തെങ്ങ്
പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് (Cocos nucifera) അഥവാ കേരവൃക്ഷം. കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.കേരളത്തിലെ ഏറ്റവുംമികച്ച തെങ്ങ് ഇനമായി കുറ്റ്യാടി തെങ്ങിനെ കണക്കാക്കുന്നു
തെങ്ങ് | |
---|---|
Coconut Tree (Coconut Palm) (Cocos nucifera) | |
ഭദ്രം
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Cocos
|
Species: | C. nucifera
|
Binomial name | |
Cocos nucifera | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
കുറ്റ്യാടിതേങ്ങ
[തിരുത്തുക]കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഉള്ള തേങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ് എന്ന് കരുതപ്പെടുന്നു. ഇങ്ങനെ പ്രത്യേകതയുള്ളതായതിനാൽ ഈ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന തേങ്ങകൾ കുറ്റ്യാടിതേങ്ങ എന്ന പേരിൽ പ്രശസ്തമായി. ഇപ്പോഴും കേരള കാർഷിക വകുപ്പ് വിത്തുതേങ്ങ സംഭരിക്കുന്നത് പ്രധാനമായും ഈ പ്രദേശത്തുനിന്നാണ്. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കുറ്റ്യാടി തെങ്ങിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.
പേരിനു പിന്നിൽ
[തിരുത്തുക]തെങ്ങിന്റെ ഫലമാണ് തേങ്ങ. തെക്കു നിന്ന് വന്ന കായ എന്നർത്ഥത്തിൽ തെങ്കായ് ആണ് തേങ്ങ ആയി മാറിയത്. [1] തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ് തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്. നാളികേരം എന്നത് നാരുള്ള ഫലം എന്നതിന്റെ പാലി സമാനപദത്തിൽ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് തെങ്ങ് കൂടുതലായും വളർന്നിരുന്നത്.
മറ്റു പേരുകൾ
[തിരുത്തുക]- സംസ്കൃതം - നാരികേര, സദാഫല, തൃണദ്രുമ
- ഹിന്ദി - തുംഗ
- ബംഗാളി - നാരികേല
- തെലുങ്ക് - തെങ്കായിച്ചെട്ടു
- തമിഴ് - തെഩ്ഩൈ, തെഩ്ഩൈമരം
ചരിത്രം
[തിരുത്തുക]ഉത്ഭവം
[തിരുത്തുക]തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യത്തിൽ ഇന്നുവരെ ശാസ്ത്രജ്ഞർ ഒരു ഒത്തുതീർപ്പിലെത്തിയിട്ടില്ല. ചിലരത് തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാൽ മറ്റുചിലർ അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകണമെന്നാണ് കണക്കാക്കുന്നത്. വേറെ ചിലർ തെങ്ങ് ആദ്യം ഉണ്ടായത് പോളിനേഷ്യൻ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റിൽ നിന്നു ലഭിച്ച ഒന്നരക്കോടി വർഷം പഴക്കമുള്ള ഫോസിലുകളിൽ തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് തെങ്ങിന്റെ അതിലും പഴയ ഫോസിൽ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട് [അവലംബം ആവശ്യമാണ്].
കേരളത്തിൽ
[തിരുത്തുക]പുരാതന കേരളത്തിൽ ആദ്യമായി കുടിയേറിയവർ ഇന്നത്തെ ആദിവാസികളുടെ പൂർവ്വികരായിരുന്നു. അവർ മലകളിൽ താമസിച്ച് വേട്ടയാടിയും മറ്റും ജീവിച്ചിരുന്നെങ്കിലും കൃഷിചെയ്തിരുന്നില്ല. എന്നാൽ സമുദ്രതീരങ്ങളും സമതലങ്ങളും വനങ്ങളില്ലാത്തതിനാൽ ഇവർ താമസയോഗ്യമാക്കിയില്ല. ഇവിടങ്ങളിൽ താമസിക്കാനാരംഭിച്ചത് കൃഷി അറിയാമായിരുന്ന അടുത്ത കുടിയേറ്റക്കാരാണ്. ഇവർ ദ്രാവിഡരെന്നു പറയുന്ന മെഡിറ്ററേനിയർ ആകണം എന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. പിന്നീട് പൂർവ സമുദ്രത്തിൽ നിന്നും സിംഹളത്തിൽ നിന്നും ഈ പ്രദേങ്ങളിലേക്ക് നിറയെ കുടിയേറ്റം ഉണ്ടായി. അവരാണ് അവരുടെ നാട്ടിൽ നിന്നും നാളികേരം കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇവർ തന്നെയാവണം തെങ്ങ് നട്ടുവളർത്തിയിരുന്നത്.[2] 16-ആം നൂറ്റാണ്ടിനു മുൻപ് മാവ്, പ്ലാവ് എന്നീ മരങ്ങൾക്കൊപ്പം നട്ടുവളർത്തിയിരുന്നതിൽ കവിഞ്ഞ് തെങ്ങുകൃഷി കേരളത്തിൽ വ്യാപകമായിരുന്നില്ല.[3]ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം രചിച്ച അക്കാലത്തെ ഡച്ച് ഗവർണറായിരുന്ന വാൻ റീഡിന്റെ പരാമർശങ്ങളിൽ തെങ്ങിനേക്കാൾ കൂടുതലും ഉള്ളത് കരിമ്പനയാണ്. "ഇടക്കിടക്ക് തലയാട്ടുന്ന കേരമരങ്ങൾ" എന്നു മാത്രമേ അദ്ദേഹം രേഖപ്പെടുത്തുന്നുള്ളൂ. 17-ആം നൂറ്റാണ്ടിനുമുന്ന് അലക്ഷ്യമായി വളർന്നു വന്ന തെങ്ങുകൾ ഒഴിച്ചാൽ തെങ്ങ് ശാസ്ത്രീയമായി കൃഷിചെയ്തിരുന്നില്ല എന്ന് കാണാം. വീട്ടാവശ്യങ്ങൾക്കും അതതു ദിക്കിലെ മറ്റാവശ്യങ്ങൾക്കും തെങ്ങുകൾ വളർത്തിയിരുന്നു.
1503-ൽ ക്യൂന്നിയാമേറിയാ ദ്വീപിൽ നിന്നും പിടിച്ചെടുത്ത ഒരു കപ്പലിൽ നിന്നാണ് കപ്പലിനു വേണ്ട ആലാസുകൾ നിർമ്മിക്കാൻ ചകിരിയിൽ നിന്നുണ്ടാക്കുന്ന കയർ ഉപയോഗിക്കാമെന്ന് പോർത്തുഗീസുകാർ മനസ്സിലാക്കിയത്. അന്നു മുതൽ കയർ പ്രധാനപ്പെട്ട വ്യാപാരോത്പന്നമായി മാറുകയും തെങ്ങ് കൃഷി ചെയ്ത് വളർത്തുക എന്ന നടപടി പ്രചാരത്തിലാവുകയും ചെയ്തു. [3] തെങ്ങിന്റെ ഓലയും തടിയും വ്യാപകമായി ഉപയോഗിച്ചിരുന്നു എങ്കിലും ആദ്യകാലങ്ങളിൽ വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതമായിരുന്നു. വിളക്കു കത്തിക്കാൻ മേൽ ജാതിക്കാർ വരെ ഉപയോഗപ്പെടുത്തിയിരുന്നത് പുന്നക്കയുടെ എണ്ണയായിരുന്നു എന്ന് വാർഡും കോണറും സാക്ഷ്യപ്പെടുത്തുന്നത് ഇതിന് തെളിവാണ്.
കേരളത്തിന്റെ തെങ്ങുകൃഷിയുടെ നിർണ്ണായകമായ വഴിത്തിരിവ് ഡച്ചുകാരുടെ കാലത്താണ് ഉണ്ടായത്. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന 49 തെങ്ങിൻ തോപ്പുകൾ അവർക്കുണ്ടായിരുന്നു. ആ തോട്ടങ്ങൾ വളരെ ശാസ്ത്രീയമായ രീതിയിലാണ് പരിപാലിക്കപ്പെട്ടിരുന്നത്. ഇത് 25 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. ഡച്ചുകാർക്ക് വേണ്ടി നാട്ടുകാർ പരിപാലിച്ചു വന്ന ഈ തോട്ടങ്ങൾ മറ്റു കർഷകർക്ക് മാതൃകയായിത്തീർന്നു. അങ്ങനെ വ്യവസ്ഥാപിതമായ കൃഷി എന്ന രീതിയിൽ കേരളത്തിൽ തെങ്ങുകൃഷി തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മാത്രമാണ്. കേരളത്തിൽ ഇന്ന് കാണുന്നരീതിയിൽ 75 ശതമാനവും തെങ്ങുകൃഷിയുടെ വർദ്ധനവ് 20-ാം നൂറ്റാണ്ടിൽ ഉണ്ടായതാണ്. [3]
കാലാവസ്ഥയും മണ്ണും
[തിരുത്തുക]തെങ്ങ് ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷത്തിലും, ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണിൽ എന്നാൽ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ(തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. തെങ്ങ് ഒരു ഉഷ്ണമേഖലാ സസ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് വളരാനുള്ള കഴിവുണ്ടെങ്കിലും അതിശൈത്യവും കനത്ത വരൾച്ചയും താങ്ങാൻ ചിലപ്പോൾ തെങ്ങിന് സാദ്ധ്യമാവാറില്ല. ഇളകിയ മണൽ ചേർന്ന പശിമരാശി മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം (മണ്ണിന്റെ pH 5.0 മുതൽ 8.0 വരെ [4]).തീരപ്രദേശങ്ങളിലെ മണൽ മണ്ണിലും തെങ്ങ് വളരും. അടിയിൽ പാറയോടു കൂടിയ ആഴമില്ലാത്ത മണ്ണോ വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമൺ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. കടുത്ത മഴയും (പ്രതിവർഷം 1300-2300 മി.മീ അനുയോജ്യം [4]) ആർദ്രതയും ഉള്ള പ്രദേശങ്ങളിൽ തെങ്ങ് അനായാസമായി വളരുന്നു. ദിനതാപനില 20 ഡിഗ്രി മുകളിൽ ആയിരിക്കണം. 27 ഡിഗ്രി വാർഷിക താപനില അനുയോജ്യം [4]
വിവരണം
[തിരുത്തുക]20-35 മീറ്റർ ഉയരത്തിൽ തൂണുപോലെ ഒറ്റത്തടിയായി വളരുന്നു. ഇളം ചാരനിറമുള്ള തടിയിൽ ഉടനീളം ഇലയുടെ പാടുകൾ വളയങ്ങളായി കാണപ്പെടുന്നു. തടിയുടെ മുകളഗ്രഭാഗത്തുമാത്രം പിച്ഛകപത്രങ്ങൾ/ഇലകൾ(ഓലകൾ) ഉണ്ടാകും. ഓലകൾ നാനാദിശയിലേക്കും നീണ്ടിരിക്കും. ഓലകൾ തടിയിൽ ചേരുന്ന ഭാഗങ്ങൾക്കിടയിലൂടെയാണ് പൂക്കുലകളും വിത്തുകളും ഉണ്ടാകുന്നത്. ഓലമടലുകൾക്ക് അഞ്ചു മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ഓലമടലുകളിൽ നിന്ന് ഇരുവശങ്ങളിലേക്കും ക്രമമായി ഓലക്കാലുകൾ ഉണ്ടാകും ഒരുമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ നീളവും ഓലക്കാലുകൾക്കുണ്ടാകും. ഓലക്കാലുകൾ കുന്താകാരമാണ്. പത്രവൃന്തത്തിനു 60-150 സെ.മീ. നീളമുണ്ടാവും. ഓലക്കാലുകളെ സൂര്യപ്രകാശം സ്വീകരിക്കാൻ പാകത്തിൽ ഭൂമിക്കു സമാന്തരമായി നിർത്തുന്നത് അവയുടെ നടുക്കുകൂടി കടന്നു പോകുന്ന നീണ്ട ബലമുള്ള ഭാഗമാണ് ഈർക്കിൽ. ഇലകളുടെ കക്ഷങ്ങളിൽ നിന്നാണ് പൂങ്കുല വിരിയുന്നത്. പൂങ്കുലകൾ അനേകം ശാഖകളോടുകൂടിയതാണ്. ശാഖകളുടെ അടിയറ്റത്ത് ഒറ്റയായി പെൺപൂക്കൾ കാണപ്പെടുന്നു. ഇതിനു മുകളിലായി ആൺപൂക്കൾ അടുക്കടുക്കായി ശാഖയുടെ അഗ്രം വരെ കാണപ്പെടുന്നു.
