Jump to content

ത്രോംബോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രോംബോസിസ്
സ്പെഷ്യാലിറ്റിആൻജിയോളജി, vascular surgery, ഹീമറ്റോളജി Edit this on Wikidata

രക്തക്കുഴലുകളിൽ രക്തക്കട്ടകൾ അഥവാ ത്രോംബസുകൾ രൂപീകൃതമാകുന്ന പ്രക്രിയയാണ് ത്രോംബോസിസ് (Thrombosis, Greek: θρόμβωσις) . രക്തക്കുഴലിന്റെ ഉൾഭിത്തിയോട് ഒട്ടിച്ചേർന്നാണ് ത്രോംബസ് ഉടലെടുക്കുന്നത്. മുറിവിലുണ്ടാകുന്ന രക്തപ്രവാഹം നിറുത്തുവാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനമെന്ന നിലയ്ക്കാണ് സാധാരണയായി രക്തം ഉറഞ്ഞു കട്ടിയാകുന്നത് (blood clotting). എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, രക്തക്കുഴലിനുള്ളിൽത്തന്നെ രക്തക്കട്ടകൾ രൂപീകൃതമാകുന്ന അവസ്ഥ അസ്വാഭാവികമാണ്. രക്തക്കുഴലിന്റെ ഉൾഭിത്തിക്ക് (endothelium) ഏതെങ്കിലും വിധത്തിൽ തകരാറ് സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ ത്രോംബസ് ഉണ്ടാകുന്നത്.

ത്രോംബസിന്റെ രൂപീകരണം

[തിരുത്തുക]

എൻഡോതീലിയത്തിനു കേടുപാടുണ്ടാകുമ്പോൾ സ്വാഭാവികമായി രക്തത്തിന്റെ ഉറയൽ സ്വഭാവം വർധിക്കുകയും പ്ലേറ്റ്ലറ്റുകൾ കൂടുതലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. പ്ലേറ്റ്ലറ്റുകൾക്ക് പരസ്പരം ഒട്ടിച്ചേരാനുള്ള പ്രവണതയുണ്ട്. എൻഡോതീലിയം പരുക്കനാവുകയോ രക്തപ്രവാഹത്തിന്റെ വേഗത കുറയുകയോ ചെയ്യുമ്പോൾ പ്ലേറ്റ്ലറ്റുകൾ ഒട്ടിപ്പിടിക്കാനുള്ള സാധ്യതയേറുന്നു. കൂടാതെ പ്ലേറ്റ്ലറ്റുകൾ രക്തം കട്ടയാകുന്നത് ത്വരിതപ്പെടുത്തുന്ന ത്രോംബോപ്ളാസ്റ്റിനോജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉറഞ്ഞുതുടങ്ങുന്ന രക്തത്തിലെ മാംസ്യഘടകങ്ങൾ അനവധി പ്രക്രിയകൾക്കു വിധേയമാവുകയും ഒടുവിൽ ത്രോംബസിന്റെ ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള അലേയ മാംസ്യമായ ഫൈബ്രിൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തം ഒഴുകുമ്പോൾ കൂടുതൽ പ്ലേറ്റ്ലറ്റുകളും ഫൈബ്രിനും അടിഞ്ഞുകൂടുന്നു. ചുവന്ന രക്താണുക്കളും ശ്വേതരക്താണുക്കളും ഈ ചട്ടക്കൂടിനുള്ളിൽ അകപ്പെടുന്നതോടെ ഒരു സഞ്ചിതഘടന രൂപീകൃതമാകുന്നു. പ്ലേറ്റ്ലറ്റുകളുടെയും ഫൈബ്രിനടങ്ങുന്ന അറകളുടെയും ഒന്നിടവിട്ട മേഖലകൾക്കുള്ളിൽ ചുവന്ന രക്താണുക്കളുടെയും ശ്വേതരക്താണുക്കളുടെയും ക്രമരഹിതമായ പാളികളടങ്ങുന്നതാണ് ത്രോംബസിന്റെ ഘടന. ത്രോംബസിന്റെ പ്രതലത്തിൽ പ്ലേറ്റ്ലറ്റുകളും ഫൈബ്രിനും രൂപീകരിക്കുന്ന ലംബമായ ചാലുകൾ-സാൻ രേഖകൾ (lines of Zahn)-കാണാം.

