Jump to content

തോൺബുരി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോൺബുരി സാമ്രാജ്യം

กรุงธนบุรี
1767–1782
തോൺബുരി സാമ്രാജ്യം
Ensign of Siam
പദവിKingdom
തലസ്ഥാനംThonburi
പൊതുവായ ഭാഷകൾAyutthayan dialect
മതം
Theravada Buddhism
ഗവൺമെൻ്റ്Feudal monarchy
King
 
• 1767–1782
Taksin the Great
ചരിത്രം 
• Independence from Burma
6 November 1767
• Established
28 December 1767
• Disestablished
6 April 1782
മുൻപ്
ശേഷം
Kingdom of Ayutthaya
Rattanakosin Kingdom
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്:Thailand
Laos
Cambodia
Malaysia
Myanmar
Vietnam

തോൺബുരി സാമ്രാജ്യം, കോൺബൌങ് ബർമീസ് അധിനിവേശക്കാരുടെ ആക്രമണത്തിൽ അയുത്തായ രാജ്യം നിലംപതിച്ചതിനുശേഷം നിലവിൽവന്ന സിയാമീസ് രാജ്യമായിരുന്നു. രാജ്യം സ്ഥാപിച്ച മഹാനായ താക്സിൻ രാജാവ് തന്റെ തലസ്ഥാനം തോൺബുരിയിലേക്ക് മാറ്റിയിരുന്നു. 1767 മുതൽ 1782 വരെയുള്ള കാലഘട്ടത്തിൽ തോൺബുരി സാമ്രാജ്യം നിലനിന്നിരുന്നു. 1782 ൽ രാമ ഒന്നാമൻ രാജാവ് രത്തനകോസിൻ സാമ്രാജ്യം സ്ഥാപിക്കുകയും തലസ്ഥാനം ചാവോ ഫ്രയാ നദിയുടെ മറുകരയിലെ ബാങ്കോക്കിലേക്ക് മാറ്റുകയും ചെയ്തതോടെ തോൺബുരി സാമ്രാജ്യം അസ്തമിച്ചു. തോൺബുരി നഗരം 1971 ൽ ബാങ്കോക്കിൽ ലയിപ്പിക്കുന്നതുവരെ ഒരു സ്വതന്ത്ര പട്ടണവും പ്രവിശ്യയുമായി തുടർന്നിരുന്നു.

സയാമീസ് മേൽക്കോയ്മയുടെ പുനഃസ്ഥാപനം

[തിരുത്തുക]

1767-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ ഏകദേശം 400 വർഷങ്ങളോളം ആധിപത്യം പുലർത്തിയ ശേഷം അയുത്തായ രാജ്യം ചിന്നഭിന്നമായി. രാജകൊട്ടാരവും നഗരവും കത്തിച്ചാമ്പലായി. ഈ പ്രദേശം ബർമീസ് സൈന്യം കൈവശപ്പെടുത്തിയതോടൊപ്പം പ്രാദേശിക നേതാക്കൾ സക്വാങ്‌ബുരി, പിമായി, ചന്തബുരി, നഖോൺ സി തമ്മാരാത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നാടുവാഴികളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ചൈനീസ് വംശജനും കുലീനനും കഴിവുള്ള ഒരു സൈനിക നേതാവുമായ ചാവോ തക് സ്വയം നാടുവാഴിയായി പ്രഖ്യാപിക്കുകയും ചന്തബുരിയിലെ ഐതിഹാസികമായ കൊള്ളിവയ്പ്പിലൂടെ തന്റെ ദ്വിഗ്‍വിജയത്തിനു തുടക്കമിടുകയും ചെയ്തു. ചന്തബുരി ആസ്ഥാനമാക്കിക്കൊണ്ട് ചാവോ തക് തന്റെ സൈനികബലം പൂർവ്വാധികം വർദ്ധിപ്പിക്കുകയും വിഭവങ്ങൾ സ്വരൂപിക്കുകയും ചെയ്തുകൊണ്ട് തോൺബുരി കോട്ട പിടിച്ചെടുക്കാൻ ചാവോ ഫ്രായോ നദിയിലൂടെ ഒരു കപ്പൽപ്പടയെ അയച്ചു. അതേ വർഷം തന്നെ, നഗരത്തിന്റെ പതനത്തിന് ഏഴുമാസത്തിനുശേഷം ചാവോ തക്കിന് ബർമക്കാരിൽനിന്ന് നിന്ന് അയുത്തായ പട്ടണം തിരിച്ചുപിടിക്കാനും കഴിഞ്ഞിരുന്നു.[1]