പൂക്കാലം
[തിരുത്തുക]തെങ്ങ് പ്രായപൂർത്തിയാകുന്ന കാലം മുതൽക്ക് തുടർച്ചയായി പൂക്കുന്ന സ്വഭാവമുള്ള സസ്യമാണ്. പൂക്കുന്ന പ്രായം ഇനത്തിനേയും മണ്ണിന്റെ സ്വഭാവത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു. പൂത്തുതുടങ്ങിയാൽ പിന്നീട് തുടർച്ചയായി പൂത്തുകൊണ്ടിരിക്കുന്നു. ഓലമടലുകളുടെ കുരലിൽ നിന്നാണ് പൂക്കുലകൾ പൊട്ടിപ്പുറപ്പെടുന്നത്. പുഷ്പങ്ങൾ മൊട്ടായിരിക്കുമ്പോൾ തോണിയുടെ ആകൃതിയിലുള്ള കൊതുമ്പുകൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കും. ഒരേ പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളിൽ ആൺപൂക്കൾ മാത്രമായോ പെൺപൂക്കൾ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയിൽ കൂടുതലും ആൺപൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയിൽ പെൺപൂക്കൾ കൂടുതലായുണ്ടാവും.
പരപരാഗണമാണ് തെങ്ങിൽ സാധാരണ നടക്കുന്നത്. അനേകം പൂക്കൾ ഒന്നിച്ചുവിരിയുന്നതിനാലും ഒന്നിലധികം പൂക്കുലകൾ ഒന്നിച്ചുണ്ടാകുന്നതിനാലും ചിലപ്പോൾ തെങ്ങിൽ സ്വയംപരാഗണവും നടക്കാറുണ്ട്.
വിത്ത്
[തിരുത്തുക]തെങ്ങിന്റെ വിത്ത് തേങ്ങ അഥവാ നാളികേരം എന്നറിയപ്പെടുന്നു. പരാഗണത്തിനു ശേഷം ഏതാനും മാസങ്ങൾ എടുത്തേ വിത്ത് വിതരണത്തിനു പാകമാകൂ. പാകമായ വിത്ത് പച്ചയും തവിട്ടും കലർന്ന നിറത്തിലാവും ഉണ്ടാവുക. എന്നാൽ സ്വർണ്ണനിറമുള്ള വിത്തുള്ള തെങ്ങുകളും ഉണ്ട്. അണ്ഡാകാരമോ ഗോളാകാരമോ ആകും വിത്തിനുണ്ടാവുക. വിത്തിന് ശരാശരി എട്ട് സെന്റീമീറ്റർ വ്യാസം ഉണ്ടാകും. വിത്തിന്റെ ഉള്ളിൽ പുതുസസ്യത്തിനു ആദ്യഭക്ഷണമാകാനുള്ള കാമ്പുമുണ്ടാകും വിത്ത് മുളക്കാൻ തുടങ്ങിയില്ലെങ്കിൽ അതിനുള്ളിൽ അല്പം ജലവും ഉണ്ടാകും. അത് തേങ്ങാവെള്ളം എന്നറിയപ്പെടുന്നു. കാമ്പ് ചിരട്ടയെന്ന കട്ടിയേറിയ ഭാഗത്തിൽ ഉറച്ചിരിക്കുകയായിരിക്കും. ചിരട്ടക്കു പുറമേ ചകിരി വിത്തിനെ സംരക്ഷിക്കുന്നു. ഉയരങ്ങളിൽ നിന്ന് താഴേക്കു പതിക്കുമ്പോൾ വിത്തിന് ആഘാതം സംഭവിക്കാതിരിക്കുകയാണ് ചകിരിയുടെ ഉപയോഗം. ചിരട്ടയിൽ വിത്തിനു മുളച്ചുവരുവാൻ ഒരു കണ്ണുണ്ടായിരിക്കും. എന്നാൽ കീടങ്ങൾക്ക് തിരിച്ചറിയാൻ പാടില്ലാത്തവിധം മറ്റുരണ്ട് വ്യാജകണ്ണുകളും ചിരട്ടയിലുണ്ടാകും. പാകമാകാത്ത നാളികേരത്തെ കരിക്ക് അല്ലെങ്കിൽ ഇളനീർ എന്നു വിളിക്കുന്നു.
വളപ്രയോഗം
[തിരുത്തുക]ജൈവവളങ്ങൾ, രാസവളങ്ങൾ, കുമ്മായ വസ്തുക്കൾ എന്നിവയാണ് തെങ്ങിന് നൽകുന്ന പ്രധാന വളങ്ങൾ. ഇവ ഓരോന്നും നൽകേണ്ട സമയം നിർണ്ണയിക്കുന്നത്; മഴ, നനസാധ്യത എന്നിവ മുൻനിർത്തിയാണ്[5].
ജൈവവളങ്ങൾ
[തിരുത്തുക]കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മീൻവളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേർക്കാവുന്നതാണ്. കാലവർഷാരംഭമാണ് ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടുമീറ്റർ അകലത്തിൽ 15 സെന്റീമീറ്റർ താഴ്ചയിൽ, തെങ്ങിനുചുറ്റും തടമെടുത്ത് അതിൽ വേണം നൽകാൻ. തെങ്ങൊന്നിന് ഒരു വർഷം 15 കിലോഗ്രാം മുതൽ 25 കിലോഗ്രാം വരെ വളങ്ങൾ ആവശ്യമാണ്. തെങ്ങിൽ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നൽകാവുന്നതുമാണ്. പച്ചിലവള വിളകൾ തെങ്ങിന്റെ തടത്തിൽ തന്നെ വളർത്തിയോ മറ്റു സ്ഥലങ്ങളിൽ വളർത്തിയതോ ആയവ സെപ്റ്റംബർ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേർക്കാവുന്നതുമാണ്[5].
രാസവളങ്ങൾ
[തിരുത്തുക]ജൈവവളങ്ങൾക്ക് പുറമേയാണ് രാസവളങ്ങൾ നൽകേണ്ടത്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും യോജിക്കുന്ന തരത്തിൽ രാസവളപ്രയോഗം നടത്തുന്നു. കായ്ച് തുടങ്ങിയ തെങ്ങൊന്നിന് 500 ഗ്രാം പാക്യജനകം, 320 ഗ്രാം ഭാവകം, 1200 ഗ്രാം ക്ഷാരം എന്ന തോതിൽ പോഷകമൂല്യം ലഭിക്കത്തക്ക വിധത്തിൽ വളം നൽകണം. ജല ലഭ്യതയ്ക്കായി മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രാസവളങ്ങൾ രണ്ട് തവണകളായിട്ടാണ് ഓരോ വർഷവും ചേർക്കുന്നത്. ആകെ വേണ്ടുന്ന വളത്തിന്റെ മൂന്നിൽ ഒരു ഭാഗം മേയ്-ജൂൺ മാസങ്ങളിൽ പുതുമഴ ലഭിച്ച് തുടങ്ങുന്നതോടെ നൽകുന്നു. ബാക്കിയുള്ള വളം സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും നൽകണം. രാസവളങ്ങൾ മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന സമയത്ത് മാത്രമേ നൽകാവൂ. നന നൽകിയുള്ള കൃഷിയിൽ വർഷത്തിൽ നാലു തവണകളായി വളം നൽകാവുന്നതാണ്. നാലിലൊരുഭാഗം ഏപ്രിൽ-മെയ് കാലയളവിൽ, അടുത്തത് ഓഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ, ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ നാലു തവണകളിലായി വളം നൽകാം[5].
തെങ്ങിന് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള രാസവളപ്രയോഗത്തിന്റെ അളവ് (ഗ്രാം / തെങ്ങ്)[6] | ||||||
---|---|---|---|---|---|---|
തെങ്ങിന്റെ പ്രായം |
പോഷകങ്ങളുടെ തോത് |
അമോണിയം സൾഫേറ്റ് |
യൂറിയ | സൂപ്പർ ഫോസേഫേറ്റ് (സിംഗിൾ) |
അല്ലെങ്കിൽ ആൾട്രാ ഫോസ് / റോക്ക് ഫോസ്ഫേറ്റ് |
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് |
ശരാശരി പരിചരണം | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 165 | 75 | 95 | 60 | 115 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 550 | 250 | 320 | 200 | 380 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 1100 | 500 | 640 | 400 | 760 |
3-ാം വർഷം | മുഴുവൻ തോതും | 1650 | 750 | 950 | 600 | 1140 |
നല്ല പരിചരണം | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 250 | 110 | 180 | 115 | 200 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 800 | 360 | 590 | 380 | 670 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 1675 | 720 | 1180 | 760 | 1340 |
3-ാം വർഷം | മുഴുവൻ തോതും | 2000 | 1080 | 1780 | 1140 | 2010 |
സങ്കരയിനങ്ങളും നനയെ ആശ്രയിച്ച് വളരുന്ന തെങ്ങുകളും | ||||||
3 മാസം | മുഴുവൻ തോതിന്റെ 1/10 | 490 | 220 | 280 | 180 | 335 |
1-ാം വർഷം | മുഴുവൻ തോതിന്റെ 1/3 | 1625 | 720 | 930 | 600 | 1110 |
2-ാം വർഷം | മുഴുവൻ തോതിന്റെ 2/3 | 3250 | 1450 | 1850 | 1200 | 2220 |
3-ാം വർഷം | മുഴുവൻ തോതും | 4800 | 2170 | 2780 | 1800 | 3330 |
കുമ്മായ വസ്തുക്കൾ
[തിരുത്തുക]തെങ്ങൊന്നിന് 1 കിലോഗ്രാം എന്ന തോതിൽ കുമ്മായമോ ഡോളമൈറ്റോ നൽകാം. രാസവളങ്ങൾ നൽകുന്നതിന് രണ്ടാഴ്ചമുൻപെങ്കിലും ഇത് നൽകേണ്ടതാണ്. മെയ്-ജൂൺ മാസങ്ങളിലാണ് ഇത് ചേർക്കുന്നതിന് അനുയോജ്യമായ സമയം.
മൂലകങ്ങളുടെ കുറവുകൾ മണ്ണു പരിശോധനയിലൂടെ അറിയുന്നതിന് സഹായിക്കും. കുറവുള്ള മൂലകങ്ങളുടെ മിശ്രിതം അളവനുസരിച്ച് നൽകിയാൽ തെങ്ങ് വളരെക്കാലം നല്ല കായ്ഫലം നൽകുന്നതുമാണ്[5].
രോഗങ്ങളും കീടബാധയും
[തിരുത്തുക]രോഗങ്ങൾ
[തിരുത്തുക]മണ്ഡരിബാധ, കൂമ്പുചീയൽ, തണ്ടുതുരപ്പൻ വണ്ടിന്റെ(ചെല്ലി) ആക്രമണം, കാറ്റു വീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന പ്രധാന ആക്രമണങ്ങൾ. [7] മണ്ഡരിയെന്ന സൂക്ഷ്മപരാദജീവിയുടെ ആക്രമണം മൂലം തേങ്ങ പാകമാകുമ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ട് പോകുന്നു. തേങ്ങാ ഉത്പാദനം അതിനാൽ കുറയുന്നു. കൂമ്പുചീയ്യൽ കാലാവസ്ഥാവ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. പുതിയ കൂമ്പുകൾ അഴുകി വളർച്ചയറ്റ് പോകുന്നതാണ് ലക്ഷണം. ഓലകൾക്ക് മഞ്ഞ നിറമായി മാറുന്ന മഞ്ഞളിപ്പ് രോഗം തെങ്ങിനെ ബാധിക്കുന്ന ഒരു പകർച്ച വ്യാധിയാണ്. വണ്ടുകൾ തെങ്ങിന്റെ തടി തുളച്ച് മുട്ടയിടുന്നതുമൂലവും തെങ്ങ് നശിച്ചുപോകുന്നു.
