ചക്ക
ചക്ക | |
---|---|
പ്ലാവും ചക്കയും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. heterophyllus
|
Binomial name | |
Artocarpus heterophyllus |
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ് ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus[1]. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിലാണ് ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്[2]. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ് ഉണ്ടാവുക. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" എന്ന് ഒരു പഴഞ്ചൊല്ല് മലയാളത്തിൽ പ്രചാരത്തിലുണ്ട്. തായ്ത്തടിയുടെ ഏറ്റവും ചുവട്ടിൽ കായ്ക്കുന്നത് ആസ്പദമാക്കിയാണ് ആ പഴഞ്ചൊല്ല്.
പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ പെക്ടിൻറ്റെ സമൃദ്ധ സ്രോതസ്സാണ് ചക്ക. പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്ത് കഴിക്കുന്നതോ പ്രമേഹം കുറയ്ക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.കേരളത്തിൽ ഒരു വർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ മലയാളികൾ 2% മാത്രമാണ് ഉപയോഗിക്കുന്നത്.
വളരെ വലിയ ഒരു പഴം ആണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം[3] വരെ തൂക്കവും, 90 സെന്റീമീറ്റർ വരെ നീളവും, 50 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂർച്ചയില്ലാത്ത മുള്ളുകൾ ഉള്ളതുമാണ്
ഫലത്തിനകത്ത് ചുളകളായാണ് പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും. ചുളകൾക്കിടയിൽ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം.
ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളയ്ക്ക് 3-5 മില്ലീമീറ്റർ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ഠമാണ്. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്.
വിവിധയിനം ചക്കകൾ
[തിരുത്തുക]പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകൾ ഉണ്ട്.
- വരിക്ക- വരിക്ക ചക്കയിൽ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ പല ഇനങ്ങളുണ്ട്.
- പഴംച്ചക്ക (ചിലയിടങ്ങളിൽ കൂഴച്ചക്കപ്ലാവ് എന്നും പറയും)
കൂഴ ചക്ക പഴുത്താൽ കുഴഞ്ഞിരിക്കും. എന്നാൽ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങൾ ഉണ്ടാകും.
ഉപയോഗം
[തിരുത്തുക]പഴുത്ത ചക്കച്ചുള പഴമായി തിന്നുന്നു. ജാം, മിഠായി, ഹലുവ എന്നിവയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. മൂപ്പെത്തിയ ചക്കച്ചുള പുഴുങ്ങിയും ഉലത്തിയും കഴിക്കുന്നു. [4]ഉലത്തിയ ചക്കക്കറി കഞ്ഞിയുടെ കൂടെ കഴിക്കുന്നത് സാധാരണമാണ്. പച്ച ചക്കച്ചുള അരിഞ്ഞ് എണ്ണയിലിട്ട് വറുത്ത് ചക്കവറുത്തതും നല്ല രുചിയുള്ളതാണ്. മലയായിൽ പഴുത്ത ചക്ക നെടുകെ ഛേദിച്ച് കുരുമാറ്റി ഐസ്ക്രീം ചേർത്ത് കഴിക്കുന്നു[അവലംബം ആവശ്യമാണ്]. ചക്ക ഉപയോഗിച്ച് മദ്യം ഉണ്ടാക്കാനും സാധിക്കും.[അവലംബം ആവശ്യമാണ്]
ഭക്ഷ്യസുരക്ഷ
[തിരുത്തുക]കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമങ്ങളെ നേരിടാൻ ചക്കയ്ക്ക് വലിയ ഒരു പങ്ക് വഹിക്കാനാവുമെന്ന് പഠനങ്ങൾ കാണിക്കുന്നു.[5]
ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ഏതു കാലാവസ്ഥയിലും കായ്ക്കുന്ന ഒരു പ്രത്യേക ഇനം പ്ലാവ് ഉണ്ടെന്നു പറയപ്പെടുന്നു. എന്നാൽ ഇതു കേരളത്തിൽ സാധാരണയല്ല. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതു മൂലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്.