സിയാമീസ് സ്വാതന്ത്ര്യത്തിനുശേഷം ബർമയിലെ ഹ്സിൻ‌ബ്യൂഷിൻ താവോയിലെ ഭരണാധികാരിയോട് സിയാമിനെ ആക്രമിക്കാൻ ആവശ്യപ്പെട്ടു. ബർമീസ് സൈന്യം സായ് യോക്കിലൂടെ എത്തിച്ചേരുകയും ആധുനിക സമൂത് സോങ്ങ്‌ക്രാം പ്രവിശ്യയിലെ തക്‌സിന്റെ ചൈനീസ് സൈനികർക്കുള്ള ക്യാമ്പായ - ബാങ് കുങ് ഉപരോധിച്ചു. ഉപരോധം ഒഴിവാക്കാൻ തക്‌സിൻ തിടുക്കത്തിൽ തന്റെ ജനറലുകളിലൊരാളായ ബൂൺമയെ നാവികപ്പടയെ നയിക്കുവാനായി  ബാങ് കുങിലേക്ക് അയച്ചു. സയാമീസ് സൈന്യം ബർമീസ് ഉപരോധക്കാരെ വളയുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു.

നൂറുകണക്കിനു വർഷങ്ങളായി സയാമീസ് മേൽക്കോയ്മയുടെ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആയുത്തായ പട്ടണം ഒരു സർക്കാർ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്തവിധം നാശമാക്കപ്പെട്ടിരുന്നു. ചാവോ ഫ്രയാ നദിയുടെ പടിഞ്ഞാറൻ കരയിൽ തോൺബുരി ശ്രീ മഹാസമുട്ട് എന്ന പുതിയ നഗരം ചാവോ തക് സ്ഥാപിച്ചു. ഒരു വർഷത്തോളം ഈ നിർമ്മാണം നടക്കുകയും ചാവോ തക് 1768 ന്റെ അവസാനത്തിൽ സാൻ‌പേട്ട് രാജാവായി കിരീടമണിഞ്ഞുവെങ്കിലും അദ്ദേഹം ആളുകൾക്കിടയിൽ സ്ഥാനപ്പേരും സ്വന്തം പേരും ചേർത്ത് തക്സിൻ രാജാവ് എന്നറിയപ്പെട്ടു. രാജ്യത്തിന്റെ പുരാതന ഖ്യാതിയിലേയ്ക്കുള്ള ഒരു തുടർച്ചയെ സൂചിപ്പിക്കുന്നതിനായി തക്‌സിൻ ഒരു അയുത്തായയുടെ രാജാവായി സ്വയം കിരീടമണിഞ്ഞു.[2]

പുന സംഘടനയും വിപുലീകരണവും

[തിരുത്തുക]

സയാമിനായി പ്രാദേശിക യുദ്ധപ്രഭുക്കൾക്കിടയിൽ അപ്പോളും മത്സര്യം നിലനിന്നിരുന്നു. അപ്പർ ചാവോ ഫ്രായ ബേസിൻ ഭരിച്ചിരുന്ന പിറ്റ്സാനുലോക്കിലെ പ്രഭുവിനെ കീഴ്പ്പെടുത്തുന്നതിനായി തക്‌സിൻ 1768-ൽ പിറ്റ്‌സാനുലോക്കിലേക്ക് സൈനിക യാത്ര നടത്തി. സൈനികപ്രവർത്തനത്തിനിടെ തക്‌സിനു പരിക്കേറ്റതിനാൽ അദ്ദേഹതത്തിനു പിൻവാങ്ങേണ്ടി വന്നു. യുദ്ധം പിറ്റ്സാനുലോക്കിനെ പെട്ടെന്ന് തന്നെ ദുർബലപ്പെടുത്തുകയും പിന്നീട് അത് സക്വാങ്‌ബുരി പ്രഭുവിനാൽ കീഴടക്കപ്പെടുകയും ചെയ്തു. അതേ വർഷം തന്നെ ഖൊറാത് പീഠഭൂമിയിൽ നഖോൺ രാത്ചസീമയുടെ വടക്ക് ഫിമയിയുടെ ഭരണാധികാരിയായ തെപ്പിപിറ്റ് രാജകുമാരനെ മെരുക്കാനായി തക്സിൻ തോങ് ഡുവാങിനെയും ബൂൺമയെയും അയച്ചു. അയുത്തായ രാജാവ് ബോറോമ്മകോട്ടിന്റെ പുത്രനായിരുന്ന ഈ രാജകുമാരൻ, തോൺബുരി സൈന്യത്താൽ പരാജയപ്പെടുത്തപ്പെട്ടു. തെപ്പിപിറ്റി വിയന്റീനിലേക്ക് പലായനം ചെയ്തെങ്കിലും പിടികൂടി വധിക്കപ്പെട്ടു.

1769-ൽ നാകോൺ സി തമ്മരാത്തിലെ പ്രഭുവിനെ കീഴ്പ്പെടുത്താനായി തക്‌സിൻ ഫ്രായ ചാക്രിയെ തെക്കൻ ദിക്കിലേയ്ക്ക് അയച്ചു. പ്രഭു പട്ടാനിയിലേക്ക് ഓടിപ്പോയെങ്കിലും തിരിച്ചയക്കപ്പെടുകയും തക്‌സിൻ ഭരണത്തിനു കീഴിലെ സാമന്തനെന്ന നിലയിൽ നാകോൺ സി തമ്മരാത്തിന്റെ ഭരണാധികാരിയായി അദ്ദേഹത്തെ പുനഃപ്രതിഷ്ടിക്കുകയും ചെയ്തു.

1769 ൽ കംബോഡിയയിലെ ഉപരാജാവായിരുന്ന രാജകുമാരൻ ആംഗ് നോൺ നരൈരാജ രാജാവുമായുള്ള സംഘർഷങ്ങളേത്തുടർന്ന് സയാമീസ് പിന്തുണതേടി തോൺബുരിയിലേയ്ക്കു പലായനം ചെയ്തു. കംബോഡിയയിൽ നിന്ന് കപ്പം ആവശ്യപ്പെടാൻ തക്സിൻ ഈ അവസരം ഉപയോഗപ്പെടുത്തുകയും നരൈരാജ അതു നിരസിക്കുകയും ചെയ്തു. കുപിതനായ തക്സിൻ കംബോഡിയയെ കീഴ്പ്പെടുത്താൻ ഫ്രായ അഭയ് റോണാരിറ്റിനെയും ഫ്രായ അനുചിത് രാച്ചയെയും അയക്കുകയും  സിയെംറീപ്പിനെയും ബാറ്റംബാംഗിനെയും കീഴ്പ്പെടുത്തുകയും ചെയ്തു. എന്നാൽ തലസ്ഥാനത്ത് താക്‌സിന്റെ അഭാവത്താൽ (നകോൺ സി തമ്മരാത്തുമായുള്ള യുദ്ധങ്ങളിൽ) രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുകയും രണ്ട് ജനറൽമാരും തോൺബുരിയിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു.

ഈ സമയമായപ്പോഴേക്കും തോൺബുരി ആധിപത്യത്തിന്റെ ഏക എതിരാളിയായി നിലനിന്നിരുന്നത് ശക്തനായ സന്യാസി ചാവോ ഫ്രാ ഫാങിന്റെ നേതൃത്വത്തിലുള്ള സക്വാങ്‌ബുരി പ്രഭുത്വം മാത്രമായിരുന്നു. 1768-ൽ പിറ്റ്സാനുലോക് പ്രഭുത്വം പിടിച്ചടക്കിയതിന്റെ ഫലമായി ചാവോ ഫ്രാ ഫാങ്ങിന്റെ ആധിപത്യം ലാന്നയുടെ അതിർത്തിയോടു ചേർന്നുള്ള വിദൂര വടക്കൻ പ്രദേശങ്ങൾമുതൽ തെക്ക് നഖോൺ സവാൻ വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊണ്ടിരുന്നു. 1770-ൽ ചാവോ ഫ്രാ ഫാങ് തെക്കൻ ദിശയിലേക്ക് ചൈനാറ്റ് വരെയുള്ള പ്രദേശത്തേയ്ക്ക് സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ട്  തനറെ സൈനികബലം ദൃഢീകരിച്ചു. തക്‌സിൻ ഈ നടപടി ഒരു ഭീഷണിയായി കണക്കാക്കുകയും സക്വാങ്‌ബുരി ആക്രമിക്കാൻ മുൻകൂട്ടി തീരുമാനിക്കുകയും ചെയ്തു. രാജകീയ കപ്പൽപ്പട ചാവോ ഫ്രയാ നദിയുടെ മുകളിലേയ്ക്കു സഞ്ചരിച്ച് പിറ്റ്സാനുലോക്കിനെ അനായാസം പിടിച്ചെടുത്തു. തക്‌സിൻ തന്റെ സൈന്യത്തെ രണ്ടായി വിഭജിച്ച് കിഴക്കൻ സൈനികനിര ബൂൺമയുടെ നേതൃത്വത്തിലും പടിഞ്ഞാറൻ സൈനികനിര ഫ്രായ പിച്ചായിയുടെ നേതൃത്വത്തിലുമായി വിഭജിക്കുകയും സക്വാങ്‌ബുരിയിലെത്തി രണ്ടു സൈനികനിരകയും ഒത്തുചേരാൻ തീരുമാനിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം സക്വാങ്‌ബുരി പെട്ടെന്ന് വീഴുകയും, ചാവോ ഫ്രാ ഫാംഗിന്റെ പരാജയത്തിൽ കലാശിക്കുകയും ചെയ്തു.

വടക്കൻ ജനസംഖ്യയുടെ കണക്കെടുപ്പിനും കരംചുമത്തുന്നതിനും മേൽനോട്ടം വഹിക്കാൻ തക്‌സിൻ പിറ്റ്‌സാനുലോക്കിൽത്തന്നെ താമസിച്ചു. ചാവോ ഫ്രായാ സുരാസി എന്ന സ്ഥാനപ്പേരിൽ പിറ്റ്സാനുലോക്കിന്റേയും എല്ലാ വടക്കൻ നഗരങ്ങളുടെയും ഗവർണറായി ബൂൺമയെയും ചാവോ ഫ്രായാ ചാക്രി എന്ന സ്ഥാനപ്പേരിൽ ചാൻസലറായി ഫ്രായാ അഭയ് റൊന്നാരിത്തിനെ അദ്ദേഹം നിയമിച്ചു.

പിന്നീട് 1771-ൽ തക്സിൻ കംബോഡിയൻ സൈനിക പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു, ചാവോ ഫ്രയ ചക്രി കരസേനാ കമാൻഡറായി ആംഗ് നോൺ രാജകുമാരനെ ചുമതലപ്പെടുത്തിയശേഷം താസ്കിൻ തനിയെ തിരിച്ചുപോയി. സയാമുകാർ വിവിധ കംബോഡിയൻ നഗരങ്ങൾ പിടിച്ചടക്കുകയും നരൈരാജനെ സിംഹാസനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തോൺബൂരിക്ക് കംബോഡിയൻ ഭരണകൂടം കപ്പം നൽകുകയെന്ന  വ്യവസ്ഥയിൽ റീംരാജയെയും നരൈരാജയെയും ആങ് നോൺ ഉപരാജാ സ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചു.

