ആല
മറ്റു പേര്: Aletina, Alina, Alosija, Alčina, Hala | |
---|---|
വിഭാഗം | ഐതിഹാസിക ജീവി |
രാജ്യം | സെർബിയ, വടക്കൻ മാസിഡോണിയ, ബൾഗേറിയ |
വാസസ്ഥലം | ആകാശം, മേഘം, കൊടുങ്കാറ്റ് |
സമാന ജീവികൾ | ഭൂതം |
ബൾഗേറിയ, മാസിഡോണിയ, സെർബിയ എന്നിവിടങ്ങളിലെ ജനങ്ങളുടെ നാടോടിക്കഥകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു കാല്പനിക സ്ത്രീസത്വമാണ് ആല അല്ലെങ്കിൽ ഹാല (ബഹുവചനം: ഏൽ അല്ലെങ്കിൽ ഹാലി). കൃഷിയിടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ഫലോദ്യാനങ്ങൾ എന്നിവയുടെ ദിശയിലേക്ക് ആലിപ്പഴം വർഷിക്കുന്ന, ഇടിമിന്നലുകളുടെ അകമ്പടിയോടെയുള്ള മഴമേഘങ്ങളെ അയച്ച് വിളകളെ നശിപ്പിക്കുകയോ കൊള്ളയടിച്ചു കൊണ്ടുപോകുകയോ ചെയ്യുന്ന മോശം കാലാവസ്ഥയുടെ ദുർദ്ദേവതകളാണിവർ. പ്രത്യേകിച്ച് കുട്ടികളെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അത്യാർത്തിക്കാരായ ഈ സത്വങ്ങളുടെ തീറ്റിഭ്രാന്ത് ഭൂമിയിൽ മാത്രം ഒതുങ്ങുന്നില്ല. ചിലപ്പോൾ സൂര്യനെയോ ചന്ദ്രനെയോ അത്യാർത്തിയോടെ വിഴുങ്ങാൻ ശ്രമിക്കുന്ന ഇവർ ഗ്രഹണത്തിന് കാരണമാവുകയും അവർ ഇതിൽ വിജയിക്കുന്നതോടെ ലോകാവസാനം സംഭവിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ആളുകൾ ഒരു ആലയെ നേരിടുന്ന വേളയിൽ അവരുടെ മാനസികമോ ശാരീരികമോ ആരോഗ്യാവസ്ഥയോ അല്ലെങ്കിൽ ജീവനോ പോലും അപകടത്തിലാകുന്നുവെന്നിരുന്നാലും, ബഹുമാനത്തോടും വിശ്വാസത്തോടും കൂടി അവളെ സമീപിക്കുന്നതിലൂടെ ആലയുടെ പ്രീതി നേടിയെടുക്കാൻ കഴിയും. ഒരു ആലയുമായി നല്ല ബന്ധത്തിൽ ഏർപ്പെടുന്നത് ഏറെ പ്രയോജനകരമാണ്, കാരണം അവൾ തനിക്കു പ്രീതിയുള്ളവരെ സമ്പന്നരാക്കുകയും കഷ്ടകാലങ്ങളിൽ അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
ഒരു ആലയുടെ രൂപം നാടോടിക്കഥകളിൽ വ്യത്യസ്തവും പലപ്പോഴും അവ്യക്തവുമാണ്. നാടോടിക്കഥകളിൽ വിവരിക്കുന്ന പ്രകാരമുള്ള ആല ഒരു ഇരുണ്ട കാറ്റ്, അവ്യക്തമല്ലാത്ത ഒരു രൂപത്തിന്റെ ഭീമാകാരമായ സൃഷ്ടി, കൂറ്റൻ വായയുള്ള, മനുഷ്യാകാരമുള്ള, അല്ലെങ്കിൽ പാമ്പിനേപ്പോലെയുള്ള രാക്ഷസൻ, ഒരു പെൺ വ്യാളി അല്ലെങ്കിൽ കരിങ്കാക്ക എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഉണ്ടാകാം. വിവിധ മനുഷ്യ, മൃഗ രൂപങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്ന ഒരു ആലയ്ക്ക്, ഒരു വ്യക്തിയുടെ ശരീരത്തിനുള്ളിൽ കുടികൊള്ളാനും കഴിയും. മോശം കാലാവസ്ഥയെക്കുറിക്കുന്ന സ്ലാവിക് ദുർദ്ദേവതയുടെ ഒരു സമന്വിയമായ രൂപവും ഒപ്പം സ്ലാവിക്ക് ജനതയ്ക്കു മുമ്പുള്ള മധ്യ ബാൽക്കൺ ജനതയ്ക്കിടയിലെ ഒരു സമാന ദുർദ്ദേവതയുമായതിനാലായിരിക്കാം ഈ സത്വം വൈവിധ്യമായ ആകാരത്തോടെ വർണ്ണിക്കപ്പെടുന്നതിന് കാരണം.[1] മനുഷ്യസമാനമായ ആലയെക്കുറിച്ചുള്ള നാടോടിക്കഥകളിൽ, അവളുടെ വ്യക്തിത്വം റഷ്യൻ ബാബ യാഗയുടേതിന് സമാനമാണ്. ആലകൾ മേഘങ്ങളിലോ തടാകത്തിലോ നീരുറവകളിലോ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന വിദൂര സ്ഥലത്തിലോ വനത്തിലോ വാസയോഗ്യമല്ലാത്ത പർവതത്തിലോ ഗുഹയിലോ ഭീമാകാരമായ വൃക്ഷത്തിലോ വസിക്കുന്നതായാണ് പറയപ്പെടുന്നത്.[2] ആലകൾ സാധാരണയായി മനുഷ്യരോട് വിദ്വേഷം പുലർത്തുന്നുണ്ടെങ്കിലും, ഡ്രാഗണുകളെപ്പോലെ അവരെ പരാജയപ്പെടുത്താൻ കഴിയുന്ന ശക്തരായ ശത്രുക്കളുമുണ്ട്. ക്രിസ്തീയവൽക്കരിക്കപ്പെട്ട കഥകളിൽ, വിശുദ്ധ ഏലിയാവ് വ്യാളികളുടെ പങ്ക് വഹിക്കുന്നുവെന്നിരുന്നാലും ചില സന്ദർഭങ്ങളിൽ വിശുദ്ധനും വ്യാളികളും ആലയ്ക്കെതിരേ ഒരുമിച്ച് യുദ്ധം ചെയ്യുന്നു. ആലയെ പ്രതിരോധിക്കുന്നവരായി കണക്കാക്കുന്ന കഴുകന്മാർ, അവയെ വയലുകളിൽ നിന്ന് തുരത്തിയോടിക്കുകയും ആലിപ്പഴ മേഘങ്ങൾ വയലുകളുടെ മുകളിലേക്ക് കൊണ്ടുവരുന്നതിൽ നിന്ന് അവയെ തടയുകയും ചെയ്യുന്നു.
ഉത്ഭവം
[തിരുത്തുക]ചില കാൽപ്പനിക ജീവികൾ എല്ലാ സ്ലാവിക് വംശജർക്കും പൊതുവായതാണെങ്കിലും, ബൾഗേറിയൻ, മാസിഡോണിയൻ, സെർബിയൻ നാടോടിക്കഥകളിൽ മാത്രമായുള്ളതാണ് ആല. എന്നിരുന്നാൽക്കൂടി, മറ്റ് സ്ലാവിക് ഗ്രൂപ്പുകൾക്കിടയിലും മോശം കാലാവസ്ഥയുടെ ദുർദ്ദേവതകളുണ്ടായിരുന്നു. കിഴക്കൻ സ്ലാവുകളിൽ, ബാബ യാഗ എന്ന് അറിയപ്പെട്ടിരുന്ന ഈ ദുർദ്ദവത, വലിയ മൂക്ക്, ഇരുമ്പ് പല്ലുകൾ, എഴുന്നുനിൽക്കുന്ന താടി എന്നിവയുള്ള ഭീമാകാരയായ ഒരു സ്ത്രീയായി സങ്കൽപ്പിക്കപ്പെടുകയും കുട്ടികളെ ഭക്ഷിക്കുന്നുവെന്നും വിശ്വസിക്കപ്പെട്ടു. അവളുടെ സാന്നിദ്ധ്യം ഇടിമിന്നലും തണുത്ത കാലാവസ്ഥയും വരുത്തിയിരുന്നതായും വിശ്വസിക്കപ്പെട്ടു. സാധാരണയായി കാറ്റ്, ഇരുട്ട്, മഴ എന്നിവയുടെ ഒരു പര്യായമായി കണക്കാക്കപ്പെടുന്ന ബാബ എന്ന പദം എല്ലാ സ്ലാവിക് ഗ്രൂപ്പുകളുടെയും ആചാരങ്ങളിലും വിശ്വാസങ്ങളിലും സ്ഥലനാമങ്ങളിലും കാണപ്പെടുന്നു. മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ബാബ എന്ന പേരിൽ ഒരു ആദിമ-സ്ലാവിക് ഈശ്വരാംശം അല്ലെങ്കിൽ പിശാച് ഉണ്ടായിരുന്നുവെന്ന് ചില പണ്ഡിതന്മാർ വിശ്വസിക്കാൻ ഇത് ഇടയാക്കി.[3]