വൻ വൃക്ഷങ്ങളുടെ മുകളിൽ പിടിക്കുന്ന ചക്ക കേടു കൂടാതെ അടർത്തി എടുക്കുന്നതിനുള്ള പ്രയാസവും ഒരു പ്രശ്നമാണ് കൂടാതെ ഇതിന്റെ അരക്ക് ഫലപ്രദമായി നീക്കം ചെയ്യാനും വലിയ ചക്ക പിളർന്നു ചുളയും കുരുവും എടുത്ത് പാകപ്പെടുത്തി എടുക്കുന്നതിലുള്ള അധ്വാനവും ഇതിന്റെ ഫലപ്രദമായ വിനിയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് കുടുംബശ്രീകൾ, മറ്റു സൂക്ഷ്മതല സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിൻ പുറങ്ങളിൽ സംരംഭങ്ങൾ ആരംഭിച്ചു വ്യാവസായികമായി ചക്കഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്കാവുന്നതാണ്. പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവർഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താവുന്നതാണ്.
ചക്കക്കുരു
[തിരുത്തുക]ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും,ജ്യൂസ്,വട എന്നിവ വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്. എന്നാൽ, ചക്കക്കുരു കൂടുതൽ കഴിച്ചാൽ ഗ്യാസ്ട്രബിളിനു സാധ്യത ഉണ്ട്.
ഇടിച്ചക്ക
[തിരുത്തുക]ചക്ക വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക. ഇടിച്ചക്ക ഉപയോഗിച്ച് തോരനും മറ്റും വെക്കാറുണ്ട്.
പിഞ്ചു ചക്ക പുറംതോടു മാത്രം (മുള്ളും പച്ച നിറവും ഉള്ള ഭാഗം മാത്രം) ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേർത്തു കൊച്ചു കഷണങ്ങളാക്കി വെള്ളം ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങൾ അരകല്ലിൽ അല്ലെങ്കിൽ ഉരലിൽ ഇട്ട് ഇടിച്ചു പൊടിയാക്കി തോരൻ വെയ്ക്കുന്നു. അതു കൊണ്ടാണ് ഇടിച്ചക്കത്തോരൻ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്.[അവലംബം ആവശ്യമാണ്] പുറം തോടുകളഞ്ഞ പിഞ്ചു ചക്ക കൊത്തി അരിഞ്ഞും തോരൻ വെയ്ക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന തോരൻ പരമാവധി വെള്ളം വറ്റിച്ച് തോരനാക്കിയാൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
ആരോഗ്യ ഗുണങ്ങൾ
[തിരുത്തുക]ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക്
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ചക്ക മിതമായ അളവിൽ കഴിക്കുന്നത് ഗുണകരമാണ്. ഈ പഴത്തിൽ പൊട്ടാസ്യത്തിന്റെ അംശം കൂടുതലായതിനാൽ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാൻ ഇത് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു എന്നതാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദം മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളെയും നിയന്ത്രിക്കും.
ദഹന പ്രശ്നങ്ങൾ
ചക്കപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ, ഈ പഴം പതിവായി കഴിക്കുന്നതിലൂടെ, ദഹന പ്രക്രിയകൾ ശരിയായി നടക്കും. ദഹനക്കേട്, മലബന്ധം എന്നിവയുടെ പ്രശ്നം ക്രമേണ അപ്രത്യക്ഷമാകും. ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ഇതിൽ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും.
വൈറ്റമിനുകൾ
ഇതിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചക്ക. വൈറ്റമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ചക്ക കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിൻ സിയും പ്രതിരോധശേഷി വർധിപ്പിക്കാനും നല്ലതാണ്. പലർക്കും ചക്കയിൽ ഇത്രയുമധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ല എന്നതാണ് സത്യം.