ബർമയുമായുള്ള യുദ്ധങ്ങൾ

[തിരുത്തുക]

തക്സിൻ പഴയ സയാമീസ് സാമ്രാജ്യത്തെ തോൺബുരി പുതിയ കേന്ദ്രമാക്കി ഏകീകരിച്ചിരുന്നു. എന്നിരുന്നാലും, സയാമികളെ വീണ്ടും അധികാരത്തിൽനിന്നു താഴെയിറക്കാൻ ബർമാക്കാർ അപ്പോഴും വൻ യുദ്ധങ്ങൾ നടത്താൻ തയ്യാറായിരുന്നു. 1770-ൽ ചിയാങ്‌ മയിയിലെ അവരുടെ താവളത്തിൽ നിന്ന് അവർ സവാങ്കലോക്കിനെ ആക്രമിച്ചുവെങ്കിലും സയാമികൾക്ക് അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞു. ഇതോടെ വടക്കൻ പ്രദേശങ്ങളെ ആക്രമിക്കാനുള്ള ബർമാക്കാരുടെ വിഭവങ്ങളുടെ അടിത്തറയായിരുന്ന ലന്നയുടെ പ്രാധാന്യം തക്‌സിൻ മനസ്സിലാക്കി. ലന്നയെ സയാമീസ് നിയന്ത്രണത്തിലാക്കിയിരുന്നെങ്കിൽ ബർമീസ് ഭീഷണികൾ ഉന്മൂലനം ചെയ്യപ്പെടുമെന്നതു വ്യക്തമായിരുന്നു.

അക്കാലത്ത് ചിയാങ് മായി കേന്ദ്രമാക്കി ലാന്നയെ ഭരിച്ചിരുന്നത് ബർമീസ് ജനറൽ പാവ് മ്യുൻഗുവാൻ ആയിരുന്നു. 1770-ൽ സവാങ്കലോക്കിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ ജനറൽ അദ്ദേഹമായിരുന്നുവെങ്കിലും പിറ്റ്സാനുലോക്കിൽ നിന്നുള്ള ചാവോ ഫ്രായ സൂരാസിയുടെ സൈന്യം അദ്ദേഹത്തെ ചെറുത്തുനിന്നു. അതേ വർഷംതന്നെ, ചിയാങ്‌ മായ്‌ക്കെതിരെ ചെറിയ ആക്രമണം ആരംഭിച്ച സയാമീസുകാർ ഫലപ്രാപ്തി നേടുന്നതിൽ അമ്പേ പരാജയപ്പെട്ടു.

1772 ൽ ലാവോസിൽ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന മറ്റൊരു ബർമീസ് ജനറലായ പാവ് തുപ്ല പടിഞ്ഞാറോട്ട് മുന്നേറുകയും പിച്ചായിയെയും ഉത്തരാദിത്തിനെയും ആക്രമിക്കുകയും ചെയ്തു. പിറ്റ്സാനുലോക്കിലെ സൈന്യം വീണ്ടും ബർമീസ് ആക്രമണത്തെ ചെറുത്തു. 1773 ൽ അവർ വീണ്ടും കടന്നുവരുകയും  ഇത്തവണ ഫ്രായ പിച്ചായ്ക്ക് തന്റെ ഐതിഹാസിക ഖഡ്ഗം ഒടിയുന്നതിനിടയാക്കുകയും ചെയ്തു.

ലാനായ്ക്കുമേലുള്ള യുദ്ധങ്ങൾ

[തിരുത്തുക]
ചാവോ ഫ്രയാ നദിയോരത്തെ തോൺബുരിയുടെ ചരിത്ര ഭൂപടം

1774 ൽ തക്സിൻ ചാവോ ഫ്രായാ ചക്രിയോടും ചാവോ ഫ്രായാ സുരാസിയോടും ചിയാങ് മായി ആക്രമിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഏകദേശം 200 വർഷത്തെ ബർമീസ് ഭരണത്തിനുശേഷം ലാനാ സയാമീസ് കരങ്ങളിലേയ്ക്കെത്തി. ബർമയ്‌ക്കെതിരായ പ്രാദേശിക കലാപകാരികളുടെ സഹായത്തോടെ ചാവാങ്‌ മായി അധീശത്വപ്പെടുത്താൻ രണ്ട് ചാവോ ഫ്രായിമാർക്കും നിഷ്പ്രയാസം സാധിക്കുകയും തക്‌സിൻ ഫ്രായാ ചബാനെ ഫ്രായാ വിചിയൻപ്രകരൺ ചിയാങ്‌മയി പ്രഭുവായും, ഫ്രായാ കാവിലയെ ലാംപാങ്ങിന്റെ പ്രഭുവായും,  ഫ്രായാ വൈവോങ്‌സയെ ലാംപൂൺ പ്രഭുവായും പ്രാദേശിക ഭരണാധികാരികളായി നിയമിച്ചു. നിയമിക്കപ്പെട്ട എല്ലാ പ്രഭുക്കന്മാരും തോൺബുരിക്ക് കപ്പം കൊടുക്കേണ്ടതായി വ്യവസ്ഥ ചെയ്യപ്പെട്ടു. പാവ് മ്യുംഗ്വാനും ബർമീസ് അധികൃതരും ചിയാങ് സായെനിലേയ്ക്കു പിൻവാങ്ങി.

