശമുണ്ടായി. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അമ്മാവനുണ്ടായ മാനസിക വിഷമം മനസ്സിലാക്കി പി.എം. അഴീക്കോട് സൗത്ത് എലിമെന്ററി സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു.

ഗാന്ധിയൻ കാലഘട്ടം

[തിരുത്തുക]

കോളേജ് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നതോടെ പി.എം. കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങി. തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ അനീതികൾക്കെതിരായും മദ്യവർജ്ജനം, ഖാദിപ്രചാരണം എന്നീ പരിപാടികളിലും തന്റെ കഴിവുകൾ അദ്ദേഹം വിനിയോഗിച്ചു. പന്തിഭോജനം, പൊതുവഴികളിലൂടെ ഹരിജനങ്ങളെ കൂട്ടി ജാഥനടത്തൽ, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ മുതലായ പരിപാടികളിൽ അദ്ദേഹം സജീവമായി. അക്കാലത്ത് ഒരു ഈഴവന്റെ കല്യാണത്തിൽ പങ്കെടുത്തതിനു കാരണവർ താളിക കൊണ്ട് എറിഞ്ഞ് പി.എമ്മിന് നെഞ്ചിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

1924 ഡിസംബർ 20-ആം തിയ്യതി പഴയങ്ങാടിക്കടുത്തുവെച്ച് ചേർന്ന വമ്പിച്ച ഹരിജൻ സമ്മേളനത്തിൽ പി.എമ്മിന്റെ നേതൃത്വത്തിൽ അഴീക്കോടുനിന്നും ഹരിജനങ്ങളുടെ ഒരു കാൽനടജാഥ, യാഥാസ്ഥിതികരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട് വളപട്ടണം പുഴ കടന്ന് ഏകദേശം പത്ത് നഴികയോളം സഞ്ചരിച്ച് സമ്മേളനസ്ഥലത്തെത്തിച്ചേർന്നു. ഖാദിപ്രചരണാർത്ഥം പി.എം. തന്റെ സഹപ്രവർത്തകരുടെ സഹകരണത്തോടെ ചർക്കാക്ലാസ്സുകൾ സ്ഥാപിച്ച് നൂൽനൂൽപ്പ്, നെയ്ത്ത്, വീടുകൾ തോറും നടന്നുള്ള ഖദർവസ്ത്രവിൽപ്പന എന്നീ പരിപാടികളും സജീവമായി നടത്തി.1930 ജനുവരി 26-ന് ഇന്ത്യ ഇദംപ്രഥമമായി കൊണ്ടാടിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ വിളക്കുംതറ മൈതാനിയിൽ സ്കൂൾമാസ്റ്ററായ പി.എം. ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉദ്ഘാടന യോഗമായി കണക്കാക്കപ്പെറുന്നു.

1930 മാർച്ച് 12-ആം തിയതി മഹാത്മജി ദണ്ഡി യാത്ര ആരംഭിച്ചു. കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായ കേളപ്പജി 1930-ൽ വടകര വച്ചുചേർത്ത കോൺഗ്രസ്സ് സമ്മേളനം കേരളത്തിൽ ഉപ്പു സത്യാഗ്രഹമാരംഭിക്കാനുള്ള തീരുമാനമെടുത്തു. പയ്യന്നൂരായിരുന്നു ഉപ്പു സത്യാഗ്രഹത്തിനുള്ള പറനിലം. ആ വർഷം ഏപ്രീൽ 13-ന് സത്യാഗ്രഹസംഘം കേളപ്പജിയുടെ നേതൃത്വത്തിൽ കാൽനട യാത്ര തുടർന്ന്, വഴി നിളെ ഏർപ്പെടുത്തിയിരുന്ന സ്വീകരണയോഗങ്ങളിൽ പങ്കെടുത്ത് 21-ന് പയ്യന്നൂരിലെത്തി. സത്യാഗ്രഹജാഥ അഴീക്കോട് വഴിയാക്കാൻ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സന്നദ്ധടന്മാർ കേളപ്പജിയോട് അഭ്യർത്ഥിച്ചു. ഇതിനോടനുബന്ധിച്ച് അഴീക്കോട് വച്ച് ഉപ്പ്നിയമം ലംഘിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് പി.എം. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് അരവർഷത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചത്. കണ്ണൂർ സെൻടൽ ജയിലിൽ വെറും സി ക്ലാസ്സു തടവുകാരനായി ജയിൽവാസമനുഷ്ഠിക്കേണ്ടിവന്നു. ഗാന്ധി ഇർവിൻ സന്ധി സംബന്ധിച്ചുണ്ടായ നീക്കുപോക്കുകളുടെ ഫലമായി, മറ്റു സഹതടവുകാരോടൊപ്പം, അദ്ദേഹം പതിനൊന്നു മാസത്തെ ജയിൽ ജീവിതത്തിനു ശേഷം മോചിതനായി.