കൂമ്പുചീയൽ
[തിരുത്തുക]തെങ്ങിലെ കൂമ്പുചീയലിന്റെ കാരണം ഫൈറ്റോഫ്തോറോ പാമിവോറ എന്ന രോഗാണുവാണ്. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകൾക്ക് മഞ്ഞനിറം ഈ രോഗത്തിന്റെ ആരംഭമായി കണക്കാക്കാം. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുന്നു. ഓലകളുടെ ചുവടുഭാഗം ഇതോടൊപ്പം തന്നെ അഴുകി ഒരു തരം ദുർഗന്ധം പുറപ്പെടുവിക്കുന്നു. ആരംഭദശയിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി തെങ്ങ് നശിച്ച് പോകാൻ സാധ്യതയുണ്ട്. നാമ്പ് നശിച്ച് കഴിഞ്ഞു കുറച്ചുനാൾ കൂടി ചുറ്റുമുള്ള ഓലകളും മറ്റും വാടിപ്പോകാതെ അതേപടി നിൽക്കും. എല്ലാ പ്രായത്തിലുള്ള തെങ്ങിനേയും ഇത് ബാധിക്കുമെങ്കിലും ഇളംപ്രായത്തിലുള്ള തെങ്ങുകളിലാണ് കൂടുതൽ പ്രശ്നമായി തീരുന്നത്. അന്തരീക്ഷതാപനില വളരെ കുറഞ്ഞിരിയ്ക്കുകയും ഈർപ്പാംശം കൂടിയിരിക്കുകയും ചെയ്യുന്ന വർഷക്കാലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.
പ്രാരംഭകാലത്ത് രോഗം കണ്ടുപിടിച്ചാൽ മണ്ടയിൽ ബോർഡോ കുഴമ്പ് പുരട്ടണം. പുരട്ടുന്നതിന് മുമ്പ് രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റി വൃത്തിയാക്കുകയും വേണം. അതിനുശേഷം ഈ ഭാഗം അടുത്ത ഒരു പുതുനാമ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കണം. രക്ഷപ്പെടുത്താൻ കഴിയാത്തവിധം രോഗം ബാധിച്ച തെങ്ങുകളെ വെട്ടി തീയിട്ടുനശിപ്പിച്ചുകളയണം.
കാറ്റുവീഴ്ച
[തിരുത്തുക]കാറ്റുവീഴ്ച എന്ന വേരുരോഗത്തിന് ഏകദേശം 100 വർഷത്തിലേറെ പഴക്കമുണ്ട്. 1882 - ൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇത് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നനുമാനിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ കൂടാതെ തമിഴ്‌നാടിലെ ചില സ്ഥലങ്ങളിലും, ഗോവയിലും ഈ രോഗം കണ്ടു വരുന്നു.
ഓലക്കാലുകൾ ഉള്ളിലേയ്ക്ക് വളയുക, ഓലകൾ പൊതുവെ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകൾ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ ഫലമായി വിളവ് ഗണ്യമായി കുറയും. തേങ്ങയുടെ വലിപ്പം കുറയുന്നു. കൊപ്രയുടെ കനം കുറയുന്നു. ഈ കൊപ്രയിൽ നിന്ന് ആട്ടിക്കിട്ടുന്ന എണ്ണയുടെ അളവും കുറവായിരിയ്ക്കും.
രോഗബാധയുള്ള തെങ്ങുകൾ മുറിച്ച് മാറ്റി പകരം പ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകൽ വച്ചു പിടിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ.
ഓലചീയൽ
[തിരുത്തുക]തെങ്ങിനെ ബാധിയ്ക്കുന്ന ഒരു കുമിൾ രോഗമാണ് ഓലചീയൽ. കേരളത്തിലെ തെക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ സാർവ്വത്രികമായി കാണപ്പെടുന്നത്. മദ്ധ്യനാമ്പിലുള്ള ഓലക്കാലുകളുടെ അരികും മൂലകളിലും കറുത്തനിറം വ്യാപിച്ച് ചുരുങ്ങിയുണങ്ങി പോകുന്നതാണ് പ്രാഥമിക രോഗലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്നു ഒരു വിശറിയുടെ രൂപം കൈക്കൊള്ളുന്നു. ആദ്യകാലത്ത് തന്നെ വേണ്ട പ്രതിരോധനടപടി കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലേയ്ക്ക് നീങ്ങും. തന്മൂലം ഓലകളുടെ ഉപരിതല വിസ്തീർണ്ണത്തിനും ഗണ്യമായ കുറവ് സംഭവിക്കുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മൂന്നുമാസത്തിലൊരിയ്ക്കൽ രോഗബാധിതമായ ഭാഗങ്ങൾ വെട്ടിമാറ്റിയിട്ട് തളിയ്ക്കുന്ന ഫലപ്രദമാണ്.
മഹാളി
[തിരുത്തുക]തെങ്ങിനെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെൺപൂക്കൾ, പാകമാകാത്ത കായ് കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങൾ. കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേയ്ക്ക് നീങ്ങും.
ചെന്നീരൊലിപ്പ്
[തിരുത്തുക]തെങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗമാണ് ചെന്നീരൊലിപ്പ്. തിലാവിയോപ്സിസ് പാരഡോക്സ് യാണ് ചെന്നീരൊലിപ്പിന്റെ രോഗഹേതു. തെങ്ങിൻ തടിയിൽ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. തെങ്ങിൻ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകൾ ക്രമേണ തടി മുഴുവൻ വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകൾക്ക് ചുറ്റുമുള്ള ഭാഗം ചീയാൻ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. ഇങ്ങനെയുള്ള തടിയിൽ ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാൽ ചീഞ്ഞഴുകൽ ത്വരിതഗതിയിലാവുന്നു.
രോഗബാധിതമായ ഭാഗങ്ങൾ ചെത്തിമാറ്റി, മുറിവിൽ കാലിക്സിൻ പുരട്ടുക എന്നതാണ് നിയന്ത്രിക്കാനുള്ള മാർഗ്ഗം. രണ്ടുദിവസത്തിന് ശേഷം ഇതിന്മേൽ കോൾടാർ പുരട്ടാം. വേരിൽ കൂടി 100 മില്ലിലിറ്റർ കാലിക്സിൻ നല്കുന്നതും തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇടുന്നതും നല്ലതാണ്.
കീടങ്ങൾ
[തിരുത്തുക]തുരിശും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള മരുന്നാണ്. മണ്ഡരി കീടങ്ങളെ തുരത്തുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും ബാർ സോപ്പും ചേർത്തുണ്ടാക്കിയ മിശ്രിതം തേങ്ങാക്കുലകളിൽ തളിക്കുന്നു.
കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കൾ, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയൻ പുഴുക്കൾ തുടങ്ങിയ കീടങ്ങളാണ് പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്.
കൊമ്പൻചെല്ലി
[തിരുത്തുക]തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന വർവ്വ വ്യാപിയായ ഒരു കീടമാണ് കൊമ്പൻ ചെല്ലി. പ്രായമെത്തിയ വണ്ട്, വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും ആക്രമിച്ച് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യുന്നു. ജൈവവസ്തുക്കളുടെ ജീർണ്ണാവശിഷ്ടങ്ങൾ, കമ്പോസ്റ്റ്, മറ്റു അഴുകിയ സസ്യഭാഗങ്ങൾ എന്നിവയിലാണ് ഈ വണ്ട് പെറ്റുപെരുകുന്നത്. ഇതിന്റെ ജീവിത ദശ ആറുമാസക്കാലമാണ്.
ജീർണ്ണിച്ച സസ്യഭാഗങ്ങൾ കൃത്യമായി നീക്കം ചെയ്ത് ഇവ പെറ്റുപെരുകുന്നത് എന്നതാണ് ഇവയുടെ നിയന്ത്രണോപാധികളിൽ പ്രധാനം. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന യാന്ത്രികനിയന്ത്രണവുമുണ്ട്. കീടബാധ തടയാൻ 250ഗ്രാം മരോട്ടിപ്പിണ്ണാക്കോ വേപ്പിൻപിണ്ണാക്കോ തുല്യ അളവിൽ മണലുമായി ചേർത്ത് മണ്ടയിലെ ഏറ്റവും ഉള്ളിലെ മൂന്നോ നാലോ ഓലകവിളുകളിലിട്ടുകൊടുക്കാം.
തെങ്ങോലപ്പുഴു
[തിരുത്തുക]ശാസ്ത്ര നാമം - നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.
തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെൺശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകൾ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാർന്നു തിന്നുന്നു. സിൽക്കുനൂലും വിസർജന വസ്തുക്കളും മറ്റും ചേർത്ത് നിർമ്മിക്കുന്ന കുഴൽക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാൽപത് ദിവസത്തിനുള്ളിൽ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സിൽക്കുനൂലുകൊണ്ട് നിർമ്മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു. ജീവിതചക്രം പൂർത്തിയാകുന്നതിന് എട്ട് ആഴ്ചകൾ വേണ്ടിവരുന്നു. വേനൽക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആർദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാർന്നു തിന്നുന്നു. ക്രമേണ ഓലകൾ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോൾ ഓലകൾ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.
തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഒരു മുൻകരുതൽ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തിൽത്തന്നെ ബാധയേറ്റ ഓലകൾ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോൾത്തന്നെ എതിർ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടയാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികൾ പ്രകൃതിയിൽ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതിൽപ്പെടുന്നു. വേനൽക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിൻതോട്ടത്തിലേക്ക് വിട്ടാൽ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കിൽ മാത്രം അനുവർത്തിക്കാവുന്നതാണ്. ഡൈക്ലോർവാസ് (0.02%) മാലത്തിയോൺ (0.05%), ക്യൂനോൾഫോസ് (0.05%), ഫോസലോൺ (0.05%) തുടങ്ങിയ കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തിൽ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാൻ ഒരു പരിധിവരെ സഹായിക്കും.
ചെമ്പൻചെല്ലി
[തിരുത്തുക]റിങ്കോഫൊറസ് ഫെറുഗിനിയെസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവ തെങ്ങുൾപ്പെടുന്ന അരകേഷ്യ കുടുംബത്തിലെ മരങ്ങളുടെ തടി തുളച്ച് നീര് കുടിക്കുകയും തടിക്കുള്ളിൽ മുട്ടയിട്ട് വംശവർദ്ധന നടത്തുകയും ചെയ്യുന്നു. ഇത് മരത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാം. ഉഷ്ണമേഖലാ ഏഷ്യയിൽ ഉദ്ഭവിച്ച ഈ ചെല്ലി പിന്നീട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു.
പ്രായം കുറഞ്ഞ തെങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ മാരകമായ ഒരു ശത്രുകീടമാണ് ചെമ്പൻ ചെല്ലി.ഇതിന്റെ പുഴുവാണ് ഉപദ്രവകാരി. അഞ്ചിനും ഇരുപതിനും ഇടയ്ക്ക് വർഷം പ്രായമുള്ള തെങ്ങുകളെയാണ് ഈ കീടംബാധിയ്ക്കുക.ഇതിന്റെ ആക്രമണം തടിയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. തടികളിൽ കാണുന്ന ദ്വാരങ്ങളും അവയിൽ നിന്ന് ഒലിച്ചിറങ്ങുന്ന കൊഴുത്തു ചുകന്ന ദ്രാവകവും തടിയിലെ മുറിവുകളിലൂടെ വെളിയിലേക്ക് തള്ളിനില്ക്കുന്ന തടിയ്ക്കുള്ളിലെ ചവച്ചരച്ച വസ്തുക്കളും ഓലമടലിന്റെ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിള്ളലുകളും നടുവിലുള്ള കൂമ്പോലയുടെ വാട്ടവുമൊക്കെയാണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം നിർണ്നയിക്കാനുള്ള പ്രത്യക്ഷ ലക്ഷണങ്ങൾ. പുഴുക്കൾ തെങ്ങിൻ തടിയ്ക്കുള്ളിലിരുന്ന് തടിയെ കരണ്ടുതിന്നുന്ന ശബ്ദവും ചിലപ്പോൾ കേൾക്കാം.
പ്രാദേശികാടിസ്ഥാനത്തിൽ ഫിറമോൺ കെണി ഉപയോഗിച്ച് ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കൽ ഒരു നിയന്ത്രണമാർഗ്ഗമാണ്.