തക്‌സീന്റെ വടക്കൻ സൈനിക പ്രചാരണ വേളയിൽ, ബർമീസ് സൈന്യം ടാ ദിൻ ഡേങ് വഴി തോൺബുരി ആക്രമിക്കാൻ അവസരം പാർത്തിരുന്നു. ബർമീസ് സൈന്യം ബാങ്കായേവിൽ താവളമടിച്ചെങ്കിലും തക്‌സിന്റെ നേതൃത്വത്തിലുള്ള സയാമീസ് സൈന്യം അവരെ വളഞ്ഞു. ഒരു മാസത്തിലേറെയായി ബർമീസ് സൈന്യം ഉപരോധത്തിൽ കഴിയുകയും അവരിൽ ആയിരങ്ങൾ മരിച്ചുവീഴുകയും ചെയ്തു.[3] മറ്റൊരു ആയിരം പേർ സയാമികൾക്ക് ബന്ദികളായിത്തീർന്നു.

1775 ൽ മഹ തിഹ തുറയുടെ നേതൃത്വത്തിൽ ബർമീസ് സൈന്യത്തിന്റെ വൻതോതിലുള്ള  ആക്രമണം നടന്നു. വിവിധ മാർഗ്ഗങ്ങളിലൂടെ മുന്നേറുന്നതിനായി തന്റെ  സേനകളെ വിഭജിക്കുന്നതിനുപകരം, മഹാ തിഹ തുറ 30,000 വരുന്ന സൈനികരെ ഒന്നായി അധിവാസികളുടെ എണ്ണം 10,000 മാത്രമുള്ള ഒന്നായി പിറ്റ്സാനുലോക്കിലേക്ക് നേരിട്ട് നയിച്ചു.  ചിയാങ്‌ സെയ്‌നിൽ നിന്നുള്ള പാവ് തുപ്ലയും പാവ് മ്യുൻ‌ഗ്വാനും ചിയാങ്‌ മായി തിരിച്ചെടുക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും രണ്ട് ചാവോ ഫ്രായാസുകൾ അവരെ തടയുകയും ചിയാങ് മായ് നഗരത്തെ പ്രതിരോധിച്ചശേഷം അവർ പിറ്റ്സാനുലോക്ക് നഗരത്തെ സംരക്ഷിക്കാനായി അതിവേഗം തിരികെയെത്തുകയും ചെയ്തു. പിറ്റ്സാനുലോക്കിനടുത്താണ് സംഘട്ടനങ്ങൾ നടന്നത്.

തോൺബുരിയിൽ (ബാങ്കോക്ക്) തക്‌സിന്റെ കിരീടധാരണം 28-ഡിസംബർ -1768

മഹ തിഹ തുറ പിറ്റ്സാനുലോക്കിലേയ്ക്കു തന്റെ സൈന്യത്തെ സൈനിക ബാഹുല്യത്തോടെ നയിക്കുകയും സയാമികൾ പരാജയപ്പെടാൻ പോകുകയുമായിരുന്നു. അദ്ദേഹം സായാമിന്റെ വിതരണ ശ്രംഖലകളെ  താറുമാറാക്കി രാജസേനയെ ആക്രമിച്ചു. രണ്ട് ചാവോ ഫ്രായാമാരും പിറ്റ്സാനുലോക്കിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. വിജയാരവത്തോടെ ബർമീസ് സൈന്യം നഗരത്തിലേക്ക് പ്രവേശിച്ചെങ്കിലും അതേ വർഷം ബർമീസ് രാജാവായ ഹ്സിൻ‌ബ്യൂഷിന്റെ മരണം മൂലം അവർക്ക് അവിടെനിന്നു പിൻവാങ്ങേണ്ടിവന്നു.