1931-ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ആക്റ്റിങ്ങ് പ്രസിഡന്റായിരുന്ന സരോജനി ദേവിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് അവരെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയയാക്കി. ഇതിൽ പ്രതിഷേധിക്കാൻ പി.എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂർ വിളക്കുംതറ മൈതാനിയിൽ വമ്പിച്ചൊരു പ്രതിഷേധ യോഗം ചേർന്നു. പോലീസുകാർ ജാഥയ്ക്കുനേരെ ചാടിവീണു ലാത്തിച്ചാർജ്ജ് ചെയ്ത് ആളുകളെ പിരിച്ചുവിട്ടു. 144 ലംഘിച്ചുവെന്നതിനു പുറമേ വേറെ വകുപ്പുകൾ കൂടി ചേർത്ത് രണ്ടര വർഷക്കാലത്തേയ്ക്ക് പി.എമ്മിനെ ഇതിനാൽ ശിക്ഷിച്ചു. കണ്ണുർ, മധുര, കടലൂർ ജയിലുകളിൽ മുഴുവൻ ശിക്ഷാകാലവും അദ്ദേഹം കഴിച്ചുകൂട്ടി. 1934-ൽ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

അദ്ധ്യാപകപ്രസ്ഥാനം

[തിരുത്തുക]

ഇന്നത്തെ കണ്ണൂർ ജില്ലയിലായിരുന്നു ആദ്യത്തെ അദ്ധ്യാപകസംഘടന രൂപീകൃതമായത്. മലബാറിന്റെ മറ്റു ഭാഗങ്ങളിലും പ്രാദേശികമായും താലൂക്കടിസ്ഥാനത്തിലും സംഘടനകൾ രൂപം കൊള്ളുവാൻ തുടങ്ങി. ചിറക്കൽ, കുറുമ്പ്രനാട്, കോട്ടയം താലൂക്കുകളിലെ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് 1934-ൽ ഒരേകീകൃത എയിഡഡ് സ്കൂൾ അദ്ധ്യാാപകയൂനിയൻ നിലവിൽ വന്നു. പി.എം പ്രസിഡന്റും, പി.ആർ നമ്പ്യാർ സിക്രട്ടറിയും, ടി.സി നാരായണൻ നമ്പ്യാർ, കെ.വി. കൃഷ്ണൻ എന്നിവർ ജോയന്റ് സിക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ആദ്യമായി രൂപീകൃതമായത്. 1935-ൽ തലശ്ശേരിയിൽ വച്ച് കെ.വി. രാമൻ മേനോന്റെ അദ്ധ്യക്ഷതയിൽ ഒന്നാം വാർഷിക സമ്മേളനം നടന്നു. 1936-ൽ വടകര വച്ച് നടന്ന രണ്ടാം വാർഷികസമ്മേളനത്തിൽ പി.എം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പി.എസ്സ് വാരിയർ വൈസ് പ്രസിഡന്റും, പി.ആർ. നമ്പ്യാർ ജനറൽ സിക്രട്ടറിയും, ശി.സി. നാരായണൻ നമ്പ്യാർ, കെവി കൃഷ്ണൻ എന്നിവർ ജോയിന്റ് സിക്രട്ടറിമാരുമായിരുന്നു. പ്രസ്തുത യൂനിയൻ മലബാർ എയിഡഡ് സ്കൂൾ അദ്ധ്യാപക യൂണിയന്റെ (കേ.എ.പിടി.) ഭരണഘടന അംഗീകരിച്ചു. 1939 അഗസ്റ്റിൽ സംഘടനയ്ക്ക് ഗവർമെന്റ് അംഗീകാരം നൽകി.