വേരുതീനി പുഴുക്കൾ
[തിരുത്തുക]മണ്ണിൽ അധിവസിക്കുന്ന വെളുത്ത പുഴുക്കൾ തെങ്ങിന്റെ വേരുകൾ തിന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. തെങ്ങിന് പുറമേ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷിചെയ്യുന്ന മരച്ചീനി, ചേമ്പ്, മധുരക്കിഴങ്ങ് മുതലായവയേയും ഈ കീടം നശിപ്പിക്കുന്നു. ആക്രമണവിധേയമായ തെങ്ങുകളുടെ ഓലകൾ വിളർത്ത മഞ്ഞ നിറമുള്ളവയായി മാറുന്നു. ആക്രമണം രൂക്ഷമാകുമ്പോൾ വിളയാത്ത് തേങ്ങ (വെള്ളയ്ക്ക) പൊഴിഞ്ഞ് വീഴുന്നത് കാണാം.
തെങ്ങിൻ തോപ്പുകളിൽ വെളിച്ചക്കെണി സ്ഥാപിച്ച് ഇവയുടെ പൂർണ്ണ വളർച്ചയെത്തിയ വണ്ടുകളെ ആകർഷിച്ച് നശിപ്പിക്കാവുന്നതാണ്.
മണ്ഡരി
[തിരുത്തുക]തെങ്ങിനെ ആക്രമിക്കുന്ന പ്രധാനകീടമാണ് മണ്ഡരി. അരമില്ലീമീറ്ററിലും താഴെ മാത്രം വലിപ്പമുള്ള ഈ സൂക്ഷമ ജീവിയ്ക്ക് വളരെ നേർത്ത വിരയുടെ ആകൃതിയാണുള്ളത്. ഇതിന്റെ ശരീരം നിറയെ രോമങ്ങളും വരകളും കൂടാതെ മുൻഭാഗത്ത് രണ്ട് ജോടി കാലുകളുമുണ്ട്. ഇതിന് പറക്കാനോ വേഗത്തിൽ സഞ്ചരിക്കാനോ ഉള്ള കഴിവില്ല. എന്നാൽ കാറ്റിലൂടെ വളരെ വേഗം വ്യാപിക്കാനാകും. വളരെ വേഗം പെരുകാനുള്ള കഴിവാണ് മണ്ഡരിയുടെ പ്രത്യേകത. ഒറ്റ കോളനിയിൽ ആയിരത്തിലേറേ ജീവികളുണ്ടാവും. ഇതിന്റെ ജീവിത ചക്രം 12 മുതൽ 14 ദിവസം വരെയാണ്. 1998 ലാണ് ഈ കീടം കേരളത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.[8]മെക്‌സിക്കൻ സ്വദേശിയായ ഈ കീടം ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കർഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയിൽ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.[9]
ഏകദേശം 30-45 ദിവസം പ്രായമായ മച്ചിങ്ങകളിലാണ് മണ്ഡരിയുടെ ഉപദ്രവം കൂടുതലായിട്ടുണ്ടാവുക. മച്ചിങ്ങയുടെ മോടിനുള്ളിലെ മൃദു കോശങ്ങളിൽ നിന്നും ഇവ കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിയ്ക്കുന്നു. തൽഫലമായി മച്ചിങ്ങ വിളഞ്ഞ് വരുമ്പോൾ ചുരുങ്ങി ഇളം തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നു. മച്ചിങ്ങ രണ്ട് മാസം പ്രായമാകുമ്പോള് ഈ പാടുകൾ വിള്ളലോടു കൂടിയ കരിച്ചിലായി മാറുന്നു. തന്മൂലം കരിക്കും നാളികേരവും വികൃതരൂപമാകുന്നതിനുപുറമേ നാളികേരത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു. തൊണ്ടിന്റെ കനം, ചകിരിനാരുകളുടെ തോത് എന്നിവയിലും ഈ കുറവുകൾ കാണാം. ചകിരി കട്ടപിടിയ്ക്കുന്നതിനാൽ നാളികേരം പൊതിയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വായുവിലൂടെ പെട്ടെന്ന് വ്യാപിക്കുന്നതാണ് മണ്ഡരിയുടെ അടിസ്ഥാനസ്വഭാവം എന്നതിനാൽ ഇതിന്റെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്.
പൂങ്കുലച്ചാഴി
[തിരുത്തുക]തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.
പരാഗണം
[തിരുത്തുക]ഓലക്കവിളുകളിൽ ഉണ്ടാകുന്ന ചൊട്ടയാണ് വിരിഞ്ഞ് ശിഖിരങ്ങളോട് കൂടിയ തെങ്ങിൻ പൂങ്കുല ആകുന്നത്. പൂങ്കുലയുടെ ഓരോ ശിഖിരങ്ങളിലും 200-250 ഓളം ആൺപൂക്കളും ചുവട്ടിലായി 1-3 പെൺപ്പൂക്കളും കാണപ്പെടുന്നു.
തെങ്ങിൻ പൂക്കുലയിൽ ആൺ പൂക്കളാണ് ആദ്യം വിരിയുന്നത്. പൂങ്കുല വിരിഞ്ഞ് 2-3 ആഴ്ചക്കാലത്തോളം ആൺദശ നീണ്ടുനില്ക്കും. നെടിയ ഇനം തെങ്ങുകളിൽ അതിനു ശേഷമാണ് പെൺപൂക്കൾ വിരിയുന്നത്. ഇത് ഒരാഴ്ചത്തോളം നിലനില്ക്കും. വിരിയുന്ന ആൺപൂക്കൾ അതത് ദിവസം കൊഴിഞ്ഞ് പോകുമ്പോൾ പെൺപ്പൂക്കൾ പരാഗണക്ഷമമായി 1-3 ദിവസം വരെ നിൽക്കുന്നു. ഇക്കാരണത്താൽ സ്വപരാഗണത്തി തീരെ ഇല്ലാതാവുകയും പരപരാഗണം നടക്കുകയും ചെയ്യുന്നു. എന്നാൽ കുറിയ ഇനം തെങ്ങുകളിൽ ആൺദശ കഴിയുന്നതിന് മുന്പ് തന്നെ പെൺദശ തുടങ്ങുന്നതിനാൽ സ്വപരാഗനത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
കൃത്രിമ പരാഗണം
[തിരുത്തുക]സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കാനായിടാണ് തെങ്ങിൽ കൃത്രിമപരാഗണം നടത്തുന്നത്. കൃത്രിമപരാഗണം നടത്താനായി നേരത്തെ ശേഖരിച്ചുവച്ച പരാഗം തേനൂറി നില്ക്കുന്ന പെൺപ്പൂക്കളിൽ (മച്ചിങ്ങയിൽ) ബ്രഷ് ഉപയോഗിച്ച് നിക്ഷേപിക്കാം. എന്നാൽ കൃത്രിമപരാഗണം നടത്തുന്നതിന് മുമ്പായി മാതൃവൃക്ഷത്തിന്റെ പൂങ്കുല വിരിയുന്ന അന്നു തന്നെ ആൺ പൂക്കൾ അടർത്തി മാറ്റേണ്ടതാണ്. അതുപോലെ തന്നെ തെരെഞ്ഞെടുത്ത് പിതൃവൃക്ഷത്തിൽ നിന്നും പൂങ്കുല വിരിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആൺ പൂക്കൾ ശേഖരിച്ച് ഇളംവെയിൽ ഉണക്കി പരാഗം ശേഖരിച്ച് വയ്ക്കേണ്ടതാണ്. കൃത്രിമപരാഗണത്തിന് നടത്തിയത് ശേഷം പുറത്തുന്ന് വീണ്ടും പൂമ്പൊടി വന്ന് വീഴാതിരിക്കാൻ മാതൃവൃക്ഷത്തിന്റെ പൂങ്കുല ചെറിയ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക്ക് കവർ ഉപയോഗിച്ച് മൂടേണ്ടതാണ്.
വിളവെടുപ്പ്
[തിരുത്തുക]ഒരു തെങ്ങിൽ ഒരു വർഷം 12 പൂങ്കുലകളാണ് ഉണ്ടാകുക. അവയിൽ ചിലത് മാത്രമേ പൂർണ്ണവളർച്ചയെത്താറുള്ളൂ. അതിനാൽ ഒരു വർഷം 12 എണ്ണത്തിൽ താഴെ മാത്രമേ വിളവെടുക്കാനായി ലഭിക്കുകയുള്ളു. വിളവെടുപ്പിന്റെ ഇടവേള ഓരോ സ്ഥലങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണ ഒരു വർഷം 6 മുതൽ 12 വരെ വിളവെടുപ്പുകളാണുള്ളത്. കേരളത്തിൽ വേനൽകാലത്ത് 45 ദിവസത്തെ ഇടവേളയും മഴക്കാലത്ത് 60 ദിവസത്തെ ഇടവേളയും ആണ് പിന്തുടരുന്നത്. ഓരോ തവണ വിളവെടുക്കുമ്പോഴും തെങ്ങിന്റെ മണ്ടയിലെ ഉണങ്ങിയ ഓലകളും കൊതുമ്പുകളും മറ്റും നീക്കം ചെയ്യുന്നത് രോഗകീടങ്ങളുടെ ആക്രമണം ഇല്ലാതാക്കാൻ സഹായിക്കും. വേനൽകാലങ്ങളിൽ അടിവശത്തെ ഒന്നോ രണ്ടോ പട്ടകൾ മുറിച്ച് മാറ്റുന്ന പതിവുമുണ്ട്.
ഉയരം കൂടിയ ഇനങ്ങൾ നട്ട് 5 - 6 വർഷങ്ങൾക്ക് ശേഷവും കുറിയ ഇനങ്ങൾ 3 - 4 വർഷങ്ങൾക്ക് ശേഷവും പൂക്കാൻ തുടങ്ങും. പൂർണ്ണമായും കായ്ച്ച് തുടങ്ങാൻ വീണ്ടും രണ്ട് വർഷത്തോളമെടുക്കും. വിളവെടുത്ത തേങ്ങ കുറച്ച് ദിവസം തണലിൽ കൂട്ടിയിടുകയാണെങ്കിൽ എളുപ്പത്തിൽ പൊതിച്ചെടുക്കുന്നതിനും ഗുണനിലവാരമുള്ള കൊപ്ര ലഭിക്കുന്നതിനും ഉപകരിക്കും.
കൊപ്ര
[തിരുത്തുക]കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കുമായി തേങ്ങ വിളവെടുക്കുമ്പോൾ നന്നായി മൂത്ത് കാമ്പ് നന്നായി ഉറച്ച തേങ്ങയാണ് ഇടുക. തേങ്ങയുടെ മൂപ്പ് നിശ്ചയിക്കുന്നത് പൂക്കുല വന്ന സമയം, തേങ്ങയുടെ വലിപ്പം, ബാഹ്യമായ മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ്. പരമാവധി തൂക്കത്തിൽ കൊപ്ര ലഭിക്കണമെങ്കിൽ പൂർണ്ണമായി മൂപ്പെത്തി ഏതാണ്ട് 12 മാസം പ്രായമായതായിരിക്കണം. മൂക്കാത്ത തേങ്ങയിൽ നിന്നുണ്ടാകുന്ന കൊപ്ര ഗുണമേന്മകുറഞ്ഞിരിക്കും. എണ്ണയുടെ അളവും കുറവായിരിക്കും.
കരിക്ക്
[തിരുത്തുക]വെള്ളത്തിന് മധുരം കൂടുതലുള്ള തെങ്ങിനങ്ങളാണ് കരിക്കിനായി ഉപയോഗിക്കുന്നത്.7-8 മാസം മൂപ്പെത്തിയ തേങ്ങയാണ് കരിക്കിനായി ഉപയോഗിക്കുന്നത്. ഉയരം കൂടിയ തെങ്ങിൽ നിന്ന് കരിക്ക് കയറുപയോഗിച്ച് കെട്ടിയിറക്കണം. വിളവെടുത്ത് കുലയിൽ നിന്ന് വേർപെടുത്തിയ കരിക്ക് 24-36 മണിക്കൂറിലധികം സമയം കേടുകൂടാതിരിക്കില്ല. കരിക്കിൻ വെള്ളം സംസ്കരിച്ച് പാക്ക് ചെയ്ത ഉല്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. കുറിയ ഇനം തെങ്ങുകളായ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്, മലയൻ മഞ്ഞ, മലയൻ ഓറഞ്ച്, ഗംഗാബോന്തം എന്നിവ കരിക്കിന് പറ്റിയ ഇനങ്ങളാണ്. നെടിയ ഇനമായ പശ്ചിമതീരനെടിയ ഇനവും D x T യും കരിക്കിന് ഉത്തമമാണ്.