ചില ചക്ക വിഭവങ്ങൾ
[തിരുത്തുക]മലയാളികളുടെ ഇഷ്ട ഫലമായ ചക്ക കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. പച്ച ചക്ക ഉപയോഗിച്ച് കൂട്ടാൻ , പുഴുക്ക്, ഉപ്പേരി, ചക്കപ്പൊരി , ചക്ക ലോലി പോപ് (chakka lollipop),കട്ലറ്റ്,പക്കോട,ഹൽവ,വൈൻ ഇവെല്ലാം ഉണ്ടാക്കാം. കൂടാതെ ചക്കക്കുരു ഉപയോഗിച്ച് കറി , ഉപ്പേരി, പൊരി, കട് ലറ്റ്, എന്നിങ്ങനെ വിഭവങ്ങൾ തയ്യാറാക്കാം .[6]
പോഷക മൂല്യം
[തിരുത്തുക]പച്ച ചക്കച്ചുള (165 ഗ്രാമിൽ)[7] | പഴുത്ത ചക്കച്ചുള (100 ഗ്രാമിൽ)[8] | ചക്കക്കുരു (100 ഗ്രാമിൽ) | |
---|---|---|---|
ഈർപ്പം | 121 ഗ്രാം | 73.23 ഗ്രാം | 51.6 - 57.7 ഗ്രാം |
ഊർജ്ജം | 155 കിലോ കാലറി | 94 കിലോ കാലറി | 297 കിലോ കാലറി |
കാർബോഹൈഡ്രേറ്റ് | 39.6 ഗ്രാം | 24.01 ഗ്രാം | 38.4 ഗ്രാം |
നാരുകൾ | 2.6 ഗ്രാം | 1.6 ഗ്രാം | 1.5 ഗ്രാം |
കൊഴുപ്പ് | 0.5 ഗ്രാം | 0.3 ഗ്രാം | 0.4 ഗ്രാം |
മാംസ്യം | 2.4 ഗ്രാം | 1.47 ഗ്രാം | 6.6 ഗ്രാം |
ജീവകം എ | 490 ഐ യു | 15 മൈക്രോ ഗ്രാം | |
ജീവകം സി | 11.1 മി ഗ്രാം | 6.7 മി ഗ്രാം | |
റൈബോഫ്ലേവിൻ | 0.2 മി ഗ്രാം | 0.11 മി ഗ്രാം | |
നിയാസിൻ | 0.7 മി ഗ്രാം | ||
ജീവകം ബി6 | 0.2 മി ഗ്രാം | 0.108 മി ഗ്രാം | |
ഫോളേറ്റ് | 23.1 മൈക്രോ ഗ്രാം | ||
കാത്സ്യം | 56.1 മി ഗ്രാം | 34 മി ഗ്രാം | 0.099 മി ഗ്രാം |
ഇരുമ്പ് | 1.0 മി ഗ്രാം | 0.6 മി ഗ്രാം | 0.670 മി ഗ്രാം |
മഗ്നീഷ്യം | 61.1 മി ഗ്രാം | 37 മി ഗ്രാം | |
ഫോസ്ഫറസ് | 59.4 മി ഗ്രാം | 36 മി ഗ്രാം | 46.6 മി ഗ്രാം |
പൊട്ടാസ്സ്യം | 500 മി ഗ്രാം | 303 മി ഗ്രാം | 1.21 മി ഗ്രാം |
സോഡിയം | 5.0 മി ഗ്രാം | 3 മി ഗ്രാം | 0.025 മി ഗ്രാം |
സിങ്ക് | 0.7 മി ഗ്രാം | 0.42 മി ഗ്രാം | 0.73 മി ഗ്രാം |
ചെമ്പ് | 0.3 മി ഗ്രാം | 0.187 മി ഗ്രാം | 0.705 മി ഗ്രാം |
മാങ്കനീസ് | 0.3 മി ഗ്രാം | 0.197 മി ഗ്രാം | |
സെലിനിയം | 1.0 മൈക്രോ ഗ്രാം |
വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവ്
[തിരുത്തുക]നടീൽ കഴിഞ്ഞ് അതേ വർഷം തന്നെ കുലവെട്ടുന്ന വാഴയുടെയും മറ്റും ഗണത്തിലേക്ക് കൂട്ടാവുന്ന പ്ലാവാണ് വിയറ്റ്‌നാം സൂപ്പർ ഏർലി. എന്നാൽ മറ്റു തന്നാണ്ടു വിളകളെപ്പോലെ ഒരു വർഷം കൊണ്ട് ഈ പ്ലാവിനം കാലഗതിയടയുന്നതുമില്ല. ഒരു പുരുഷായുസോളം മണ്ണിൽ വേരുറപ്പിച്ചു നിന്നു വിളവു തരാൻ വിയറ്റ്‌നാം സൂപ്പർ ഏർലിക്കു സാധിക്കും. വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനെക്കാൾ മികച്ചൊരു ഇനം കണ്ടെത്താൻ സാധിക്കില്ല. കാരണം ഇതിന്റെ ചെറിയ വലുപ്പം തന്നെ. ചുവടുകൾ തമ്മിലും നിരകൾ തമ്മിലും വെറും പത്തടി അകലം വീതം കൊടുത്താൽ മതി. അതായത് ഒരേക്കർ സ്ഥലത്ത് 450 പ്ലാവുകൾ വരെ കൃഷി ചെയ്യാം. ഒന്നാം വർഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവിൽ ഒരു സീസണിൽ വിളയുന്നതെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വിളവ് ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കും. അഞ്ചു വർഷത്തെ വളർച്ചയെത്തുമ്പോൾ ഒരേക്കറിൽ നിന്ന് 25-45 ടൺ വിളവാണു ലഭിക്കുക.
സൂപ്പർ ഏർലി പ്ലാവിന്റെ നല്ല വളർച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്. 25-38 ഡിഗ്രി സെൽഷ്യസ് താപനില, പ്രതിവർഷം 1000-3000 മില്ലിമീറ്റർ മഴ, സമുദ്രനിരപ്പിൽ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനൽക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പർ ഏർലി പ്ലാവിന്റെ വളർച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങൾ.
നടീൽ
ഒന്നരയടി താഴ്ചയിൽ ഒരു കുഴിയെടുക്കുക. മൺനിരപ്പിനു മുകളിലേക്ക് ഒന്നരയടി ഉയരത്തിൽ കുഴിക്കു ചുറ്റലുമായി തടമെടുക്കുക. കുഴിയെടുത്തപ്പോൾ ലഭിച്ച മേൽമണ്ണുമായി പത്തു കിലോഗ്രാം ചാണകപ്പൊടി, ഒരു കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, അര കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ നന്നായി ഇളക്കിച്ചേർത്ത മിശ്രിതം കൊണ്ട് കുഴി മൺനിരപ്പു വരെ മൂടുക. ഇതിനു മധ്യത്തിലായി തൈ നടുന്നതിനുള്ള ചെറിയൊരു കുഴി അഥവാ പിള്ളക്കുഴിയെടുക്കുക. നടുമ്പോൾ സൂപ്പർ ഏർലി പ്ലാവിന്റെ ഒട്ടുസന്ധി മണ്ണിന്റെ നിരപ്പിനു മുകളിലാണെന്ന് ഉറപ്പാക്കുക. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് കോപ്പർ ഓക്‌സി ക്ലോറൈഡ് അല്ലെങ്കിൽ സാഫ് രണ്ടു ഗ്രാം ഒരു ലിറ്ററിന് എന്ന തോതിൽ നേർപ്പിച്ച് തൈയുടെ ഇലയിലും തണ്ടിലും തളിച്ചുകൊടുക്കുക. ആൺപൂക്കളായിരിക്കും ആദ്യം വിരിയുക. പിന്നീട് പെൺപൂക്കളും വിരിയും. പരാഗണം നടന്ന് ചക്ക വിരിഞ്ഞ് അതു മൂപ്പെത്തുന്നതിന് 120-150 ദിവസം വേണ്ടിവരും. പരാഗണം ശരിയായ രീതിയിൽ നടക്കുന്നതിന് തോട്ടത്തിൽ രണ്ടു പ്ലാവെങ്കിലും നടുന്നതാണ് നല്ലത്. സാധാരണയായി സൂപ്പർ ഏർലി പ്ലാവിന് കമ്പുകോതൽ ആവശ്യമായി വരില്ല. അല്ലാതെ തന്നെ പതിനഞ്ചടി ഉയരത്തിൽ പ്ലാവ് സ്വയം വളർച്ച ക്രമീകരിക്കുന്നതാണ് കാണുന്നത്.