ത്രോംബസിന്റെ സ്ഥാനം

[തിരുത്തുക]

സിരകളിലോ (veins) ധമനികളിലോ (arteries) സൂക്ഷ്മധമനികളിലോ (capillaries) ഹൃദയത്തിനകത്തുതന്നെയോ ത്രോംബസ് ഉണ്ടാകാം. ധമനികളിൽ രക്തപ്രവാഹത്തിന് ശക്തി കൂടുതലായതിനാൽ ഫൈബ്രിനും പ്ലേറ്റ്ലറ്റുകളും കൂടുതലുള്ള വെള്ള ത്രോംബസ് (white thrombes) ആണ് ഉണ്ടാകുന്നത്. സിരകളിൽ രക്തത്തിന്റെ ഒഴുക്കിന് വേഗത കുറവായതുകൊണ്ട് ചുവന്ന രക്താണുക്കൾ കൂടുതലുള്ള ചുവന്ന ത്രോംബസു(red thrombus)കൾ ഉണ്ടാകുന്നു. മാത്രവുമല്ല സിരകളിൽ ത്രോംബസുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും താരതമ്യേന കൂടുതലാണ്. സൂക്ഷ്മധമനികളിൽ പ്ലേറ്റ്ലറ്റുകളും ഫൈബ്രിനും മാത്രമടങ്ങുന്ന ത്രോംബസായിരിക്കും ഉണ്ടാകുന്നത്.

സിരകളിലുണ്ടാകുന്ന ത്രോംബോസിസ് രണ്ട് വിധമുണ്ട്. (1) വീനസ് അഥവാ ഫ്ളീബോ ത്രോംബോസിസ് (Venous or Phlebo thrombosis); (2) ത്രോംബോഫ്ളീബൈറ്റിസ്. ഇതിൽ ഫ്ളീബോ ത്രോംബോസിസാണ് കൂടുതൽ അപകടകരം. കാലുകളിലെ ആഴത്തിലുള്ള സിരകളി(deep vein thrombosis)ലാണ് ഇത് ആരംഭിക്കുന്നത്. ഇതുമൂലം ശരീരത്തിലെ വലിയ സിരകളിലാകെ ത്രോംബോസിസ് ഉണ്ടാവുകയും രക്തചംക്രമണത്തിനു പൊതുവേ തകരാറ് സംഭവിക്കുകയും ചെയ്യുന്നു. സിരാഭിത്തിയിലുണ്ടാകുന്ന വീക്കത്തെയോ രോഗാണുബാധയെയോ തുടർന്നുണ്ടാകുന്ന ത്രോംബോസിസാണ് ത്രോംബോഫ്ളീബൈറ്റിസ്. രക്തക്കുഴലിന്റെ ഭിത്തിയുമായി ത്രോംബസ് ദൃഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ത്രോംബസിൽനിന്നു ചെറുഭാഗങ്ങൾ വേർപെട്ട് മറ്റ് അവയവങ്ങളിൽ എത്തിപ്പെടുന്നതിനുള്ള (എംബോളിസം) സാധ്യത വളരെ കുറവാണ്. ചിലപ്പോൾ രോഗബാധിതമായ ത്രോംബസ് പൊട്ടി, അഴുകിയ രക്തക്കട്ടകൾ (septic emboli) ഉണ്ടാകാനിടയുണ്ട്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഇത് ഭേദപ്പെടുത്താനാകും.

അഥിറോസ്ക്ളീറോസിസ് (ധമനികൾ കട്ടിയാകുന്ന രോഗാവസ്ഥ) ധമനികളിൽ ത്രോംബസുകളുണ്ടാകുവാൻ ഇടയാക്കുന്നു. ഹൃദയത്തിൽനിന്നുള്ള കൊറോണറി ധമനികൾ ത്രോംബസുകളുണ്ടാകാനിടയുള്ള ഒരു പ്രധാന സ്ഥാനമാണ്. ഇവിടെ രൂപീകരിക്കുന്ന ത്രോംബസ് മയോകാർഡിയൽ ഇൻഫാർക്ഷന് ഇടയാക്കുന്നു. മസ്തിഷ്ക ധമനികളിലും ത്രോംബോസിസ് ഉണ്ടാകാറുണ്ട്.