വിത്ത് തേങ്ങ
[തിരുത്തുക]11-12 മാസം പ്രായമായ മൂപ്പെത്തിയ തേങ്ങയാണ് വിത്തുതേങ്ങയായി ഉപയോഗിക്കുന്നത്. സാധാരണ ഇരുപതിലധികം വർഷം പ്രായമുള്ളതും കനത്ത വിളവ് തരാന് കഴിവുള്ളതുമായ മാതൃവൃക്ഷങ്ങളിൽ നിന്നാണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. ഉയരം കൂടിയ തെങ്ങുകളിൽ നിന്ന് അല്പം ശ്രദ്ധയോടെ കയർ കെട്ടിയിറക്കേണ്ടതുണ്ട്. വളർച്ചയെത്താത്തതും കേടുള്ളതുമായ തേങ്ങകൾ വിത്തുതേങ്ങാ തിരെഞ്ഞ് നീക്കം ചെയ്യേണ്ടതാണ്. കുലുക്കി നോക്കുമ്പോൾ ഉള്ളിൽ കുറച്ച് വെള്ളമുള്ളതോ വെള്ളം വറ്റിയതോ ആയ തേങ്ങകൾ ഉപയോഗിക്കാൻ പാടില്ല. വിത്തു തേങ്ങ ശേഖരിക്കനുള്ള സമയം പ്രാദേശികമായ കാലവസ്തകൾക്കനുസരിച്ച് വ്യത്യസ്തമാണ്.
വിത്ത് തേങ്ങ ശേഖരിച്ച് തണലിൽ സൂക്ഷിച്ച് മഴക്കാലം തുടങ്ങുന്നതോടെ പാകുകയാണ് പതിവ്. കേരളത്തിന്റെ കാലാവസ്ഥയിൽ വിത്തു തേങ്ങ ശേഖരിക്കാനും പാകി മുളപ്പിക്കാനും പറ്റിയ സമയം യഥാക്രമം ജനുവരി-ഏപ്രിൽ വെരെയും ജൂൺ-ജൂലായ് മാസങ്ങളുമാണ്. പാകുന്നതിന് മുമ്പ് തേങ്ങ 1 മാസം മുതൽ 5 മാസം വരെ തണലിൽ ശേഖരിച്ചിടണം. കൂടുതൽ വേഗത്തിലും ഉയർന്ന ശതമാനത്തിലും വിത്തുതേങ്ങ മുളയ്ക്കുവനാണ് ഇങ്ങനെ ചെയ്യുന്നത്.
വിവിധയിനം തെങ്ങുകൾ
[തിരുത്തുക]വളർച്ചാ രീതിയെ അടിസ്ഥാനമാക്കി തെങ്ങുകളെ നെടിയവ(Tall) എന്നും കുറിയവ(Dwarf) എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
നെടിയ ഇനം തെങ്ങുകൾ
[തിരുത്തുക]20-30 മീറ്റർ ഉയരം വരെ വളരുന്ന ഈയിനം തെങ്ങുകൾ 6-10 വർഷങ്ങൾക്ക് ശേഷം മാത്രമേ പുഷ്പിക്കുകയുള്ളൂ.80-100 വർഷങ്ങൾ വരെയാണ് ഇവയുടെ ആയുസ്സ്.
- വെസ്റ്റ് കോസ്റ്റ് ടോൾ
- ഈസ്റ്റ് കോസ്റ്റ് ടോൾ
- ലക്ഷദീപ് ഓർഡിനറി
- ആൻഡമാൻ ഓർഡിനറി
- ബെനാ ലിം ടോൾ (പ്രതാപ്)
- ഫിലിപ്പൈൻസ് ഓർഡിനറി(കേരചന്ദ്ര)
കുറിയ ഇനം തെങ്ങുകൾ
[തിരുത്തുക]- ചാവക്കാട് ഓറഞ്ച്
- ചാവക്കാട് ഗ്രീൻ
- ഗംഗാ ബോധം
- ചെന്തെങ്ങ്
- [[ഗൗളിഗാത്രം]അഥവാ ഗൗരിഗാത്രം]
- മലയൻ യെല്ലോ
- മലയൻ ഗ്രീൻ
- മലയൻ ഓറഞ്ച്
- ടിXഡി, ഡിXടി [10]
- കല്പക
- പതിനെട്ടാം പട്ട
സങ്കരയിനങ്ങൾ
[തിരുത്തുക]- ലക്ഷഗംഗ (Lakshadweep Ordinary x Gangabondam) [4]
- ആനന്ദഗംഗ (Andaman Ordinary x Gangabondam)[4]
- കേരഗംഗ (West Coast Tall x Gangabondam)[4]
- കേരസങ്കര (West Coast Tall x Chowghat Orange Dwarf)[4]
- ചന്ദ്രസങ്കര (Chowghat Orange Dwarf x West Coast Tall)[4]
- കേരശ്രീ (West Coast Tall x Malayan Yellow Dwarf)[4]
- കേരസൗഭാഗ്യ (WCT x SSA)[4]
- ചൊവ്ഘഡ് (Green Dwarf x West Coast Tal)l[4]
- ചന്ദ്രലക്ഷ (Lakshadweep Ordinary x Chowghat Orange Dwarf)[4]
രാസഘടകങ്ങൾ
[തിരുത്തുക]തേങ്ങാപ്പാലിൽ പഞ്ചസാര, പശ, ആൽബുമിൻ, ടാർടാറിക് അമ്ലം, എന്നിവയും വെളിച്ചെണ്ണയിൽ കാപ്രിലിക് അമ്ലം, ഗ്ലിസറൈഡുകൾ, മിരിസ്റ്റിക് അമ്ലം, സ്റ്റീയറിക് അമ്ലം, എന്നിവയും അടങ്ങിയിരിക്കുന്നു. ഓല കത്തിയ ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിട്ടുണ്ട്. വളമായി ഓലയുടെ ചാരം ഉപയോഗിക്കുന്നു. കൂമ്പിൽ നിന്നെടുക്കുന്ന കള്ളിൽ ദഹനത്തെ ത്വരിതപ്പെടുത്തുന്ന ഉല്പ്രേരകങ്ങളും കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
ഉപയോഗങ്ങൾ
[തിരുത്തുക]തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താവുന്നതു കൊണ്ട് തെങ്ങിനെ ഒരു കല്പവൃക്ഷം എന്നു പറയാറുണ്ട്. ഇക്കാലത്ത് തെങ്ങിന്റെ വിവിധ ഭാഗങ്ങളുപയോഗിച്ച് നിർമ്മിച്ച വ്യത്യസ്ത തരം മൂല്യ വർദ്ധിത ഉല്പന്നങ്ങൾ വിപണിയിലെത്തുന്നുണ്ട്. വിവിധയിനം ഔഷധങ്ങളിലും തെങ്ങിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
തേങ്ങ
[തിരുത്തുക]തേങ്ങ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വ്യഞ്ജനമാണ്. വിളഞ്ഞ തേങ്ങയുടെ വെളുത്ത കാമ്പാണ് തേങ്ങയുടെ പ്രധാന ഭാഗം. വിവിധ ഇനം ഭക്ഷണപദാർത്ഥങ്ങളുടെ പ്രധാന ചേരുവയാണ് തേങ്ങ.
കാമ്പ് ചുരണ്ടിയെടുക്കുന്നതിനെ തേങ്ങാ പീര എന്ന് വിളിക്കുന്നു. തേങ്ങാപ്പീര വെള്ളവും ചേർത്ത് പിഴിഞ്ഞ് അരിച്ചെടുക്കുന്നതാണ് തേങ്ങാപ്പാൽ.ഓരോ തവണ പിഴിയുന്നതിനനുസരിച്ച് ഒന്നാം പാൽ,രണ്ടാം പാൽ എന്നിങ്ങനെ പാചകം ചെയ്യുന്നവർ ഇതിനെ വിളിക്കുന്നു. തേങ്ങാപ്പീര ഉണങ്ങിയതും,ശീതീകരിച്ച് സൂക്ഷിക്കുന്ന പച്ച തേങ്ങാപ്പീരയും, തേങ്ങാപ്പാൽ പൊടിയും മറ്റും വിപണിയിൽ ലഭ്യമാണ്.
ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര ചക്കിൽ ആട്ടി ഭക്ഷ്യയോഗ്യമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നു. തലയിലും ശരീരത്തും തേച്ചുകുളിക്കുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണ വേർതിരിഞ്ഞ ശേഷം ചക്കിൽ നിന്നും ലഭിക്കുന്ന കൊപ്രയുടെ അവശിഷ്ടമാണ് കൊപ്ര/തേങ്ങ പിണ്ണാക്ക്. കൊപ്ര പിണ്ണാക്ക് കാലിത്തീറ്റയായി ഉപയോഗിക്കുന്നു.
ഇളം തേങ്ങ കരിക്ക് എന്നറിയപ്പെടുന്നു.കരിക്കിന്റെ കാമ്പും,വെള്ളവും ഒന്നാംതരം ഭക്ഷണമാണ്.
ഹൈന്ദവ ആചാരങ്ങളുമായും തേങ്ങക്കും കതിരിനും അടുത്ത ബന്ധമുണ്ട്.
തേങ്ങയുടെ മൊട്ട് എന്ന് പറയാവുന്ന ചെറിയ പ്രായപൂർത്തിയാവാത്ത തേങ്ങ (മച്ചിങ്ങ, വെള്ളക്ക)
ഉപയോഗിച്ച് കുട്ടികൾ കളിപ്പാട്ടം ഉണ്ടാക്കാറുണ്ട്. മനുഷ്യശരീരത്തിലുണ്ടാവുന്ന ചിലയിനം പരുക്കൾക്ക്(കുരു,ചൊറി) മരുന്നായി വെള്ളക്ക അരച്ച് പുരട്ടാറുണ്ട്.
ഹൈന്ദവ തീർഥാടന കേന്ദ്രമായ ശബരിമലയിലെ അയ്യപ്പസ്വാമിക്ക് സമർപ്പിക്കുന്നതിന് ഭക്തർ തയ്യാറാക്കുന്ന ഇരുമുടിക്കെട്ടിലെ ഒരു പ്രധാനഘടകം നെയ്യ് നിറച്ച തേങ്ങയാണ്. ദൈവ പ്രീതിക്കായി ഹൈന്ദവ ക്ഷേത്രങ്ങളിലും, ചില പൂജാ ചടങ്ങുകളിലും ഭക്തർ തേങ്ങ ഉടക്കാറുണ്ട്.
തേങ്ങാ വെള്ളം
[തിരുത്തുക]തേങ്ങക്കുള്ളിലെ തേങ്ങാവെള്ളം പ്രകൃതി നൾകുന്ന ഉത്തമമായ പാനീയമാണ്. തേങ്ങാവെള്ളത്തിൽ അടങ്ങിയ സൈറ്റോകൈനുകൾ ഉണർവ്വേകാൻ ഉത്തമമാണ്. ഇളം തേങ്ങയുടെ വെള്ളമായ കരിക്കിൻവെള്ളം തീ പൊള്ളലിനു താത്കാലിക പ്രതിവിധിയായും പ്രവർത്തിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ചവർക്ക് കരിക്കിൻ വെള്ളം നൽകാറുണ്ട്. മരുന്നുകൾ രക്തത്തിലേക്കു നേരിട്ടുകുത്തിവെക്കാനുള്ള മാദ്ധ്യമമായും[11], വയറിളക്കത്തിനും കരിക്കിൻവെള്ളം ഉപയോഗിക്കാറുണ്ട്. ആയുർവേദ ചികിത്സയിലും കരിക്കിൻ വെള്ളത്തിന് സ്ഥാനമുണ്ട്. കരിക്ക് ദാഹം ശമിപ്പിക്കാനും ഉപയോഗിക്കുന്നു.