ജലസേചനം
പ്ലാവിന് സാധാരണയായി ജലസേചനത്തിന്റെ അവശ്യം നേരിടാറില്ല. അത്രമേൽ കടുത്ത ഉണക്കാണെങ്കിൽ മാത്രം ഉൽപാദനക്ഷമത കുറയാതിരിക്കാൻ ചെറുതായി നനച്ചുകൊടുക്കാം. എന്തുതന്നെയായാലും പ്ലാവിന്റെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളക്കെട്ടുണ്ടായാൽ കുമിൾരോഗങ്ങൾക്കു സാധ്യതയേറെയാണ്.
വളപ്രയോഗം
സൂപ്പർ ഏർലി പ്ലാവുകൾ വള പ്രയോഗത്തോട് നന്നായി പ്രതികരിക്കുന്നതായി കണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു വർഷം മഴക്കാലത്തിന്റെ തുടക്കത്തിൽ പത്തു കിലോഗ്രാം ജൈവവളം ചേർത്തു കൊടുക്കണം. പിന്നീട് മൂന്നു തവണയായി എൻപികെ വളം അഞ്ഞൂറു ഗ്രാം വീതം നൽകണം. മൂന്നാം വർഷവും നാലാം വർഷവും ജൈവവളം 20 കിലോഗ്രാം വീതം നൽകണം. എൻപികെ ഒരു കിലോഗ്രാം. അഞ്ചു മുതൽ ഏഴുവരെ വർഷങ്ങളിൽ ജൈവവളം അറുപതു കിലോഗ്രാം വേണം. എൻപികെ ഒന്നര കിലോഗ്രാമും. എട്ടാം വർഷം മുതൽ ജൈവ വളത്തിന്റെ അളവ് എൺപതു കിലോഗ്രാമായി ഉയർത്തണം. എൻപികെ രണ്ടു കിലോഗ്രാം വീതം മതിയാകും. ചക്കലഭിക്കുന്നതിന്റെ സീസൺ അനുസരിച്ച് നാലു തവണയായി പ്രത്യേക വളപ്രയോഗത്തിനും ശുപാർശയുണ്ട്. പൂവിടുന്ന സമയത്ത് സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) നാലു ഗ്രാം ഒരു ലിറ്റർ എന്ന തോതിലും സൂക്ഷ്മൂലക മിശ്രിതമായ ബ്രക്‌സിൽ രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും നേർപ്പിച്ചു തളിച്ചുകൊടുക്കണം. ചക്ക വിരിയുന്ന സമയത്ത് എസ്ഒപി നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തളിക്കണം. വിളവെടുപ്പിനു മുമ്പായി മോണോ പൊട്ടാസിയം ഫോസ്‌ഫേറ്റ് നാലു മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു തളിക്കണം. വിളവെടുപ്പിനു ശേഷം 19-19 വളക്കൂട്ട് നാലുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും സൂക്ഷ്മമൂലക മിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും നേർപ്പിച്ച് തളിക്കണം. ഈ സമയത്ത് പ്ലാവിന്റെ വളർച്ചയനുസരിച്ച് മരമൊന്നിന് ഡോളൊമൈറ്റ് 150-500 ഗ്രാം വീതം ചുവട്ടിലിട്ടുകൊടുക്കുന്നതും നല്ലതാണ്.
