Jump to content

ധന്വയാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധന്വയാസം
Bright sunlight: Flower,
stems, and leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. cretica
Binomial name
Fagonia cretica

സൈഗോഫില്ലേസീ (Zygophyllaeceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് ധന്വയാസം. ശാസ്ത്രനാമം: ഫാഗോണിയ ക്രെട്ടിക്ക (Fagonia cretica), ഫാഗോണിയ അറബിക്ക (Fagonia arabica). സംസ്കൃതത്തിൽ ദുരാലഭാ, ധന്വയാസഃ, താമ്രമൂലാ, ദുഃസ്പർശഃ, സമുദ്രാന്തം, കഛുരഃ, സൂക്ഷ്മപത്രഃ, ഹരിവിഗ്രഹാ,അനന്താ എന്നീ പേരുകളാണുള്ളത്. മെഡിറ്ററേനിയൻ പ്രദേശം, പഞ്ചാബ്, ഗംഗാസമതലം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വിജനമായ പ്രദേശങ്ങളിൽ കളസസ്യമായി വളരുന്ന ധന്വയാസം കേരളത്തിൽ വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ.

വിവരണം

[തിരുത്തുക]

40 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഓഷധിയാണ് ധന്വയാസം. ഗ്രന്ഥിമയമായ തണ്ട് കനം കുറഞ്ഞതും തിളക്കമുള്ളതുമാണ്. തണ്ടിൽ നിറയെ മുള്ളുകളുണ്ടായിരിക്കും. നാനാവശത്തേക്കും ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഓഷധിയാണിത്. സൂചിപോലെ നേർത്ത് അഗ്രം കൂർത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കും. 1-3 പർണിതമായ ഇലകൾക്ക് 12 മി.മീ. നീളവും 2.5 മി.മീ. വീതിയുമുണ്ട്. ഇലഞെടുപ്പ് 0.3 സെ.മീ. വരെ നീളമുള്ളതാണ്. അനുപർണങ്ങൾ 1.2 സെന്റിമീറ്ററോളം നീളമുള്ള ചിരസ്ഥായിയായ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകൾ കൊഴിഞ്ഞുപോയശേഷവും മുള്ളുകൾ വളർന്നുകൊണ്ടേയിരിക്കും. ഒക്ടോബർ‍-നവംബർ മാസങ്ങളാണ് ധന്വയാസത്തിന്റെ പുഷ്പകാലം. അനുപർണങ്ങൾക്കിടയ്ക്കുനിന്ന് വളരെച്ചെറിയ ഓരോ പുഷ്പങ്ങളുണ്ടാകുന്നു. ഇവ ഇളം റോസ് നിറമുള്ളതാണ്. പൂഞെട്ടിന് 5-12 മി.മീ. നീളം വരും. ദളങ്ങളുടെ പകുതിയോളം മാത്രം നീളമുള്ള അഞ്ച് ബാഹ്യദളങ്ങളുണ്ട്. പുഷ്പങ്ങൾ വിരിഞ്ഞ് അധികം താമസിയാതെ ബാഹ്യദളങ്ങൾ കൊഴിഞ്ഞുപോകുന്നു. ആറുമില്ലിമീറ്ററോളം നീളമുള്ള അഞ്ച് ദളങ്ങളുണ്ട്. 10 കേസരങ്ങളുണ്ടായിരിക്കും. അണ്ഡാശയം അഞ്ച് കോണുകളും അഞ്ച് അറകളും ഉള്ളതാണ്. അഞ്ച് കോണുകളുള്ള വർത്തികയാണ് ഇതിനുളളത്; വർത്തികാഗ്രം സരളവും. അഞ്ച് മി.മീ.നീളമുള്ള കായ് ഒറ്റ വിത്ത് മാത്രമുള്ളതാണ്. ദൃഢതയും മിനുസവുമുള്ള വിത്ത് അഞ്ചായി വിഭജിതവുമാണ്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കഷായം, മധുരം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ശീതം

വിപാകം :കടു [1]


ഉപയോഗം

[തിരുത്തുക]

ധന്വയാസം സമൂലം ഔഷധയോഗ്യമാണ്. ഈ സസ്യത്തിൽനിന്ന് ഹാർമിൻ, ട്രൈടെർപ്പിനോയ്ഡ് ഇനത്തിൽപ്പെട്ട ഒളിയാനേൻ (Oleanane) എന്നിവ വേർതിരിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ രസം കഷായമോ മധുരമോ തിക്തമോ ആയിരിക്കും. ഇത് കഫപിത്ത രോഗങ്ങൾ ശമിപ്പിക്കുന്നു. മൂത്രജമാണ്; നാഡിയെ ബലപ്പെടുത്തുന്നു; രക്തം ശുദ്ധീകരിക്കുന്നു. ആസ്ത്മ, പനി, ഛർദി, വയറിളക്ക രോഗങ്ങൾ, കരൾരോഗങ്ങൾ, പല്ലുവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ചൊറിക്ക് തണ്ടിന്റെ തോല് അരച്ച് ലേപനം ചെയ്യാറുണ്ട്.

സുശ്രുതൻ ധന്വയാസത്തിന്റെ ഇലയും തണ്ടുംകൂടി പാമ്പുവിഷത്തിന് ഔഷധമായി നൽകിയിരുന്നു. വസൂരിക്ക് രോഗനിരോധന ഔഷധമായി ഇത് ഉപയോഗിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
  1. ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധന്വയാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധന്വയാസം&oldid=3805393" എന്ന താളിൽനിന്ന് ശേഖരിച്ചത്