ഹൃദയത്തിൽ മൂന്ന് പ്രധാന സ്ഥാനങ്ങളിലാണ് ത്രോംബസ് ഉണ്ടാകാനിടയുള്ളത്. (1) വീക്കം ബാധിച്ചോ കൊളസ്റ്റിറോൾ അടിഞ്ഞുകൂടിയോ മറ്റു കാരണങ്ങളാലോ ഇടുങ്ങിയ ഹൃദയ കവാടങ്ങൾ (2) മയോകാർഡിയൽ ഇൻഫാർക്ഷൻ മൂലമോ മറ്റെതേങ്കിലും കാരണത്താലോ മൃതമായിത്തീർന്ന ഹൃദയാന്തർഭാഗത്തെ പ്രതലം (3) രക്തപ്രവാഹം തടസ്സപ്പെടുന്ന ഓറിക്കിൾ (auricular fibrillation).

ത്രോംബസിന്റെ പരിണാമം

[തിരുത്തുക]

ത്രോംബസിന് നാലുവിധത്തിലുള്ള പരിണാമം സാധ്യമാണ്.

1. മാംസ്യ അപഘടക എൻസൈമുകളുടെ പ്രവർത്തനഫലമായി ത്രോംബസ് നശിപ്പിക്കപ്പെടാം. അല്ലെങ്കിൽ ഫൈബ്രിൻ സങ്കോചിച്ച് രക്തക്കുഴലിന്റെ ഭിത്തിയിൽനിന്ന് പിൻവലിക്കപ്പെടാം.

2. ത്രോംബസ് രൂപീകരണത്തിന് അനുകൂലമായ ഘടകങ്ങളാണ് കൂടുതലെങ്കിൽ ത്രോംബസ് വലുതാവുകയും രക്തക്കുഴലിനെ പൂർണമായും അടയ്ക്കുകയും ചെയ്യും.

3. എംബോളസുകൾ ഉണ്ടാകാം. ത്രോംബസിന്റെ പ്രതലത്തിൽനിന്ന് കുറെ ഭാഗം അടർന്ന് രക്തത്തിനൊപ്പം ഒഴുകി വിദൂര സ്ഥാനത്തെ കലകൾക്ക് ക്ഷതം ഉണ്ടാക്കി അവിടെ മറ്റൊരു ത്രോംബസ് ഉണ്ടാകുന്നതിനു വേദിയൊരുക്കുന്നു. ഉദാ. കാലിലെ സിരകളിലെ ത്രോംബസ് ശ്വാസകോശത്തിലും ഹൃദയത്തിലെ ത്രോംബസ് മസ്തിഷ്കത്തിലും എത്തിച്ചേർന്ന് മാരകമാകുന്ന അവസ്ഥകൾ സംജാതമാകാറുണ്ട്.

4. രക്തക്കുഴലിന്റെ ഭിത്തിയിൽനിന്ന് സൂക്ഷ്മ ധമനികൾ ത്രോംബസിലേക്ക് സാവധാനം വളരുകയും രൂപീകരണ കലകൾ (organization tissue) ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈ പ്രക്രിയകൾക്കിടയിൽ ഒന്നോ അതിലധികമോ രക്തവാഹിനികളും ത്രോംബസിനുള്ളിൽ രൂപീകൃതമാകുന്നു. ഇപ്രകാരം ത്രോംബസിനുള്ളിലൂടെ സിരാവാഹികൾ കടന്നുപോകുന്നതോടെ രക്തക്കുഴൽ ഭാഗികമായി വിവൃതമാക്കപ്പെടുകയും രക്തയോട്ടം ഒരു പരിധിവരെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

മറ്റുചിലപ്പോൾ ത്രോംബസ് കട്ടിയുള്ള ഒരു തഴമ്പായിത്തീർന്ന് കുഴലിനെ പൂർണമായും അടച്ചുകെട്ടുന്നു. ഈ തഴമ്പ് സുധാകരിക്കു(calcify)കയാണെങ്കിൽ സിരാപിണ്ഡം (phlebolith) ഉണ്ടാകാനിടയുണ്ട്. ഇത് സാധാരണയായി കാലിലെ സിരകളിലാണ് ഉണ്ടാകുന്നത്.