മുൻകൂർ നോട്ടീസ് നൽകാതെ അദ്ധ്യാപകരെ പിരിച്ച് വിടുന്നതിനെതിരേ 1939 സപ്റ്റംബർ 25-ന് എയിഡഡ് സ്കൂൾ അദ്ധ്യാപകയൂനിയൻ ഒരു ദിവസത്തെ ഹർത്താൽ അനുഷ്ഠിച്ചു. ഇന്ത്യയിലെ തന്നെ അദ്ധ്യാപകപ്രസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. അതേ വർഷം ഫിബ്രവരിയിൽ ഗവർമെന്റ് ഒരുത്തരവു മുഖേന 'ഗുരുജനസമാജങ്ങൾ' രൂപീകരിക്കുവാൻ ആവശ്യപ്പെട്ടു. സഞ്ജയന്റെ ഭാഷയിൽ 'ശനിയൻ സഭ' എന്ന പേരിലാണ് ഗുരുജനസമാജം അറിയപ്പെട്ടത്. ഡപ്യൂട്ടി ഇൻസ്പെകടർരുടെ (എ.ഇ.ഒ‌) പരിധിയിൽ വരുന്ന സ്കൂളുകളിലെ അദ്ധ്യാപകരും, മാനേജർമാരു, മാസംതോറും ഒരു ശനിയാഴ്ച യോഗം ചേരണമെന്നാണ് നിർദ്ദേശം. ഇതിനെതിരേ അദ്ധ്യാപകയൂണിയൻ സമരം തുടങ്ങി. സമരത്തിൽ പങ്കെടുത്തതിനു അനേകം അദ്ധ്യാപകർമാർ അറസ്റ്റ് ചെയ്യപ്പെട്ടു. പല അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റുകൾ സസ്പെന്റ് ചെയ്യപ്പെടുകയും ചെയ്തു. പി.എം താൻ പ്രവൃത്തിയെടുത്തിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സൂൾ ഗെയിറ്റിൽ മലർന്ന് കിടന്ന് പിക്കറ്റിങ്ങ് ആരംഭിച്ചു. ഉടൻ അദ്ദേഹം അറസ് ചെയ്യപ്പെട്ടു. കോടതി അദ്ദേഹത്തെ അഞ്ച് മാസത്തേക്ക് ശിക്ഷിച്ചു. കേളപ്പജി, വി.ആർ. നായനാർ എന്നിവർ ഇടപെട്ട് ഗവർമെന്റുമായി സംഭാഷണം നടത്തിയതിന്റെ ഫലമായി സമരം അവസാനിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കുകയും സർട്ടിഫിക്കറ്റ് തിരിച്ച് നൽകുകയും ചെയ്തു. എന്നാൽ ടി. പ്രകാശത്തിന്റെ കീഴിൽ ഒരു ജനകീയ ഗവർമെന്റ് വന്നതിനു ശേഷമേ പി.എം. പി.ആർ. ടി. സി. എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ തിരിച്ച് കിട്ടിയുള്ളൂ. (1946-ൽ). അതിനാൽ പി.എം.-ന്റെ അദ്ധ്യാപകവൃത്തി ഈ സമരത്തോടെ അവസാനിച്ചു.

സമരക്കാലത്ത് പിൻവലിച്ചിരുന്ന യൂനിയന്റെ അംഗീകാരം തിരിച്ച് കിട്ടിയിരുന്നില്ല. ഓരോ താലൂക്ക് യൂനിയറ്റും പ്രത്യേകം പ്രത്യേകം അംഗീകാരം നൽകുകയെന്ന നയമാണ് ഗവർമെന്റ് സ്വീകരിച്ചത്. 1942-ൽ പാനൂരിൽ വച്ച് ചേർത്ത സമ്മേളനം അദ്ധ്യാപക യൂണിയന്റെ മലബാർ ടീച്ചേർസ് ഗിൽഡുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു. താലൂക്ക് യൂനിയനുകളെ സംയോജിപ്പിക്കാൻ ഒരു സ്റ്റാന്റിങ്ങ് കമ്മിന്റി രൂപീകരിച്ചു. ദേശീയ വാദികളായ അദ്ധ്യാപകർ സ്റ്റാന്റിങ്ങ് കമ്മറ്റിയുമായി യോജിക്കുവാൻ സന്നദ്ധരായില്ല. അതിന്റെ ഫലമായി സ്റ്റാന്റിങ്ങ് കമ്മിറ്റി പിരിച്ച് വിടേണ്ടി വന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരമുമായി ബന്ധപ്പെട്ട് പി.എം. വീണ്ടും ജയിലിലായി. രണ്ട് വർഷം കഴിഞ്ഞ് 1944 അവസാനം മാത്രമാണ് അദ്ദേഹം ജയിൽമോചിതനായത്. ഇക്കാരണത്താൽ അദ്ധ്യാപക യൂനിയന്റെ പ്രവർത്തനങ്ങളിൽ നിന്ന് അദേഹം അകന്നു. ജയിൽ മോചിതനായ പി.എം. കോഴിക്കോട് നടന്ന സമ്മേളനത്തിൽ പങ്കെടുക്കുകയും അതിനുഏഴം ജില്ലാ യൂനിയൻ പുനഃസംഘടിപ്പിക്കുകയും ചെയ്തു. പി.എം വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1947-ൽ അദ്ദേഹം അദ്ധ്യാപകപ്രസ്ഥാനപ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും പിന്മാറി.