തേങ്ങാവെള്ളം ഉപയോഗിച്ച് വിനാഗിരി അഥവാ ചൊറുക്ക (Vinegar) നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കേന്ദ്ര ഭക്ഷ്യസംസ്കരണ സാങ്കേതിക ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നാളികേര വികസന ബോർഡാണ് തായ്യാറാക്കിയിട്ടുള്ളത്. പാകമായ തേങ്ങയിൽ നിന്നും വെളിച്ചെണ്ണയുടെ നിർമ്മാണത്തിനായി എടുക്കുന്ന തേങ്ങയിൽ നിന്നും ലഭിക്കുന്ന തേങ്ങാവെള്ളം ഉപയോഗിച്ചും വിനാഗിരി നിർമ്മിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന തേങ്ങാ വെള്ളത്തിൽ പഞ്ചസാരയുടെ അളവ് 3% മാത്രമാണ്. ഇതിൽ കൂടുതൽ പഞ്ചസാര ചേർത്ത് 10% ആക്കിയെടുക്കുന്നതാണ് ആദ്യ പണി. അതിലേയ്ക്ക് സക്കറാ മൈസസ് എന്ന യീസ്റ്റ് ചേർത്ത് ഇതിനെ പുളിപ്പിക്കുന്നു. ഇങ്ങനെ നാലഞ്ചു ദിവസം പുളിപ്പിച്ച് കിട്ടുന്ന തെളിഞ്ഞ ദ്രാവകത്തിൽ അസറ്റോബാക്ടർ അടങ്ങിയിട്ടുള്ള സാധാരണ വിനാഗിരി ചേർത്ത് വിനാഗിരി ഉത്പാദന ജനറേറ്ററിലേയ്ക്ക് മാറ്റുന്നു. അതിൽ വച്ച് അസറ്റിക് അമ്ലവുമായി ഓക്സീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷം ഇത് ഒഴുകി സംഭരണിയിൽ എത്തുകയും അവിടെനിന്നും വീണ്ടും വിനാഗിരി ഉത്പാദക ജനറേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്യണം. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അമ്ലത്തിന്റെ അളവ് 4% ആകുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. വിനാഗിരിയുടെ തനതു മണം ലഭിക്കുന്നതിലേയ്ക്കായി വലിയ വീപ്പകളിൽ സൂക്ഷിക്കുന്നു. അതിനുശേഷം പാസ്ചുറൈസ് ചെയ്ത് കുപ്പികളിൽ നിറയ്ക്കുന്നു [12].കോക്കനട്ട് വിനിഗർ(Coconut Vinegar)എന്നാണിതറിയപ്പെടുന്നത്. ചില ഭക്ഷണവിഭവങ്ങൾ പാകം ചെയ്യുന്നതിന് വിനിഗർ ഉപയോഗിക്കുന്നു. കള്ള് അധികകാലം വച്ചിരുന്നാലും ചൊറുക്കയായിത്തീരും
ചിരട്ട
[തിരുത്തുക]തേങ്ങക്കുള്ളിലെ കാമ്പിനെ സംരക്ഷിക്കുന്ന കട്ടിയേറിയ ആവരണമാണ് ചിരട്ട. ചിരട്ടയുടെ ഒരു വശത്ത് മൂന്ന് സുഷിരങ്ങൾ(കണ്ണുകൾ) ഉണ്ടാവും. സാധാരണയായി നടുവെ മുറിച്ചാണ് തേങ്ങ ഉടക്കുന്നത്. അതിനാൽ ചിരട്ടയുടെ ഒരു ഖണ്ഡത്തിൽ കണ്ണുകൾ ഉള്ള ഭാഗം വരുന്നു. കണ്ണുകൾ ഉള്ള ഭാഗം തവി ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. കണ്ണുകൾക്കുള്ളിലൂടെ ചെത്തിയെടുത്ത അലക്(കമുകിന്റെ തടി) കടത്തി തവിയുടെ പിടിയായി ഉപയോഗിക്കാമെന്നതിലാണിങ്ങനെ ചെയ്യുന്നത്. സുഷിരങ്ങൾ ഇല്ലാത്ത ഖണ്ഡം പാത്രങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. കേരളത്തിൽ റബ്ബർ മരത്തിന്റെ കറ ശേഖരിക്കാൻ സാധാരണയായി ചിരട്ടപ്പാത്രങ്ങൾ ഉപയോഗിക്കുന്നു. അലങ്കാരവസ്തുക്കൾ ഉണ്ടാക്കാൻ ചിരട്ട വിശേഷപ്പെട്ടതാണ്.
ചിരട്ട തീയിലിട്ട് ഉണ്ടാക്കുന്ന ചിരട്ടക്കരി മറ്റ് മരക്കരിയിൽ നിന്ന് വ്യത്യസ്തമാണ്. ചിരട്ടക്കരിയുടെ സാന്ദ്രതയേറിയ കാർബൺഘടനയും അതിൽ അടങ്ങിയിട്ടുള്ള പ്രത്യേകതരം നൈസർഗ്ഗികരാസവസ്തുക്കളും സാധാരണയിൽ കവിഞ്ഞ ജ്വലനതാപനില പ്രദാനം ചെയ്യുന്നു.[13] സ്വർണ്ണപ്പണിക്കാർ സ്വർണ്ണം ഉരുക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു. മുൻ കാലങ്ങളിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനുപയോഗിച്ചിരുന്ന ഇസ്തിരിപ്പെട്ടികളിൽ ചിരട്ടക്കരിയാണുപയോഗിച്ചിരുന്നത്.
അറബി നാടുകളിൽ ഒരുകാലത്ത് പ്രസിദ്ധമായിരുന്ന കൊയിലാണ്ടി ഹുക്ക നിർമ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നു. ഹുക്കക്കുള്ളിൽ വെള്ളം സംഭരിക്കുന്നത് ചിരട്ടക്കുള്ളിലാണെന്നതാണ് കൊയിലാണ്ടി ഹുക്കയുടെ ഒരു പ്രത്യേകത. ബംഗാളിലും മറ്റും ഹുക്ക നിർമ്മാണത്തിന് ചിരട്ട ഉപയോഗിക്കുന്നുണ്ട്.
ഒരുപക്ഷേ ചിരട്ടയുടെ ഏറ്റവും പ്രധാന ഉപയോഗം ജലശുദ്ധീകരണത്തിനു് അത്യന്താപേക്ഷിതമായ ഒരു പദാർത്ഥം എന്ന നിലയിലായിരിക്കും. കുടിവെള്ളത്തിനും പരീക്ഷണശാലകളിലെ ഉപയോഗത്തിനും മറ്റും ആവശ്യമായ ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ആധുനികഫിൽട്ടറുകളിലെ ഒരു പ്രധാന ഘടകമാണു് അമ്ലശുദ്ധി വരുത്തി പൊടിച്ചുതരിയാക്കിയ കരി (Activated Carbon). ഇത്തരം കരികളിൽ ഏറെ ഗുണമേന്മയുള്ളതായി കണക്കാക്കപ്പെടുന്നതു് ചിരട്ടക്കരിയാണു്. ഓക്സിജൻ തീരെ കുറവോ ഒട്ടുമില്ലാതെയോ ഉള്ള അന്തരീക്ഷത്തിൽ 600 ഡിഗ്രി സെൽഷ്യസ് വരെ വരെ ഊഷ്മാവിൽ താപനം ( Pyrolysis) നടത്തിയുണ്ടാക്കുന്ന ഇത്തരം ചിരട്ടക്കരിയുടെ ക്രിസ്റ്റൽ ഘടനയുടെ പ്രത്യേകതയും അർദ്ധതാര്യതയും ആണു് ഈ പ്രത്യേകതയ്ക്കു കാരണം.
തൊണ്ട്-ചകിരി
[തിരുത്തുക]തേങ്ങയുടെ പുറം ആവരണമാണ് തൊണ്ട്. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി കറ കളഞ്ഞ് തല്ലിച്ചതച്ച് ചകിരി വേർതിരിച്ചെടുക്കുന്നു. ചകിരി നാര് പിരിച്ച് കയർ,കയറ്റു പായ, ചവിട്ടി തുടങ്ങിയവ ഉണ്ടാക്കുന്നു. ചകിരിയിലെ പൊടിയായ ചകിരിച്ചോറ് നല്ല വളമാണ്. ഓർക്കിഡ് വളർത്താൻ തൊണ്ട് ഉപയോഗിക്കുന്നു. നാട്ടാനയെ കുളിപ്പിക്കുന്നവരും, ചായം തേക്കാൻ ചുവർ വൃത്തിയാക്കുന്നവരും ഉരച്ച് കഴുകുന്നതിന് തൊണ്ട് ഉപയോഗപ്പെടുത്താറുണ്ട്.
ഓല
[തിരുത്തുക]- ഓല
- മടൽ
- ഈർക്കിൽ
തെങ്ങിന്റെ ഇലയാണ് ഓല. തെങ്ങിന്റെ പ്രായം അതിൽ ആകെ ഉണ്ടായിട്ടുള്ള ഓലകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടാറുണ്ട്. പ്രത്യേകിച്ച് നിശ്ചിത എണ്ണം ഓലകൾ വിരിയുമ്പോൾ തെങ്ങും തൈകൾ മാറ്റി നടാൻ പാകമാകും തുടങ്ങി.
മടലും ഈർക്കിലുമാണ് ഓലയുടെ രണ്ട് പ്രധാന ഭാഗങ്ങൾ. ഓലയുടെ തണ്ടാണ് മടൽ.
പുരകൾ മേയുന്നതിന് മെടഞ്ഞ ഓല ഉപയോഗിക്കുന്നു. 1980 ന് മുൻപുള്ള കാലങ്ങളിൽ കേരളത്തിൽ ഓലപ്പുരകൾ സർവ്വസാധാരണമായിരുന്നു. രണ്ടായി പിളർത്തിയ ഓല കെട്ടുകളാക്കി വെള്ളത്തിൽ പത്തു ദിവസത്തോളമിട്ടതിനുശേഷം മെടഞ്ഞ് തയ്യാറാക്കിയാണ് മേയുന്നത്.മെടഞ്ഞ ഓല വേലി കെട്ടുന്നതിനും ഉപയോഗിക്കാറുണ്ട്. ഒരു മുഴുവൻ പച്ച ഓല മെടഞ്ഞ് വളച്ചുകെട്ടി ഉണ്ടാക്കുന്ന കുട്ട വല്ലം എന്നറിയപ്പെടുന്നു. കരിയില വാരുന്നതിനും കാലികൾക്ക് പുല്ല് പറിക്കുന്നവരുടെ പുൽ സംഭരണിയായും വല്ലം ഉപയോഗിക്കുന്നു. വെയിലിൽ പണിയെടുക്കുന്നവർ മെടഞ്ഞ ഓല കുത്തിച്ചാരി നിറുത്തി അതിന്റെ തണലിൽ പണി ചെയ്യുന്നത് കേരളത്തിൽ അപൂർവ്വമല്ലാത്ത ദൃശ്യമാണ്. വയലുകളിൽ പണിചെയ്യുന്ന തൊഴിലാളികളും വെയിലിന്റെ കാഠിന്യമകറ്റാൻ ഓലകൊണ്ടുള്ള മൂടികൾ ഉപയോഗിക്കുന്നു.
ഈർക്കിൽ മാറ്റിയ ഓലക്കാലുകൾ കൊണ്ട് ഓലപ്പന്ത് ഉണ്ടാക്കി അതുകൊണ്ട് ഏറുപന്ത് കളിക്കുന്നതും ഓലക്കാലുകൊണ്ടുണ്ടാക്കിയ കാറ്റാടി ഈർക്കിലിൽ കുത്തിക്കൊണ്ട് ഓടിക്കറക്കുന്നതും കുട്ടികളുടെ വിനോദമാണ്. ഓലക്കാലുകൊണ്ട് ഉണ്ടാക്കുന്ന പാമ്പിന്റെ രൂപത്തെ ഓലപ്പാമ്പ് എന്ന് വിളിക്കുന്നു. 'ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തുക' എന്നൊരു പ്രയോഗം നിലവിലുണ്ട്.
ആനയുടെ ഇഷ്ടാഹാരമാണ് തെങ്ങോല. ഓല സുലഭമായ കേരളത്തിൽ ആനകൾക്ക് ഉണങ്ങാത്ത പച്ച ഓലയും മടലും ഭക്ഷിക്കാൻ കൊടുക്കാറുണ്ട്.
ഇളം ഓലക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. ഇത് കുരുത്തോല എന്നറിയപ്പെടുന്നു. യേശുക്രിസ്തുവിനെ യെരുശലേമിൽ ഒലിവിലകൾ കൊണ്ടു വരവേറ്റതിന്റെ ഓർമ്മക്കായി ആചരിക്കുന്ന ഓശാന പെരുനാൾ കേരളത്തിൽ കുരുത്തോല പെരുനാള്‍ എന്നറിയപ്പെടുന്നു. ഒലിവിലക്കു പകരം ഇവിടെ ക്രിസ്ത്യാനികൾ കുരുത്തോല പിടിച്ചുകൊണ്ട് പെരുനാൾ ആചരിക്കുന്നു.