വസന്തത്തിന്റെ തുടക്കത്തിൽ (ബാബ മാർത്ത, ബാബിൻ ജാർസി, ബാബിൻ ഹ്യൂക്ക് മുതലായ) മോശം കാലാവസ്ഥയെ പ്രകടിപ്പിക്കുന്ന വാക്കുകളിലൂടെ ആ ദുർദ്ദേവതയേക്കുറിച്ചുള്ള വിശ്വാസത്തിന്റെ അടയാളങ്ങൾ തെക്കൻ സ്ലാവുകൾക്കിടയിൽ കാത്തുസൂക്ഷിക്കപ്പെട്ടിരുന്നു. തങ്ങളുടെ പുരാതന ജന്മനാട്ടിൽ നിന്ന് ബാൾക്കനിലേക്ക് കൊണ്ടുവന്ന ഈ വിശ്വാസങ്ങൾ തദ്ദേശീയ ജനതയുമായി ചേർന്ന് ക്രമേണ ആലയെന്ന കഥാപാത്രമായി വളർന്നു. ആലയുടെ പ്രീ-സ്ലാവിക് ബാൽക്കൻ സ്രോതസായ vlva, ആലയെപ്പോലെ വിളകളെ നശിപ്പിക്കാൻ ആലിപ്പഴം വർഷിക്കുന്ന മേഘങ്ങളെ അയയ്ക്കുകയും, മരങ്ങൾ പിഴുതെറിയുകയും ചെയ്യുന്ന സെർബിയയിലെ വ്ലാച്ചുകളുടെ മോശം കാലാവസ്ഥയുടെ സ്ത്രീ ദുർദ്ദേവതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗ്രീക്ക് സ്ത്രീ ദുർദ്ദേവതയായ ലാമിയയും ആലയെന്ന കഥാപാത്രത്തിന്റെ വികാസത്തിൽ സംഭാവനകൾ നൽകിയിരിക്കാം. ആലയെപ്പോലെ, കുട്ടികളെ ഭക്ഷിക്കുന്ന അവളെയും ആർത്തിപ്പണ്ടാരം എന്ന് പേരിട്ടു വിളിക്കുന്നു. തെക്കൻ സെർബിയയിലും വടക്കൻ മാസിഡോണിയയിലും ലാമിയയിൽ നിന്ന് ഉരുത്തിരിഞ്ഞ ലാംജ, ആലയുടെ ഒരു പര്യായമാണ്.[4] ബൾഗേറിയൻ ലാമിയ ആലയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സൃഷ്ടിയായി തുടരുന്നുവെങ്കിലും അവളുമായി നിരവധി സാമ്യതകൾ പങ്കിടുന്നു.[5] മൃഗം, അർദ്ധമൃഗം മുതൽ മനുഷ്യസമാനമായ സങ്കൽപ്പങ്ങൾ വരെയുള്ള ഈ ദുർദ്ദേവതയുടെ രൂപത്തിലുള്ള നിരവധി വ്യതിയാനങ്ങൾ, ഈ പൈശാചിക ശക്തികളെക്കുറിച്ചുള്ള വിശ്വാസങ്ങളിൽ ഐക്യരൂപ്യമില്ലെന്ന് നമ്മോട് വെളിവാക്കുന്നു.[6]
അവലംബം
[തിരുത്തുക]- ↑ Zečević, Slobodan (1981). "Ала". Митска бића српских предања (in സെർബിയൻ). Belgrade: "Vuk Karadžić": Etnografski muzej. ISBN 978-0-585-04345-6.
- ↑ Беновска-Събкова, Милена. "Хала и Ламя" (in ബൾഗേറിയൻ). Детски танцов ансамбъл “Зорница”. Archived from the original on 2018-06-17. Retrieved 2008-03-16.
- ↑ Zečević, Slobodan (1981). "Ала". Митска бића српских предања (in സെർബിയൻ). Belgrade: "Vuk Karadžić": Etnografski muzej. ISBN 978-0-585-04345-6.
- ↑ Zečević, Slobodan (1981). "Ала". Митска бића српских предања (in സെർബിയൻ). Belgrade: "Vuk Karadžić": Etnografski muzej. ISBN 978-0-585-04345-6.
- ↑ Беновска-Събкова, Милена. "Хала и Ламя" (in ബൾഗേറിയൻ). Детски танцов ансамбъл “Зорница”. Archived from the original on 2018-06-17. Retrieved 2008-03-16.
- ↑ Zečević, Slobodan (1981). "Ала". Митска бића српских предања (in സെർബിയൻ). Belgrade: "Vuk Karadžić": Etnografski muzej. ISBN 978-0-585-04345-6.