രാഷ്ട്രീയം

[തിരുത്തുക]

ചിറക്കൽ താലൂക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായിട്ടാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1930-ൽ ഇദ്ദേഹം കെ. കേളപ്പന്റെ കൂടെ സജീവമായി ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. തുടർന്ന് അദ്ദേഹം പോലീസിന്റെ പിടിയിലാകുകയും രണ്ടര വർഷത്തോളം കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 1938-ലും 1942-ലും സ്വാതന്ത്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹം ജയിലിനകത്താകുകയും പലപ്പോഴായി ഏഴ് വർഷത്തോളം ജയിൽ കിടക്കുകയും ചെയ്തിട്ടുണ്ട്.

മലബാർ ഐഡഡ് ടീച്ചേർസ് യൂണിയന്റെ സ്ഥാപകനാണ് ഇദ്ദേഹം. ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടു. 1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം കൊയിലാണ്ടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അംഗമായി. 1962-ൽ പട്ടം താണുപിള്ള രാജി പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർമാൻ സ്ഥാനം രാജി വച്ചപ്പോൾ ഇദ്ദേഹം അദ്ദേഹത്തിന്റെ പിൻഗാമിയായി ഈ പാർട്ടിയുടെ ചെയർമാനായി.

അദ്ധ്യാപകനായി ജോലി നോക്കുമ്പോൾ സുകുമാർ അഴീക്കോടിനെ ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. സുകുമാർ അഴീക്കോട് ഇദ്ദേഹത്തിനെ തന്റെ ആദ്യാത്മികഗുരുവായിട്ടാണ് കണ്ടിരുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം കെ. ശ്രീധരൻ നമ്പ്യാർ ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുകയുണ്ടായി. സുകുമാർ അഴീക്കോടായിരുന്നു ഈ പുസ്തകത്തിന് അവതാരിക എഴുതിയത്.

അവസാന കാലം

[തിരുത്തുക]

1968 മുതൽക്കെ ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ പൊതുരാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എങ്കിലും പൊതുപരിപാടികളിലും സാംസ്കാരികരംഗത്തും അദ്ദേഹം ഒരു സജീവ സാന്നിധ്യമായിരുന്നു. തളിപ്പറമ്പ് ടാഗോർ വിദ്യാലയം, കണ്ണൂർ മഹാത്മാ മന്ദിരം, ചിന്മയ മിഷൻ എന്നീ സ്ഥാപനങ്ങളുടെ നടപ്പിൽ അദ്ദേഹം സജീവമായി പങ്കുചേർന്നിരുന്നു.

93-ആം വയസ്സിൽ 1998 നവംബർ 25-ആം തിയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ഇതും കാണുക

[തിരുത്തുക]

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം

അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. കോൺഗ്രസിൽ സോഷ്യലിസ്റ്റ് വിഭാഗം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം മുൻ‍നിന്നു് പ്രവർത്തിച്ചു. 1939-ൽ കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗം കമ്യൂണിസ്റ്റ് പാർട്ടിയായി പരിണമിച്ചപ്പോൾ പിഎം ഉൾ‍പ്പെടെയുള്ളവർ കമ്യൂണിസ്റ്റ് വിരുദ്ധരായി. ദേശാഭിമാനി ദിനപത്രം; 1998 നവംബർ 26
  2. http://niyamasabha.org/codes/members/m348.htm