ബർമീസ് രാജാവായ ഹ്സിൻ‌ബ്യൂഷിന്റെ മരണശേഷം ബർമക്കാർ അവരുടെ സ്വന്തം നാടുവാഴികളുടെ അന്യോന്യമുള്ള പോരാട്ടങ്ങളിൽ മുഴുകി. 1776-ൽ പുതിയ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട സിംഗുസ, ലന്നയെ അക്രമിച്ചു കീഴടക്കുവാൻ വീണ്ടുമൊരു അതിബൃഹത്തായ സൈന്യവുമായി മഹ തിഹ തുറയെ അയക്കുകയും ചിയാംഗ് മായിയിലെ പ്രഭു വിചിയാൻപ്രകാരൻ നഗരത്തെ ഉപേക്ഷിക്കാൻ നിർബന്ധിതനാകുകയും ചെയ്തു. ചാവോ ഫ്രായാ സുരാസിയും ലമ്പാംഗിലെ പ്രഭു കാവിലയും  ബർമീസ് സേനയിൽനിന്ന് ചിയാങ് മായിയെ തിരിച്ചുപിടിച്ചുവെങ്കിലും നഗരത്തിൽ താമിസിക്കുവാൻ മതിയായ ജനസംഖ്യയില്ലാത്തതിനാൽ നഗരം ഉപേക്ഷിക്കാൻ തീരുമാനിച്ചു.  സിൻഗുസ സ്വരാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഏർപ്പെട്ടിരുന്നതിനാലും  മഹ തിഹ തുറ തന്റെ സ്വന്തമായ പ്രശ്നങ്ങളിൽ

വിപുലീകരണങ്ങൾ

[തിരുത്തുക]

1776-ൽ നംഗ്രോംഗിലെ (ആധുനിക നഖോൺ നയോക്) ഒരു ഗവർണർക്ക്  ആ മേഖലയിലെ പ്രധാന നഗരമായിരുന്ന നഖോൺ രാത്‌ചസീമയിലെ ഗവർണറുമായി ഒരു കലഹം ഉണ്ടായിരുന്നു. തുടർന്ന് ആ ഗവർണർ ചമ്പാസാക്കിലെ രാജാവായ സായകുമാനെയുടെ പിന്തുണ തേടി. ചമ്പസാക്കിനെ കീഴടക്കാൻ ചാവോ ഫ്രായാ ചാക്രിയെ അയയ്‌ക്കാൻ തക്‌സിന് ഇത് ഒരു കാരണമായി മാറി. സായകുമാനെ രാജാവ് ഓടിപ്പോയെങ്കിലും പിടികൂടുകയും തോൺബുരിയിൽ രണ്ടുവർഷം തടങ്കലിൽ വച്ചശേഷം തോൺബുരിക്കു കപ്പം നൽകിക്കൊണ്ട്  1780-ൽ തന്റെ രാജ്യത്തെ വീണ്ടും ഭരിക്കാൻ അനുവദിക്കപ്പെട്ടു. ചമ്പസക് സൈനിക നടപടി ചാക്രിക്ക് സോംഡെറ്റ് ചാവോ ഫ്രയാ മഹാ കസാറ്റ്സ്യൂക്ക് എന്ന പദവി നേടിക്കൊടുത്തു. രാജത്വത്തിനു തുല്യ ബഹുമാനമുള്ള സോംഡെറ്റ് ചാവോ ഫ്രായ എന്ന തലക്കെട്ട് തക്‌സിൻ തനിക്കായി കണ്ടുപിടിക്കുകയും ചെയ്തു