പ്രധാനപ്പെട്ട സിരകളിലും ധമനികളിലും ഉണ്ടാകുന്ന ത്രോംബസുകൾ മാരകമാകാറുണ്ട്. കുടലിനെ ഉദരഭിത്തികളോടു ചേർത്തുനിർത്തുന്ന ഉദര്യത്തിന്റെ നേർത്ത പാളി അഥവാ ആന്ത്രലംബനത്തിലുണ്ടാകുന്ന ത്രോംബോസിസ് (mesenteric thrombosis )വയറിൽ ഗാൻഗ്രീനിനും തത്ഫലമായി മരണത്തിനും കാരണമാകുന്നു. ഗുദത്തിലോ ശരീരത്തിന്റെ കീഴഗ്രങ്ങളിലോ ഉള്ള സിരകളിൽ ഉണ്ടാകുന്ന ത്രോംബസുകൾ ആ പ്രദേശത്ത് വ്രണമുണ്ടാകുന്നതിനും അവിടം മൃതമാകുന്നതിനും ഇടയാക്കുന്നു.

ചികിത്സയും പ്രതിരോധവും

[തിരുത്തുക]

രക്തക്കുഴലുകളിൽ, സിരകളിൽ പ്രത്യേകിച്ചും, രക്തപ്രവാഹം നിലനിർത്തുകയാണ് ത്രോംബസ് ഉണ്ടാകാതിരിക്കാനുള്ള മാർഗം. വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുന്നതിനു നല്ലതാണ്. വളരെനേരം തുടർച്ചയായി ഇരിക്കേണ്ടിവരുമ്പോൾ സുഗമമായ രക്തപ്രവാഹത്തിന് അനുയോജ്യമായ വിധത്തിൽ കാലുകൾ ഉയർത്തിവയ്ക്കുന്നത് സിരകളിൽ രക്തം തങ്ങിനില്ക്കുന്നത് തടയുന്നു. രക്തസമ്മർദവും രക്തത്തിലെ കൊളസ്റ്റിറോളും കുറയ്ക്കുന്നതിനുള്ള ചികിത്സകൾ ത്രോംബസ് രൂപീകരണത്തിന്റെ ഏറ്റവും പ്രധാന കാരണമായ അഥിറോസ്ക്ളീറോസിസ് തടയന്നു. പ്ലേറ്റ്ലറ്റുകളുടെ ധർമത്തിൽ ഇടപെടുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങളും മീനെണ്ണയും മറ്റും ത്രോംബോസിസ് പ്രക്രിയ തടയുന്നതിന് സഹായകമാണ്. ഫൈബ്രിൻ അപഘടക പദാർഥങ്ങളായ പ്ളാസ്മിൻ, പ്ളാസ്മിനോളജൻ തുടങ്ങിയവയുടെ രൂപീകരണത്തിനു പ്രേരകമായ ഔഷധങ്ങളാണ് ത്രോംബോസിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ത്രോംബോസിസ് മൂലം കലകൾക്ക് കേടുപാടുണ്ടാകുന്നത് പരമാവധി കുറയ്ക്കുവാൻ ഇത്തരം ഔഷധങ്ങൾ ഫലപ്രദമാണ്.

അവലംബം

[തിരുത്തുക]

Furie B, Furie BC (2008). "Mechanisms of thrombus formation". New England Journal of Medicine. 359 (9): 938–949. doi:10.1056/NEJMra0801082. PMID 18753650.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്രോംബോസിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ത്രോംബോസിസ്&oldid=2682642" എന്ന താളിൽനിന്ന് ശേഖരിച്ചത്