തോരണങ്ങൾ ഉണ്ടാക്കുന്നതിനും അലങ്കാരത്തിനും കുരുത്തോല ഉപയോഗിക്കുന്നു. തെയ്യം, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ ചമയത്തിന് കുരുത്തോല ഉപയോഗിക്കാറുണ്ട്.
ചില ഹൈന്ദവ ആചാരങ്ങളിലും കുരുത്തോലക്കു പ്രാധാന്യമുണ്ട്.
മടൽ
[തിരുത്തുക]മധ്യകേരളത്തിലെ ചില ഇടങ്ങളിൽ പട്ട എന്നാണ് പറയാറ്. ഓലമടലിന് മട്ടൽ എന്നും ചിലസ്ഥലങ്ങളിൽ പേരുണ്ട്. കമാന രൂപമാണിതിന്,കവിള മടൽ എന്നും അറിയപ്പെടുന്നു. രണ്ടു വശത്തെക്ക് ധാരാളം ഓലക്കാലുകൾ കാണാം. ഓലക്കാലിന് നടുവിൽ ഈർക്കിലുകളും. മടലിന്റെ ചെറിയ കഷണങ്ങൾ മടൽപ്പൊളി എന്നറിയപ്പെടുന്നു. വിറകിനുവേണ്ടി ധാരാളമായി ഉപയോഗിക്കുന്ന മടൽ, വാഴ, തേങ്ങാക്കുല എന്നിവയ്ക്ക് താഴെനിന്ന് താങ്ങ് കൊടുക്കാനും ഉപയോഗിക്കാറുണ്ട്. കുട്ടികൾ മടൽ ചെത്തിമിനുക്കി ക്രിക്കറ്റ് ബാറ്റ് ആയി ഉപയോഗിക്കാറുണ്ട്. മടൽ ബാറ്റ് എന്ന് ഇവ അറിയപ്പെടുന്നു.
ഒരു വശത്ത് ചവിട്ടിയാൽ മറുഭാഗം പൊങ്ങി ചവിട്ടിയ ആളുടെ മേൽ അടികിട്ടാൻ സാധ്യത ഉള്ളത് കൊണ്ട് മടലിൽ ചവിട്ടിയത് പോലെ എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്.
മടലിന്റെ മുകൾ വശത്തുനിന്ന് ഇളക്കിയെടുക്കാൻ കഴിയുന്ന തൊലിയാണ് വഴുക. കൃഷിയിടങ്ങളിൽ കയറിനു പകരമായി പലതും കെട്ടുന്നതിന് വഴുക ഉപയോഗിക്കുന്നു. മെടച്ചിലിന് ഓലക്കെട്ടുകൾ കെട്ടുന്നത് വഴുക ഉപയോഗിച്ചാണ്.
ഈർക്കിൽ
[തിരുത്തുക]തെങ്ങോലയിലെ ഇലക്കുഞ്ഞുങ്ങളുടെ (leaflets) ഉറപ്പുള്ള മധ്യസിര(midrib) ആണ് ഈർക്കിൽ എന്ന് അറിയപ്പെടുന്നത്. ചൂൽ നിർമ്മിക്കുന്നതിന് ധാരാളമായി ഉപയോഗിക്കുന്ന ഈർക്കിൽ, കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ട്. കേരളത്തിൽ നാക്ക് വടിക്കുന്നതിന് രണ്ടായി പിളർന്നെടുത്ത പച്ച ഈർക്കിൽ പാളികൾ ഉപയോഗിക്കുന്നു. ഈർക്കില, ഈർക്കിലി എന്നും ചില സ്ഥലങ്ങളിൽ പേരുണ്ട്. പണ്ടുകാലത്ത് പ്ലാവിലയിൽ കുമ്പിൾ കുത്താൻ ഈർക്കിലാണ് ഉപയോഗിച്ചിരുന്നത്.
കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിൽ അപാകത കാണാതിരുന്ന മുൻകാലങ്ങളിൽ അവരെ തല്ലാൻ മാതാപിതാക്കളും അദ്ധ്യാപകരും ഈർക്കിൽ ഉപയോഗിച്ചിരുന്നു.
വണ്ണക്കുറവിനെയോ മെലിഞ്ഞ അവസ്ഥയേയോ സൂചിപ്പിക്കാൻ ഈർക്കിൽ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. വണ്ണംകുറഞ്ഞ മനുഷ്യരെ ഈർക്കിൽ മാർക്ക് എന്നും ആൾബലമില്ലാത്ത രാഷ്ട്രീയകക്ഷികളെ ഈർക്കിൽ പാർട്ടികൾ എന്നും വിശേഷിപ്പിക്കുന്നത് ഉദാഹരണമാണ്.
പൂക്കുല
[തിരുത്തുക]നെല്ലു നിറച്ച് തെങ്ങിൻ പൂക്കുല സ്ഥാപിച്ച പറ മംഗളകർമ്മങ്ങൾ നടക്കുന്ന വേദികളിലും, ഹൈന്ദവ വിവാഹ വേദികളിലും അവിഭാജ്യ ഘടകമാണ്.
തെങ്ങിൻ പൂവ് പൂമ്പൊടിയുടെ അക്ഷയ ഖനിയാണ്.കേരളത്തിൽ തേനീച്ച വളർത്തലിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നത് തെങ്ങിന്റെ ഈ പ്രത്യേകതയാണ്.
വളർച്ചയെത്താത്ത പൂക്കുലയിൽ നിന്നും കള്ള് ഉണ്ടാക്കാറുണ്ട്.
തടി
[തിരുത്തുക]അധികം വളവില്ലാതെ നേർ നീളമുള്ള ഒറ്റത്തടിയായതിനാൽ ഓടും മറ്റും മേഞ്ഞ വീടുകളുടെ ഉത്തരം,കഴുക്കോൽ,പട്ടിക എന്നിവയും, എരുത്തിലിന്റെ (കാലിത്തൊഴുത്ത്) കുന്തക്കാൽ,കാളക്കാൽ തുടങ്ങിയവയും ഉണ്ടാക്കുന്നതിന് തെങ്ങും തടി ഉപയോഗിച്ചു വന്നിരുന്നു. ഇതേ സവിശേഷതകൾ കൊണ്ടുതന്നെ കേരളത്തിൽ പണ്ട് സുലഭമായിരുന്ന തോടുകളുടെയും ചെറു ജലാശയങ്ങളുടെയും മുകളിൽ പാലങ്ങൾ തെങ്ങും തടി ഉപയോഗിച്ച് ഉണ്ടാക്കിയിരുന്നു. ചിറ കെട്ടുന്നതിനും തെങ്ങിൻ തടി ഉപയോഗിക്കുന്നു.
പണ്ടുകാലത്ത് കേരളത്തിൽ സാധാരണയായിരുന്ന കയറുകട്ടിൽ തെങ്ങും തടി ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഉലക്ക,വീട്ടുപകരണങ്ങൾ,കതക്,ഭിത്തികളുടെ ആവരണം(paneling) എന്നിവക്ക് തെങ്ങിൻ തടി ഉപയോഗിക്കുന്നു. ആധുനിക വീടുകളുടെ തറയിൽ പാകുന്നതിന് തെങ്ങിൻ തടിയിൽ തീർത്ത ടയിലുകൾ ഉപയോഗിക്കാറുണ്ട്.
വിറകായും പ്രത്യേകിച്ച് ഇഷ്ടിക ചൂളകളിൽ തെങ്ങും തടി വ്യാപകമായി ഉപയോഗിക്കുന്നു. ചൂളകളിലേക്ക് കൊണ്ടുപോകുന്നതിന് തെങ്ങിൻ തടി ഒരു മീറ്ററോളം നീളമുള്ള കഷണങ്ങളായി മുറിക്കുന്നു. ഇവ തെങ്ങിൻ മുട്ടി എന്നറിയപ്പെടുന്നു. മുട്ടി ഒന്നിന് 20 മുതൽ 30 രൂപ വരെ ലഭിക്കും (Oct 2008). രോഗം മൂലം മണ്ട പോയ തെങ്ങുകളാണിതിന് ഉപയോഗിക്കുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിളഞ്ഞ നല്ലയിനം തെങ്ങിന് 1500 മുതൽ 2500 രൂപ വരെ വിലയുണ്ട് (Oct 2008).
ഉപോത്പന്നങ്ങൾ
[തിരുത്തുക]തെങ്ങിൽ നിന്നും വളരെയധികം ഉപോത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.
വെളിച്ചെണ്ണ
[തിരുത്തുക]തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്. വെളിച്ചെണ്ണ ഒരുതരം കൊഴുപ്പാണ്. ഇതിൽ 90% ഉറച്ച കൊഴുപ്പ് അടങ്ങിയിരിക്കുന്നു. [14]
ചകിരി
[തിരുത്തുക]തേങ്ങയുടെ പുറംതോടിനും ഉള്ളിലുള്ള ചിരട്ടക്കും ഇടക്കുള്ള നാരുകളുടെ കൂട്ടത്തെ ചകിരി എന്നു വിളിക്കുന്നു. കയറും കയറുൽപന്നങ്ങളും നിർമ്മിക്കുവാനുള്ള അസംസ്‌കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നു. തേങ്ങയിൽ നിന്നു കിട്ടുന്ന ചകിരി പാകപ്പെടുത്തി എടുത്തു ഉണ്ടാക്കുന്ന ഒരു തരം ബലമുള്ള വള്ളിയാണ് കയർ.
കള്ള്
[തിരുത്തുക]ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂർ മേഖലകളിലാണ്. കേരളത്തിലെ മുഴുവൻ കള്ള് ഷാപ്പുകൾക്കും കള്ള് നൽകപ്പെടുന്നതും ഈ മേഖലയിൽ നിന്നുമാണ്. പുളിക്കാത്ത കള്ള് മറ്റേതൊരു ലഘുപാനീയത്തേക്കാളും ശ്രേഷ്ഠവും കുഞ്ഞുങ്ങൾക്ക് പോലും ടോണിക്കിന്റെ രൂപത്തിൽ കൊടുക്കാൻ കഴിയുന്നതുമാണ്. പുളിച്ച കള്ളിൽ അടങ്ങിയിരിക്കുന്ന ആൾക്കഹോളിന്റെ അളവ് സാധാരണ ലഭിക്കുന്ന ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ആൾക്കഹോളിന്റെ അളവിലും കുറവാണ്. തെങ്ങിൻ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതൽ 16% വരെയാണ്. ജീവകം എ, ജീവകം ബി, ജീവകം ബി-2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടകങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിൻ, അസ്പാർട്ടിക് അമ്ലം എന്നിവയുൾപ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളിൽ അടങ്ങിയിരിക്കുന്നു[അവലംബം ആവശ്യമാണ്].
ഇടവിളകളും മിശ്രവിളകളും
[തിരുത്തുക]നാളികേര വികസന ബോർഡിന്റെ ശൂപാർശ്ശയനുസരിച്ച് ശാസ്ത്രീയമായി തെങ്ങ് നടുമ്പോൽ പാലിക്കേണ്ട അകലം 7.5 മീറ്റർ ആണ്. ഇതുപോലുള്ള തോട്ടങ്ങളിലെ തെങ്ങുകൾക്കിടയിൽ മറ്റ് വിളകൽ കൃഷിചെയ്യുന്നതിനായി ഉപയോഗിക്കാം. ഇത്തരത്തിൽ തെങ്ങിൻ തോപ്പിൽ തെങ്ങിനൊപ്പം ചെയ്യുന്ന മറ്റുവിളകളാണ് ഇടവിളകളും മിശ്രവിളകളും. ചില പ്രധാന ഇട/മിശ്ര വിളകൾ
- ധാന്യങ്ങൾ - നെല്ല്, ചോളം
- പയറുവർഗ്ഗങ്ങൾ - പയർ, മുതിര, നിലക്കടല
- കിഴങ്ങുകൾ - മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്
- സുഗന്ധവ്യഞ്ജനങ്ങൾ - ഇഞ്ചി, മഞ്ഞൾ, മുളക്, കുരുമുളക്, ജാതി, കറുവപ്പട്ട, ഗ്രാമ്പൂ
- പഴവർഗ്ഗങ്ങൾ - വാഴ, കൈതച്ചക്ക, പപ്പായ
- മറ്റു വിളകൾ - കൊക്കോ, തീറ്റപ്പുല്ലിനങ്ങൾ
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം :മധുരം
- ഗുണം :ഗുരു, സ്നിഗ്ധം
- വീര്യം :ശീതം
- വിപാകം :മധുരം[15]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വിത്ത്, എണ്ണ, കൂമ്പ്, പൂവ്, ഇല, തേങ്ങവെള്ളം, വേര്[15]
ഔഷധഗുണങ്ങൾ
[തിരുത്തുക]തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ
[തിരുത്തുക]- കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്. [16]
- നിർജലീകരണ പരിഹാരത്തിന് ഉപയോഗിക്കാം .[16]
- അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.[16]
- ശരീരത്തെ തണുപ്പിക്കുന്നു.[16]
- ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും.[16]
- കുടൽ വിരകളെ നശിപ്പിക്കുന്നു.[16]
- മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന[16]
- മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.[16]
- ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ് .[16]
- ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു[16]
- കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം. ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്. ശുക്ലം വർദ്ധിപ്പിക്കുന്നു. ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്. തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.[17]
ഹോർത്തൂസ് മലബാറിക്കൂസിലെ പരാമർശം
[തിരുത്തുക]പ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കൂസിലെ ആദ്യത്തെ അദ്ധ്യായം തെങ്ങിനെ കുറിച്ച് ആണ്. ഹോർത്തൂസ് മലബാറിക്കൂസിൽ ഉപയൊഗിച്ചിരിക്കുന്ന തെങ്ങിനെ സംബന്ധിച്ച വരചിത്രങ്ങൾ താഴെ കാണാം.
-
തെങ്ങ്
-
തെങ്ങിൻ പൂക്കുല
-
തേങ്ങാക്കുല
-
തേങ്ങയും ചിരട്ടയും
കൃഷിഗീതയിലെ പരാമർശം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു മലയാളം കാർഷികവിജ്ഞാനീയ കൃതിയാണ് കൃഷിഗീത. ഇതിൽ വിവിധയിനം തെങ്ങിനങ്ങളെ കുറിച്ചും അവ നടേണ്ട കാലത്തെക്കുറിച്ചും വിത്തു തേങ്ങ തയ്യാറാക്കുന്നതിനെക്കുറിച്ചുമെല്ലാം വിശദമായി പ്രദിപാദിച്ചിട്ടുണ്ട്. ചെറുതേങ്ങ, വെള്ളത്തേങ്ങ, ഗൗരീപാത്രം, കന്നികൂരൻ, കുംഭക്കുടവൻ എന്നീ തെങ്ങിനങ്ങളെ പറ്റിയാണ് ഇതിൽ പരാമർശമുള്ളത്. തെങ്ങുകൃഷിയുടെ മഹത്ത്വം ചൂണ്ടിക്കാട്ടുന്ന വരികൾ താഴെക്കൊടുക്കുന്നു
"തെങ്ങു വെക്കുന്ന മാനുഷരെല്ലാരും
പൊങ്ങിടാതെയിരിക്കുന്നു സ്വർഗത്തിൽ" -കൃഷിഗീത 63-64 [18]
തെങ്ങടയാളം
[തിരുത്തുക]ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തെങ്ങിന്റെയും തേങ്ങയുടെയും ചിത്രങ്ങൾ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി ഉപയോഗിക്കുന്നു.
തെങ്ങ് മലയാള സാഹിത്യത്തിൽ
[തിരുത്തുക]നുറുങ്ങുകൾ
[തിരുത്തുക]- ആരെങ്കിലും ഒരിക്കൽ ചെയ്ത ഉപകാരം ആയുഷ്കാലം മുഴുവൻ ഓർത്തിരുന്നു പ്രത്യുപകാരം ചെയ്യുന്ന മഹത്തുക്കളുടെ മാതൃകയായി പതിനാലാം നൂറ്റാണ്ടിലെ സംസ്കൃതകവി ശാർങ്ഗധരൻ തെങ്ങിനെ പുകഴ്ത്തിയിട്ടുണ്ട്. "ഒന്നാം വയസ്സിൽ നൽകിയ അല്പം ജലം സ്മരിച്ചുകൊണ്ട് ശിരസ്സിൽ ഭാരം പേറിയ തെങ്ങുകൾ അമൃതിനു സമമായ ജലം ആജീവനാന്തം മനുഷ്യർക്കു നൽകുന്നു. സജ്ജനങ്ങൾ അവർക്കു ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങൾ വിസ്മരിക്കുന്നില്ല" എന്നാണ് കവി പറഞ്ഞത്. ശ്ലോകം ഈ വിധമാണ്:
“ | പ്രഥമവയസി ദത്തം തോയമല്പം സ്മരന്ത: ശിരസി നിഹിതഭാരാ നാളികേരാ നരാണാം |
” |
തെങ്ങ് ഇല്ലാത്ത നാടുകളിൽ നിന്നുള്ള പുരാതനകാലത്തെ സഞ്ചാരികൾ ആദ്യമായി തെങ്ങും തേങ്ങയും കണ്ട് രസകരമായ വിവരണങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്:
- 13-ആം നൂറ്റാണ്ടിൽ വെനീസുകാരനായ മാർക്കോ പോളോ നാളികേരത്തെ ഇങ്ങനെ വിവരിച്ചു. "ഇവിടെ പനയോട് സാമ്യമുള്ള ഒരു വൃക്ഷത്തിൽ നിന്ന് മധുരവും ലഹരിയുമുള്ള അതിവിശിഷ്ടമായൊരു പാനീയം എടുക്കുന്നുണ്ട്.......ഈ വൃക്ഷത്തിന്റെ ഫലങ്ങൾക്ക് ഇന്ത്യൻ കായ എന്നാണു പേര്. മനുഷ്യന്റെ തലയോളം വലിപ്പവും അതിനോടു സാമ്യവും ഉള്ളതാണ് ഈ കായകൾ. പാലിനേക്കാൾ വെളുത്തതും മധുരവും ഹൃദ്യവുമായ ഒരു സാധനമുണ്ട് ഇതിനുള്ളിൽ. അതിനും ഉള്ളിൽ ശുദ്ധജലം പോലെ തെളിഞ്ഞതും മധുരശീതളവുമായ ഒരു പാനീയം നിറഞ്ഞിരിക്കും. ഇത്രയും സ്വാദുള്ള മറ്റൊരു പാനീയത്തെക്കുറിച്ച് എനിക്കറിവില്ല."[20]
- 12-ആം നൂറ്റാണ്ടിൽ മൊറോക്കൻ സഞ്ചാരിയായ ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയ വിവരണവും ശ്രദ്ധേയമാണ്. "ഇവിടെ സുലഭമായ ഒരുതരം വൃക്ഷത്തിന്റെ കായാണ് നാളികേരം. നമ്മുടെ ഈത്തപ്പന പോലെ തന്നെയാണ് ആ മരവും. വൃക്ഷത്തിന്റെ സ്വരൂപത്തിൽ പറയത്തക്ക വ്യത്യാസമില്ല......നാളികേരത്തിനു മനുഷ്യന്റെ തലയിലെന്ന പോലെ രണ്ടു കണ്ണുകളും വായയുമുണ്ട്. പുറത്തു തലമുടി പോലെ നാരും ഉള്ളിൽ തലച്ചോറും കാണാം. മാലദ്വീപിലെ നാളികേരത്തിനു മനുഷ്യന്റെ തലയോളം വലിപ്പമുണ്ട്."[20]
ചിത്രസഞ്ചയം
[തിരുത്തുക]-
തെങ്ങിൻ തൈ
-
തെങ്ങുകൾ
-
തല പോയ തെങ്ങുകൾ
-
തെങ്ങ്
-
കൊഴിഞ്ഞിൽ
-
തെങ്ങിൻ തടിയുടെ ഭാഗം
-
തെങ്ങിൻ കട
-
തെങ്ങിൽ പൂക്കുല
-
തേങ്ങകൾ
-
തേങ്ങക്കുല
-
മച്ചിങ്ങ പ്രായത്തിൽ
-
തെങ്ങിൻപൂക്കുല പത്തൊമ്പതാം നൂറ്റാണ്ടിലെ രേഖാചിത്രം
-
തെങ്ങ്
-
തെങ്ങ്
-
വെള്ളക്ക
-
തെങ്ങിന്റെ മുകൾ ഭാഗം നച്ചിങ്ങ അഥവാ വെള്ളക്കയും ചെറിയ തേങ്ങയും കാണാം
-
വെള്ളക്ക
-
സി.ഒ.ഡി
-
ഡബ്ലിയൂ.സി.ടി.
-
സി.ജി.ഡി.
-
ഡബ്ലിയൂ.സി.ടി.xസി.ജി.ഡി.സങ്കര ഇനം
-
നാളികേരം-മുളച്ചത്
-
തേങ്ങകൾ
-
തേങ്ങ പൊട്ടിച്ച് ഉണക്കാനിട്ടിരിക്കുന്നു
-
തേങ്ങയുടെ ചകിരി
-
നാളികേരം-പൊങ്ങ്
-
തെങ്ങിന്റെ തൈ.
-
ഒരു തെങ്ങുംതോപ്പ്
-
ചിരട്ടയും ചകിരിയും
-
മച്ചിങ്ങ ഒരു സമീപദൃശ്യം
-
തെങ്ങിൽനിന്ന് കൊഴിഞ്ഞു വീണ മച്ചിങ്ങ
-
കുംഭമേളയിൽ തേങ്ങ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ കെ., ശിവശങ്കരൻ നായർ. വേണാടിൻറെ പരിണാമം (2005 ed.). കോട്ടയം: കറൻറ് ബുക്സ്. p. 238. ISBN 81-240-1513-9.
{{cite book}}
: Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ 3.0 3.1 3.2 പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4.
{{cite book}}
: Check|isbn=
value: invalid character (help) - ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 "കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി". Archived from the original on 2009-11-25. Retrieved 2009-10-13.
- ↑ 5.0 5.1 5.2 5.3 കർഷകശ്രീ മാസിക. ഏപ്രിൽ 2009. പുറം.47-48
- ↑ നാളികേര വികസന ബോർഡിന്റെ കൈ പുസ്തകം
- ↑ "കാർഷികകേരളം - തെങ്ങിന്റെ സംരക്ഷണം - ശേഖരിച്ച തീയതി 2008 നവംബർ 18". Archived from the original on 2016-03-04. Retrieved 2008-11-18.
- ↑ ഇന്ത്യൻ നാളികേര ജേണൽ (ലക്കം 36)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-31. Retrieved 2011-11-28.
- ↑ Xഡി ഡിXടി http://coconutboard.nic.in/faq.htm
- ↑ Campbell-Falck D (2000). "The intravenous use of coconut water". Retrieved 11 ഒക്ടോബർ 2010.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ മലയാള മനോരമയുടെ കർഷകശ്രീ മാസിക , മെയ് 2010 പുറം 54
- ↑ The effect of temparature on the crystal growth of coconut shell carbon -(Paper presented by Meytij Jeanne Rampea, Bambang Setiajib, Wega Trisunaryantib, Triyonob et al, Various universities of Indonesia) 3rd international conference (ICMNS 2010)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Nutrition Facts and Information for Vegetable oil, coconut
- ↑ 15.0 15.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ 16.00 16.01 16.02 16.03 16.04 16.05 16.06 16.07 16.08 16.09 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-17. Retrieved 2009-10-13.
- ↑ ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help) - ↑ ലേഖനം : ചെത്തുന്നിളം തെങ്ങ്, ചെറുതെങ്ങ്, മുതുതെങ്ങ്. ലേഖകൻ: ഡോ: സി ആർ രാജഗോപാലൻ, പ്രസിദ്ധീകരിച്ചത് : മാതൃഭൂമി ആഴ്ചപ്പതിപ്പ് പുസ്തകം 91, ലക്കം 46 (2014 ജനുവരി 26-ഫിബ്രവരി 1)
- ↑ അമൂല്യശ്ലോകമാല, സമാഹരണം, വ്യാഖ്യാനം, അരവിന്ദൻ(പുറം 153)
- ↑ 20.0 20.1 വേലായുധൻ പണിക്കശ്ശേരി, "മാർക്കോപോളോ ഇന്ത്യയിൽ" (പുറം 39)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
|
- തെങ്ങ് ഗവേഷണ കേന്ദ്രം വെബ്സൈറ്റ്
- കർഷകകേരളം വെബ്സൈറ്റ്/തെങ്ങ് Archived 2016-03-04 at the Wayback Machine.