1778-ൽ ഫ്രാ വോ എന്നുപേരായ ഒരു ലാവോഷ്യൻ മന്ദാരിൻ വിയന്റീനിലെ രാജാവ് ബൻസാനെതിരെ സയാമീസ് പിന്തുണ തേടിയെങ്കിലും ലാവോഷ്യൻ രാജാവിനാൽ കൊല്ലപ്പെട്ടു. 1779-ൽ തക്‌സിൻ തന്റെ രണ്ട് പ്രശസ്ത സഹോദരന്മാരും കമാൻഡർമാരുമായ ഫ്രായാ ചാക്രിയുടെയും സഹോദരൻ ഫ്രായ സുരസിയുടെയും നേതൃത്വത്തിൽ വിയന്റീനെ കീഴടക്കാനായി അയച്ചു. അതേ സമയംതന്നെ ലുവാങ് പ്രബാംഗിലെ സുരിയാവോംഗ് രാജാവ് തോൺബൂരിക്ക് സ്വയം കീഴടങ്ങുകയും വിയന്റീൻ ആക്രമണത്തിൽ പങ്കുചേരുകയും ചെയ്തു. ബൻസൻ രാജാവ് ഓടിപ്പോയി വനത്തിൽ ഒളിച്ചുവെങ്കിലും പിന്നീട് സയാമികൾക്ക് കീഴടങ്ങി. വിയന്റീൻ രാജകുടുംബത്തെ ബന്ദികളായി തോൺബുരിയിലേക്ക് നാടുകടത്തി. തോൻ‌ബൂരി സേന വിയന്റീൻ രാജ്യത്തിന്റെ പ്രതീകാത്മക മൂർത്തികളായി കണക്കാക്കിയിരുന്ന വിലയേറിയ രണ്ട് ബുദ്ധ വിഗ്രഹങ്ങളായ എമറാൾഡ് ബുദ്ധ, ഫ്രാ ബാംഗ് എന്നിവ തോൺബുരിയിലേക്ക് കൊണ്ടുപോയി. മൂന്ന് ലാവോഷ്യൻ രാജ്യങ്ങളും സയാമീസ് സാമന്തരാജ്യങ്ങളായിത്തീരുകയും അടുത്ത നൂറുവർഷങ്ങൾ കൂടി സയാമീസ് ഭരണത്തിൻ കീഴിൽ തുടരുകയും ചെയ്തു.

പ്രദേശം

[തിരുത്തുക]
രാച്ചബുരിയിലെ ബാങ്കിയോ യുദ്ധം

തക്‌സിന്റെ ഭരണത്തിൻ കീഴിലുള്ള സാമ്രാജ്യം ആയുത്തായ കാലത്തേക്കാൾ വളരെ ചെറുതായിരുന്നു. തോൺ ബുരി, അയുത്തായ, ആങ് തോങ്, സിംഗ്ബുരി, ലോപ്ബുരി, ഉത്തായ് താനി, നഖോൺ സവാൻ, ചാചോങ്‌സാവോ, പ്രാചിൻബുരി, നഖോൺ നയോക്, ചോൻ‌ബുരി, റയോംഗ്, ചന്തബുരി, ട്രാറ്റ്, നഖോൺ ചായ് സി, നഖോൺ പതോം, സുഫാൻബുരി, രാറ്റ്ചബുരി, സമത് സഖോൺ, സമത് സോങ്ങ്‌ക്രാം, ഫെച്ചാബുരി, കാഞ്ചനബുരി, പ്രാച്വാപ് ഖിരി ഖാൻ തുടങ്ങിയ പ്രവിശ്യകൾ ഉൾപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. จรรยา ประชิตโรมรัน. (2548). สมเด็จพระเจ้าตากสินมหาราช. สำนักพิมพ์แห่งจุฬาลงกรณ์มหาวิทยาลัย. หน้า 55
  2. David K. Wyatt. Thailand: A Short History. Yale University Press
  3. http://www.bloggang.com/viewdiary.php?id=secret-world&month=03-2010&date=04&group=1&gblog=85
"https://ml.wikipedia.org/w/index.php?title=തോൺബുരി_സാമ്രാജ്യം&oldid=3273896" എന്ന താളിൽനിന്ന് ശേഖരിച്ചത്