രോഗങ്ങളും കീടങ്ങളും
വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവിന്റെ ബഡ് തൈകളുണ്ടാക്കുന്നതിന് നാടൻ പ്ലാവിനങ്ങളുടെ വിത്തു തൈകൾ തന്നെ ഉപയോഗിക്കുന്നതിനാൽ രോഗങ്ങൾക്കെതിരേ സ്വാഭാവികമായി മികച്ച രീതിയിലുള്ള പ്രതിരോധശേഷിയാണുള്ളത്. എന്നിരിക്കിലും മണ്ണിന്റെ അമ്ല-ക്ഷാര നില (5.5-7 പിഎച്ചാണ് ഏറ്റവും ആശാസ്യമായത്), ഉയർന്ന ലവണാംശം, താഴ്ന്ന സി/എൻ അനുപാതം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മണ്ണിൽ രോഗാണുക്കളുടെ വർധനയ്ക്കു പറ്റിയ സാഹചര്യമൊരുക്കാൻ ഈ സാഹചര്യങ്ങൾക്കു സാധിക്കും. പ്ലാവിന് അതു ദോഷമായി മാറുകയും ചെയ്യും. പൊതുവേ ഏതു രോഗത്തെയും കീടത്തെയും ജൈവിക മാർഗങ്ങളിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതേയുള്ളൂ. ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ശുപാർശ ചെയ്തിരിക്കുന്നതിനെക്കാൾ വലിയ കുഴികളാണ് നടാനെടുക്കുന്നതെങ്കിൽ കാറ്റുമൂലമുള്ള നാശനഷ്ടത്തിനു സാധ്യതയുണ്ട്. അതുപോലെ തൈയുടെ ചുറ്റിലുമുള്ള മണ്ണ് വേണ്ട രീതിയിൽ ഉറപ്പിച്ചിട്ടില്ലെങ്കിൽ വേരുരോഗത്തിനു സാധ്യതയുണ്ട്. വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവ് വലിയ തോതിൽ പൂവിടുന്നതും അതിനനുസരിച്ച് ചക്ക പിടിക്കുന്നതുമാണ്. മൊത്തത്തിലുള്ള വിളവിന്റെ ഗുണമേന്മയെ ഇക്കാര്യങ്ങൾ ദോഷമായി ബാധിക്കാനിടയുണ്ട്. പൂർണ വളർച്ചയെത്തിയ ഒരു പ്ലാവിൽ 5-8 ചക്ക മാത്രം നിലനിർത്തുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഇടിച്ചക്ക പരുവത്തിൽ നിശ്ചിത എണ്ണത്തിലധികമുള്ള ചക്കകൾ നീക്കം ചെയ്യുന്നതിനു ശുപാർശ ചെയ്തിരിക്കുന്നു. ഇവ ഇടിച്ചക്കയെന്ന നിലയിൽ വിപണനം നടത്തുകയും ചെയ്യാം.
ചക്കകളുടെ വൈരൂപ്യം
വളരെ നേരത്തെ ചക്കവിരിയുന്ന സ്വഭാവവും വളരെ കൂടുതൽ ചക്കകളുണ്ടാകുന്ന സ്വഭാവവും നിമിത്തം കുറേ ചക്കകൾ വിരൂപമായി മാറുന്നതു കണ്ടുവരാറുണ്ട്. കാലാവസ്ഥ, മണ്ണിന്റെ പ്രതികൂല സ്വഭാവം, ചില പ്രത്യേക ഭൂഘടനകൾ, പോഷക പ്രശ്‌നങ്ങൾ എന്നിവയാണ് ഈ അവസ്ഥയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. മരങ്ങൾ പ്രായമാകുന്നതനുസരിച്ച് ഇത്തരം പ്രശ്‌നങ്ങൾ കുറയുന്നതായും കണ്ടുവരുന്നു. ശരിയായ രീതിയിൽ പരാഗണം നടക്കുന്നുവെന്നുറപ്പാക്കിയും ചക്കവിരിയുന്ന സമയത്ത് നൈട്രജൻ വളങ്ങളുടെ അളവു കുറച്ചും പോഷകങ്ങളിലെ അസന്തുലിതാവസ്ഥ ഒഴിവാക്കിയും ഈ പ്രശ്‌നം ഒരു പരിധി വരെ നിയന്ത്രിക്കാം. ഒരു മരത്തിൽ പരമാവധി അഞ്ചു ചക്കകൾ മാത്രം നിർത്തി ശേഷിക്കുന്നവ നീക്കം ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാം. മരം വളർച്ച പ്രാപിക്കുന്നതനുസരിച്ച് ക്രമേണ ഈ പ്രശ്‌നങ്ങൾ പരിഹൃതമായിക്കൊള്ളും.
ചക്കയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ
[തിരുത്തുക]- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
- ഒരു ചക്കവീണ് മുയൽ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയൽ ചാകണമെന്നില്ല.
- ഗ്രഹണി പിടിച്ചവർക്ക് ചക്ക കൂട്ടാൻ കിട്ടിയ പോലെ.
- അഴകുള്ള ചക്കയിൽ ചുളയില്ല.
- ചക്കകൊണ്ട് തന്നെ ചുക്കുവെള്ളം.
ചിത്രശാല
[തിരുത്തുക]-
RARS, Ambalavayal
-
തേങ്ങച്ചക്ക - ഒരു തേങ്ങയുടെ വലിപ്പമേയുള്ളൂ
-
ചക്കകൾ തായ്തടിയിലും ശിഖിരങ്ങളിലുമാണുണ്ടാകുന്നത്
-
തായ്തടിയിലും ശിഖിരങ്ങളിലും പുതിയ ഇതളുകൾ
-
ചക്കക്കുരു ആവരണം ചെയ്തിരിക്കുന്ന പോള
-
വെളിഞ്ഞീൻ കോല്
-
വെളിഞ്ഞീൻ, ചക്കപാൽ, ചക്കരക്ക്, മുളഞ്ഞ്
-
ചക്ക കുറുകെ മുറിച്ചത്
-
ചക്ക ചുളകൾ
-
ചക്കക്കുരു മുളച്ചത്
-
ചവിണി, പൂഞ്ചി
-
പ്ലാവ്, പിലാവ്
-
ചക്കയുടെ കുരുന്ന്
-
കുരുന്ന് ചക്ക
-
ചക്കയുടെ വലിപ്പം,നീളം,വീതി എന്നിവ വ്യക്തമാക്കുന്നു
-
ചക്കച്ചുള
-
ചക്കക്കുരു
-
വടക്കൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന ചക്കകൾ
-
ചക്കയുടെ പുറം തൊലി
-
പഴുക്കാറായ ചക്ക
-
ചക്ക വറുത്തത്
-
ചക്ക വറുത്തത്
-
ചക്കച്ചുള
-
പഴഞ്ചക്ക
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-07. Retrieved 2008-07-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-18. Retrieved 2008-07-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-16. Retrieved 2010-06-03.
- ↑ "Vishu Sadya Recipes". Archived from the original on 2019-04-11.
- ↑ http://www.theguardian.com/environment/2014/apr/23/jackfruit-miracle-crop-climate-change-food-security
- ↑ ചക്ക സംസ്കരണം, കൃഷി വിജ്ഞാന കേന്ദ്രം, സദാനന്ദപുരം, കൊട്ടാരക്കര, പാംഫ് ലെറ്റ്
- ↑ പോഷക മൂല്യ വിവരങ്ങൾ
- ↑ ദി ഫ്രൂട്ട് ബുക്ക്
കുറിപ്പുകൾ
[തിരുത്തുക]മധ്യ കേരളത്തിൽ ചക്ക എന്ന വാക്ക് സ്ത്രീ ജനനേന്ദ്രിയത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട് (സഭ്യമല്ല)