ഡിഷ് ആന്റിന
മൈക്രോവേവ് സംവിധാനം, ഉപഗ്രഹ/ബഹിരാകാശ/ടെലിവിഷൻ വാർത്താവിനിമയം, അഭിഗ്രഹണം/പ്രേഷണം, റേഡിയൊ അസ്ട്രോണമി, റഡാർ മുതലായവയിലെ ട്രാൻസ്മിറ്റർ/റിസീവർ നെറ്റ്വർക്കിനെ, ബാഹ്യാകാശവുമായി ബന്ധപ്പെടുത്തുന്ന വാർത്താവിനിമയ ഉപകരണമാണ് ഡിഷ് ആന്റിന. ഡിഷ് എന്ന പേരിലും അറിയപ്പെടുന്ന ഇത് സിഗ്നൽ പ്രേഷണത്തിനും അഭിഗ്രഹണത്തിനും ഉപയോഗപ്പെടുത്തിവരുന്നു. ടെലിവിഷൻ വാർത്താവിനിമയ സംവിധാനത്തിൽ ഉപയോഗിക്കുന്ന രണ്ടിനം ഡിഷ് ആന്റിനകൾ
ഇതിന് രണ്ട് ഭാഗങ്ങളുണ്ട്; സക്രിയ അഥവാ ചാലിത എലിമെന്റും, നിഷ്ക്രിയ എലിമെന്റായ പരാബോളിക അഥവാ ഖഗോളീയ പ്രതിഫലകവും. ആന്റിന സിസ്റ്റത്തിൽ ഉപയോഗിക്കുന്ന തരംഗത്തിന്റെ ഏതാനും തരംഗദൈർഘ്യത്തോളം വരും പ്രതിഫലകത്തിന്റെ വ്യാസം. തരംഗദൈർഘ്യം കൂടുംതോറും ഡിഷിന്റെ ശരിയായ പ്രവർത്തനത്തിന് പ്രതിഫലക വ്യാസം വർധിപ്പിക്കേണ്ടതായി വരും. അതേ സമയം ഡിഷിന്റെ വ്യാസം വർധിക്കുന്നതിന് വ്യുൽപ്പതികമായി പ്രതിഫലന പ്രകാശ രേഖയുടെ വീതി കുറയുന്നു. ഡൈപോൾ ആന്റിന, ഹോൺ ആന്റിന എന്നിവ സക്രിയ എലിമെന്റായി ഉപയോഗിക്കാം. ഹോൺ ആന്റിനയാണ് ഉപഗ്രഹ വാർത്താവിനിമയ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഡിഷ് ആന്റിന
സിസ്റ്റത്തിലുള്ളതെങ്കിൽ അതിനെ പ്രതിഫലക ഡിഷിന്റെ കേന്ദ്രത്തെ ലക്ഷ്യമാക്കി ഉറപ്പിക്കുന്നു. പ്രതിഫലകത്തിൽ പതിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ പ്രതിഫലകം അതിന്റെ ഫോക്കൽ ബിന്ദുവിൽ സ്ഥിതിചെയ്യുന്ന ഹോണിലേക്കോ/ഡൈപോളിലേക്കോ ഫോക്കസ് ചെയ്യുന്നു. പ്രേഷണ സമയത്ത് ഹോണിനെ/ഡൈപ്പോളിനെ ഒരു ട്രാൻസ്മിറ്ററിലേക്ക് ഘടിപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വിദ്യുത്കാന്തിക തരംഗങ്ങളെ ഹോൺ/ഡൈപ്പോൾ ഉപയോഗിച്ച് പ്രതിഫലകത്തിലേക്കായി പ്രസരിപ്പിക്കുന്നു. അവ അതിൽ തട്ടി പ്രതിഫലിച്ചാണ് അന്തരീക്ഷത്തിലേക്കു പ്രവഹിക്കുന്നത്.
അസന്തുലിതാവസ്ഥയിലുള്ള ഒരു ഫീഡ്ലൈൻ സംവിധാനത്തിലാണ് പൊതുവേ ഡിഷ് ആന്റിന പ്രവർത്തിപ്പിക്കുന്നത്. ഉയർന്ന ശക്തിയിലുള്ള സിഗ്നലുകൾ പ്രേഷണം ചെയ്യേണ്ട അവസരങ്ങളിൽ (ഉദാ. റഡാർ) ഫീഡ് സംവിധാനമാണുത്തമം, അതുപോലെ ഉപഗ്രഹ ടെലിവിഷൻ അഭിഗ്രഹണത്തിന് സമാക്ഷ കേബിളുകൾ ഉപയോഗിക്കുകയും വേണം.
ചിത്രശാല
[തിരുത്തുക]
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിഷ് ആന്റിന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |